കാന്‍വാസില്‍ ബ്രഷ് ഒഴുകിയിറങ്ങുമ്പോള്‍ വിരിയുന്നത് മനോഹരമായ റിയലിസ്റ്റിക് ചിത്രങ്ങളാണ്. സുന്ദരമായ പ്രകൃതി ദൃശ്യങ്ങള്‍, മനുഷ്യരും പ്രകൃതിയുമായുള്ള ബന്ധം, കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍,.. അങ്ങനെ നീളുന്നു പ്രേംകുമാറിന്റെ ചിത്രങ്ങള്‍…
മനുഷ്യന് മനസിലാകാത്ത രീതിയില്‍ വെറുതേ വരയും കുറിയും കോറി അതിന് ഒരു പേരുമിട്ടാല്‍ ചിത്രകലയാവില്ല. അവ സാധാരണക്കാര്‍ക്കുപോലും മനസിലാകണം, അവര്‍ ആസ്വദിക്കണം. ആസ്വാദകരില്ലെങ്കില്‍ കലയും ഇല്ല… എന്തുകൊണ്ട് റിയലിസ്റ്റിക് ചിത്രങ്ങള്‍ വരയ്ക്കുന്നുവെന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. വരകളില്‍ ദുരൂഹത ഏറെയായതോടെയാണ് ചിത്രകല സാധാരണക്കാരില്‍ നിന്ന് അകന്നുതുടങ്ങിയത്, പ്രേംകുമാര്‍ പറയുന്നു.
ഫോട്ടോഗ്രഫിയുള്ളപ്പോള് റിയലിസ്റ്റിക് ചിത്രരചന ആവശ്യമുണ്ടോ? ചിത്രകാരന്റെ ഭാവനയിലുള്ള രൂപം ക്യാമറയില്‍ എങ്ങനെ എടുക്കുമെന്നായിരുന്നു അര്‍ത്ഥവത്തായ മറുചോദ്യം. ശരിയാണ് കാണുന്നതെല്ലാം ക്യാമറ പകര്‍ത്തും. പക്ഷെ കാണാത്തതെങ്ങനെ പകര്‍ത്താന്‍ കഴിയും. മനസിലുള്ള രൂപത്തിന് ഭാവവും ഭംഗിയും വര്‍ണ്ണവും പകരാന്‍ ചിത്രകാരന്റെ ഭാവനയ്ക്കേ കഴിയൂ. അമൂര്‍ത്തങ്ങളായ (ആബ്സ്ട്രാക്ട്) ചിത്രങ്ങളും ധാരാളമായി വരച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നും ദുരൂഹതയുടെ ആഴങ്ങളിലേക്ക് കാഴ്ചക്കാരെ വലിച്ചെറിയുന്നില്ല.
കല ഹൃദയത്തില്‍ നിന്ന്
കല തലച്ചോറില്‍ നിന്നല്ല ഹൃദയത്തില്നിന്നുവേണം വരാന്‍. എങ്കിലേ അത് ആസ്വാദ്യകരമാകൂ. ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ് നാം കല ആസ്വദിക്കുന്നത്. അല്ലാത്ത കല ഒരു പ്രചോദനവും സൃഷ്ടിക്കുന്നില്ല. കലയെ ബൗദ്ധികതലത്തില്‍ എത്തിച്ച് ജനങ്ങളില്‍ നിന്ന് അകറ്റിയതിനെതിരെ തുറന്നടിക്കാന്‍ പ്രേംകുമാറിന് മടിയേതുമില്ല.
ഒരുവേളയെങ്കിലും നിങ്ങള്‍ മുമ്പിലുള്ള കലാസൃഷ്ടിയെ, പരിസരം മറന്ന്, അവനവനെത്തന്നെ മറന്ന്, സ്തബ്ധരായി നിന്ന് ആസ്വദിച്ചിട്ടുണ്ടോ, അവിടെ ആ കലാകാരന് വിജയിച്ചു. ആ സൃഷ്ടി അവന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നാണ് അതിന്റെയര്‍ത്ഥം. അത്തരം കലയാണ് ഉദാത്തം. കല ലളിതമാകണം. ആസ്വാദകന് ഒരു ചിത്രം കണ്ട് അതിന്റെ ദുരൂഹതയിലേക്ക് ചിന്തിച്ച് തലപുകയേണ്ട ആവശ്യമില്ല. അത്തരം ചിത്രം അവര്‍ കാണുകയുമില്ല. ”എന്റെ ചിത്രം ജനങ്ങള്‍ കാണണം. ആസ്വദിക്കണം. അതിലാണ് എന്റെ വിജയം”… ഉണ്ണിയെന്ന പ്രേംകുമാര്‍ പറയുന്നു.
നിഴലും വെളിച്ചവും
നിഴലും വെളിച്ചവും ഇല്ലെങ്കില്‍ ലോകമില്ല. ഇവയുടെ സമന്വയമാണ് ലോകത്തെ മനോഹരമാക്കുന്നതും. പ്രഭാതവും പ്രദോഷവും സായംസന്ധ്യയും പുലരിയും എല്ലാം സുന്ദരമാകുന്നത് ഇവയുടെ സമന്വയത്താലാണ്. പ്രേംകുമാറിന്റെ ജനശ്രദ്ധ പിടിച്ചുപറ്റിയ മിക്ക ചിത്രങ്ങളിലും നിഴലും വെളിച്ചവും തമ്മിലുള്ള ഈ സമന്വയം നമുക്ക് കാണാം.
സംശയമുണ്ടെങ്കില്‍ വിളക്കേന്തിയ വനിത (ലേഡി വിത്ത് ലാമ്പ്) എന്ന ചിത്രം ഒന്നു കണ്ടു നോക്കുക. മണ്‍ചെരാതുകള്‍ പ്രഭ തൂകുന്ന വെള്ളിത്താലം ഏന്തിയ സുന്ദരിയാണ് ചിത്രത്തില്‍. പൂക്കള്‍ നിറഞ്ഞ ആ താലത്തില്‍ നിന്ന് പടര്‍ന്നിറങ്ങുന്ന വെളിച്ചമാണ് യുവതിയെ സുന്ദരിയാക്കുന്നതും ആ മുഖത്തിന് അഭൗമമായ തേജസ് പകര്‍ന്നു നല്‍കുന്നതും.
നമ്മെ അത്രയേറെ ആകര്‍ഷിക്കുന്ന രചന തന്നെയാണിത്. പ്രേംകുമാറിന്റെ ഏറ്റവും ശ്രദ്ധേയമായ, പ്രിന്റുകള്‍ ഏറ്റവുമധികം വിറ്റുപോയ ചിത്രങ്ങളില്‍ ഒന്നാണിത്. 28 വര്‍ഷം മുമ്പ് വരച്ച ചിത്രമാണിത്. വളരെക്കഴിഞ്ഞാണ് ഇതിന് ആവശ്യക്കാര്‍ ഏറിത്തുടങ്ങിയത്. വിദേശത്താണ് ആവശ്യക്കാര്‍ ഏറെ. ഒന്നര വര്‍ഷമെടുത്താണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്. അടുത്തിടെ ജന്മഭൂമി മിത്രത്തില്‍ ഒരു കവിതയ്ക്കൊപ്പം ഈ ചിത്രം നല്‍കിയിരുന്നു.
പ്രിന്‍സസ് വിത്ത് കാന്‍ഡില്‍സ്, റിഫഌക്ഷന്‍ ഓഫ് ദ സണ്‍സെറ്റ്, കാമല്‍സ് ഇന്‍ ദ ടൈ്വലൈറ്റ് സോണ്‍ തുടങ്ങിയവയെല്ലാം നിഴലും വെളിച്ചവും മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നവയാണ്.
സ്പീഡ് ആന്‍ഡ് റിഥം
വേഗത സൗന്ദര്യമാണ്. ഈ സൗന്ദര്യം കാന്‍വാസില്‍ പകരാന്‍ ചിത്രകാരന് കഴിയുമോ… 2007ല്‍ വരച്ച നര്‍ത്തകി ഈ സംശവും തീര്‍ത്തു തരും. സംഗീതത്തിന്റെ ദ്രുതതാളത്തിനൊപ്പിച്ച് ചുവടുവയ്ക്കുന്ന കഥക് നര്‍ത്തകി. പട്ടുടയാടകള്‍ ഉലയുന്നതിന്റെ നേര്‍ത്ത ശബ്ദം വരെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്ന അനുഭവമാണ് ഇതുണ്ടാക്കുന്നത്.
ലേഡി ആന്‍ഡ് ദ ടൈഗര്‍
മുമ്പൊക്കെ പെണ്‍കിടാങ്ങളെ നാണംകുണുങ്ങികളായ മാന്പേടകളായാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്നത്തെ കാലത്തിന് ഇതു ഒട്ടും അനുയോജ്യമല്ല. പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും പെരുകുന്ന കാലത്ത്, സ്ത്രീകള്‍ തന്റേടത്തോടെ അഭിപ്രായങ്ങള്‍ തുറന്നു പറയുകയും പല രംഗങ്ങളിലും നേതൃസ്ഥാനത്തുതന്നെ എത്തുകയും ചെയ്യുന്ന കാലത്ത് അവള് കടുവ തന്നെയാണെന്നാണ് പ്രേംകുമാര്‍ പറയുന്നത്. ഈ ആശയമുള്‍ക്കൊണ്ടുള്ളതാണ് ലേഡി ആന്‍ഡ് ദ ടൈഗര്‍ എന്ന ചിത്രം. കടുവയുടെ മുഖത്തില്‍ ഒളിഞ്ഞിരിക്കുന്നത് സ്ത്രീയുടെ സുന്ദരമുഖമാണ്.
ബ്രഷിന്റെ വരയില്ലാത്ത രചന
ഏതു ചിത്രത്തിലുമുണ്ടാകും ബ്രഷിന്റെ പാടുകള്‍ അഥവാ ബ്രഷ് സ്ട്രോക്ക്. പലപ്പോഴും പെയിന്റിംഗിന്റെ ചാരുത ഇത് കുറയ്ക്കുന്നുണ്ട്. ഇത് ആസ്വാദനത്തിനുള്ള ഒരു തടസവുമാണ്. പ്രേംകുമാറിന്റെ പെയിന്റിംഗില്‍ ഇതില്ലായെന്നതാണ് പ്രത്യേകത. സാധാരണപരുക്കന് ബ്രഷാണ് പ്രേം ഉപയോഗിക്കുന്നത്. ബഷ്ര് സ്ട്രോക്ക് ഇല്ലാതിരിക്കാന്‍ ഒരു പ്രത്യേക ടെക്നിക്കാണ് പ്രയോഗിക്കുന്നത്. ബ്രഷിന്റെ പാടുകളില്ലാത്തതിനാല്‍ ഫോട്ടോയുടെ സമഗ്രതയാണ് പെയിന്റിംഗിനു ലഭിക്കുന്നത്. ഫോട്ടോഗ്രഫിയിലുള്ളതുപോലെ ഹൈ ഡെഫനിഷന്‍ ഇനി പെയിന്റിംഗിലുമുണ്ടാകുമെന്നാണ് പ്രേംകുമാറിന്റെ പ്രവചനം.
ഇറ്റാലിയന്‍ കാന്‍വാസില്‍ എണ്ണച്ചായത്തിലാണ് പ്രേം വരയ്ക്കുന്നത്. ഒപ്പം ആക്രിലിക്കും ഉപയോഗിക്കുന്നുണ്ട്. ലേഡി ആന്‍ഡ് ദ ടൈഗര്‍ എന്ന ചിത്രത്തില്‍ കടുവയുടെ പരുക്കന്‍ സ്വഭാവം വെളിവാക്കാന്‍ ആക്രിലിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍പ്പോലും ബ്രഷിന്റെ പാടുകളില്ല.
റെയിന്‍ ഡ്രോപ്പ് സ്റ്റൈല്‍
മഴ ഒരനുഭൂതിയാണ്. പൊഴിയുന്ന മഴത്തുള്ളികള്‍ അതിമനോഹരമായ ഒരു കാഴ്ചയും. പ്രിന്‍സസ് വിത്ത് കാന്‍ഡില്‍സ് എന്ന ചിത്രം വര്‍ണ്ണ മഴത്തുള്ളികള്‍ പൊഴിയുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. പെയ്തിറങ്ങുന്ന നിറച്ചാര്‍ത്തില്‍ നിഴലുണ്ട്, വെളിച്ചമുണ്ട്, വെള്ളത്തുള്ളികളുടെ മുഗ്ധസൗന്ദര്യമുണ്ട്.
പരിസ്ഥിതി
മണ്ണും മനസും ഊഷരമാകുന്ന സമയത്ത് പച്ചനിറത്തിന് മനസിന് കുളിര്‍മയേകാന്‍ കഴിയും. താമരപ്പൊയ്കയിലെ പെണ്‍കുട്ടിയെന്ന ചിത്രമാണ് ഉത്തമ ഉദാഹരണം. അനന്തതയിലേക്ക് നീളുന്ന പൊയ്കയില്‍ നൂറുകണക്കിന് ചുവന്ന താമരപ്പൂക്കളും അവയുടെ പച്ചയിലകളും വെണ്മേഘങ്ങള് പാറിനടക്കുന്ന നീലാകാശവും അവയ്ക്കിടയില്‍ ഒരു ചെറുപാറയില്‍ ഇരിക്കുന്ന പെണ്‍കുട്ടിയും പ്രകൃതിയുടെ അഭൗമമായ ഭംഗിയാണ് ഹൃദയത്തിലേക്ക് ആവാഹിക്കുന്നത്.
ഇതിന്റെ മറ്റൊരു വശമാണ് മരുഭൂമിയിലെ ഒട്ടകങ്ങള്‍.
സൂര്യന്റെ സൗവര്‍ണ്ണപ്രഭയില്‍ കുളിച്ച അനന്തമായ മരുഭൂമി. സാന്ധ്യപ്രകാശത്തിന്റെ മാസ്മരികതയും ചിതറിക്കിടക്കുന്ന പാറക്കല്ലുകളും വിജനതയിലേക്ക് നോക്കി നില്ക്കുന്ന ഒട്ടകങ്ങളും താമരപ്പൊയ്കയിലെ പെണ്‍കുട്ടിയെന്ന ചിത്രത്തിന് ഒരു നല്ല താരതമ്യം പകരും. ഈ ചിത്രത്തിലെ മണല്ത്തരികളില്പ്പോലുമുണ്ട് നിഴലും വെളിച്ചവും.
പാരമ്പര്യം
നമ്മുടെ മഹത്തായ കലാപാരമ്പര്യത്തിന്റെ രജത രേഖകളാണ് കഥകളിയും തെയ്യവും എല്ലാം. ഇവയെ മറന്നുള്ള ഒരു ചിത്രകല പ്രേമിനില്ല. അവയും പ്രേമിന്റെ വരകളില്‍ ഇടം തേടിയിരിക്കുന്നു. വേദ, താന്ത്രിക വിഷയങ്ങളിലുള്ള അവഗാഹവും പലരചനകളിലും ദൃശ്യമാണ്.
വ്യക്തിയും ജീവിതവും
തിരുവല്ല പാലിക്കേര ചൂരക്കുന്നത്ത് പരേതനായ സി. കെ. നാരായണന് നായരുടെയും അദ്ധ്യാപികയായിരുന്ന പി. ജി. തങ്കമ്മയുടേയും മകനാണ്. എസ്ബിഐ മണിപ്പുഴ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ ലതാദേവിയാണ് ഭാര്യ. കുറ്റപ്പുഴ മാര്‍ത്തോമാ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈത് പ്രേം, ഏഴാം കഌസ് വിദ്യാര്‍ത്ഥി ആദര്‍ശ് പ്രേം എന്നിവരാണ് മക്കള്‍. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 90 വര്‍ഷം മുമ്പ് തിരുവല്ലയില്‍ സ്ഥാപിച്ച വെണ്ണിക്കുളം ബുക്ക് സ്റ്റാള്‍ പിന്നീട് ഏറ്റെടുത്ത് നടത്തിയത് പിതാവ് നാരായണന് നായരായിരുന്നു.
പിതാവിന്റെ വിയോഗ ശേഷം, ബുക്ക് സ്റ്റാള്‍ മഹാകവിയുടെ പേര് നിലനിര്‍ത്തി പ്രേംകുമാര്‍ സംരക്ഷിക്കുന്നു. ഇംഗഌഷില്‍ ബിരുദാനന്തര ബിരുദധാരിയാണ്. അതിനു ശേഷമാണ് നിയമത്തില്‍ ബിരുദമെടുത്തത്. തിരുവല്ല കാവുംഭാഗത്ത് ചിത്രശില്പ്പയില് താമസം. തിരുവല്ലാ ബാറിലെ അഭിഭാഷകനാണ്. അഭിഭാഷക സുഹൃത്തുക്കളും സഹധര്‍മ്മിണിയുമാണ് ചിത്രകലയില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത്.
ആര്‍ട്ട് സഌന്റിന്റെ ഉപദേശകന്
ഗള്‍ഫ് രാജ്യങ്ങളിലടക്കം നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. ലോസ് ആഞ്ചല്‍സ് ആസ്ഥാനമായുള്ള പ്രമുഖ അന്താരാഷ്ട്ര ആര്‍ട്ട് ഗാലറിയായ ആര്‍ട്ട് സഌന്റിന്റെ ആര്‍ട്ടിസ്റ്റ് അഡ്വൈസറി ബോര്‍ഡംഗമാണ്. അത്ഭുതകരമായാണ് തനിക്ക് ഈ അന്താരാഷ്ട്ര ബഹുമതി ലഭിച്ചതെന്ന് പ്രേം പറയുന്നു. ആര്‍ട്ട് സഌന്റിന്റെ വെബ്സൈറ്റില്‍ നല്ല ചിത്രങ്ങള്‍ കാണാനായി പരതി നടക്കുമ്പോഴാണ് സൈറ്റ് ഒട്ടും ആകര്‍ഷകമല്ലെന്ന് പ്രേംകുമാറിന് മനസിലായത്.
സൈറ്റിന്റെ പശ്ചാത്തലത്തിലെ നിറം കറുപ്പാക്കിയാല്‍ ചിത്രങ്ങള്‍ക്ക് മിഴിവ് കിട്ടുമെന്ന് അഭിപ്രായപ്പെട്ട പ്രേം മറ്റു ചില മാറ്റങ്ങളും നിര്‍ദ്ദേശിച്ചു. തന്റെ നിര്‍ദ്ദേശങ്ങളെ ആര്‍ട്ട് സഌന്റിന്റെ സിഇഒയും കലാസ്നേഹിയുമായ റോഡ് ടര്‍ണര്‍ അപ്പാടെ അംഗീകരിച്ചു. അതനുസരിച്ച് വെബ്സൈറ്റില്‍ കാതലായ മാറ്റങ്ങളും വരുത്തി. അതോടെ സൈറ്റിലേക്ക് എത്തുന്നവര്‍ വളരെയേറെക്കൂടി. അതിനൊപ്പം റോഡ് ടര്‍ണര്‍ പ്രേമിനെ ആര്‍ട്ട് സഌന്റ് ഉപദേശകനാക്കുകയും ചെയ്തു. ഇക്കാര്യം, ഇതിന്റെ കാരണസഹിതം ടര്‍ണര്‍, ആര്‍ട്ട് സഌന്റിന്റെ സൈറ്റില്‍ ചേര്‍ത്തിട്ടുമുണ്ട്.
ജസ്റ്റീസ് കെ. ടി. തോമസ്, ജസ്റ്റീസ് വി. ഗിരി, മുന്‍മന്ത്രി മാത്യു ടി. തോമസ്, പ്രമുഖ ചിത്രനിര്‍മ്മാതാവ് മധു ഇറവങ്കര, കേരള ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി ആര്. ഗോപാലകൃഷ്ണന്, എന്നിവരടക്കമുള്ള പ്രമുഖരാണ് പ്രേംകുമാറിന്റെ ചിത്രപ്രദര്‍ശനങ്ങള്‍ ഉദ്ഘാടനം ചെയ്തിട്ടുള്ളത്. മുതിര്‍ന്ന ഐഎഎസ് ഓഫീസറായ രാജു നാരായണ സ്വാമി അടക്കം ചിത്രങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിട്ടുമുണ്ട്.
പ്രേംകുമാറിന്റെ വരകളുടെ ലോകത്ത് കടന്നു ചെല്ലാനും അവ ആസ്വദിക്കാനും ദാ ഈ സൈറ്റില്‍ നമുക്കെത്താം::- www.cnprem.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: