ഭരണാധികാരികള്‍ക്ക് നാടിന്റെ അവസ്ഥമനസ്സിലാക്കാന്‍ പണികള്‍ പലതുമുണ്ട്. നാട്ടുകാരുടെ ജീവിതം ഒരുവിധം നന്നായി മുന്നോട്ടു പോകണമെന്ന് കരുതുന്നവരെ സംബന്ധിച്ചിടത്തോളം പ്രശസ്തിയെക്കാള്‍ പ്രധാനം പ്രവൃത്തിക്കാണ്. പൊതുവെ പറയാറില്ലേ വലതു കൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന്. എല്ലാത്തിലും ഇത് ബാധകമല്ലെങ്കിലും ഭൂരിഭാഗം കാര്യത്തിലും ഇങ്ങനെതന്നെ വേണമെന്ന് സ്നേഹമുള്ളവര് ശഠിക്കുന്നു. എന്നാല്‍ അതിന് നേര് വിപരീതമാണ് ആധുനിക ഭരണാധികാരികളുടെ നടപടികള്‍. ഇപ്പോള്‍ തകൃതിയായി നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 99.2 ശതമാനവും ഭരണത്തിന്റെ കാര്യക്ഷമതക്കുറവു മൂലം നടത്തേണ്ടിവരുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ തികച്ചും അനാവശ്യം. എങ്ങനെയെങ്കിലും കുറച്ചു പണം (സ്വന്തം തറവാട്ടില്‍ നിന്നല്ലാത്തതിനാല്‍ പ്രയാസപ്പെടേണ്ട) വാരിക്കോരി നല്‍കുക. അത് അര്‍ഹര്‍ക്കുതന്നെ കിട്ടുന്നുവെന്നതിന് ഒരുറപ്പുമില്ലതാനും. വോട്ടില്‍ നോട്ടമിട്ടുള്ള നോട്ടെറിയല്‍ കൊണ്ട് ചിലര്‍ക്കൊക്കെ ഗുണമുണ്ടാവുന്നുവെങ്കില് നടക്കട്ടെ അല്ലേ? ചെളിപറ്റുന്നത് നല്ലതെങ്കില്‍ അങ്ങനെയാവട്ടെ എന്നാണല്ലോ പരസ്യം.
ഇതുമായി നേരിട്ട് ബന്ധമില്ലെന്ന് മുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്ട് വാട്സ്ആപ്പില്‍ വന്ന ഒരു വിവരണം കാലികവട്ടം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. ഇത് നേരത്തെകിട്ടിയവര് ക്ഷമിക്കുക, കിട്ടാത്തവര്‍ക്കായാണ് നല്‍കുന്നത്. കുരുക്ഷേത്രയുദ്ധമെല്ലാം കഴിഞ്ഞ് രാജ്യം കിട്ടി ഭരണം നടത്തുന്ന വേളയില്‍ ധര്മപുത്രര്ക്ക് ഒരു യാത്രപോകാന്‍ ആഗ്രഹമുണ്ടായി. എന്നും കൂടെയുള്ള കൃഷ്ണനുമൊത്തായിരുന്നുയാത്ര. പല രാജ്യങ്ങളും അവിടത്തെ സ്ഥിതിഗതികളും കണ്ട് വാസ്തവത്തില്‍ ധര്മപുത്രര്ക്ക് പുച്ഛമാണ് തോന്നിയത്. അങ്ങനെ പാതാളത്തിലെത്തി. അവിടെ മഹാബലിയുണ്ട്. എങ്ങനെയുണ്ട് നിങ്ങളുടെ രാജ്യം എന്ന് ധര്‍മപുത്രരോട് ബലിയുടെ ചോദ്യം. ഉടനെ യുധിഷ്ഠിരന്റെ മറുപടി: സമ്പല്‍സമൃദ്ധമാണ് രാജ്യം. ഒരു പ്രശ്നവുമില്ല. കൊട്ടാരം വക ഭക്ഷണപ്പുരയില്‍ നിന്ന് നിത്യേനെ ലക്ഷക്കണക്കിന് പേര് ഭക്ഷണം കഴിച്ചുപോകുന്നു. ഇത് കേട്ടപ്പോള്‍ ബലിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പറഞ്ഞു: അന്ന് ഞാന്‍ രാജ്യം ഭരിച്ചപ്പോള്‍ പിതാവിന്റെ ശ്രാദ്ധകര്മ്മത്തോടനുബന്ധിച്ച് സദ്യവട്ടങ്ങള്‍ ഏര്‍പ്പെടുത്താന്‍ നോക്കിയപ്പോള്‍ എത്ര ശ്രമിച്ചിട്ടും രണ്ടാളെപോലും കിട്ടിയില്ല. ഭക്ഷണമില്ലാതെ ഇങ്ങനെ കഷ്ടപ്പെടുന്ന ജനങ്ങളുള്ള നാടായിപ്പോയല്ലോ നിങ്ങളുടേത് എന്നറിയുമ്പോള്‍ വല്ലാത്ത വേദന തോന്നുന്നു. ഇതു കേട്ടതും അഹങ്കാരത്തിന്റെ കൊമ്പുകള്‍ ധര്‍മപുത്രരുടെ തലയില്‍ നിന്ന് അപ്രത്യക്ഷമായത്രെ. വില്ലേജ് ഓഫീസറും ഡെപ്യൂട്ടി കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശമ്പളം വാങ്ങി പണിയെടുക്കുന്നില്ലെങ്കില്‍ അതിന് നടപടിയെടുക്കുന്നതിനു പകരം മാമാങ്കം നടത്തി ആളുചമയാനുള്ള ഭരണാധികാരികളുടെ ശ്രമം ഒറ്റവാക്കില്‍ പറഞ്ഞാല്‍ തികഞ്ഞ രാഷ്ട്രീയ ആഭാസമാണ്.തന്റെയടുത്ത് വന്ന് കാര്യങ്ങള്‍ പറഞ്ഞാലേ ചുവപ്പുനാടയിലെ കുരുക്കുകള്‍ അഴിയുകയുള്ളൂ എന്ന് വരുന്നത് ഭരിക്കാന്‍ അറിയാത്തതിന്റെ പ്രശ്നമാണ്. നേരത്തെ സൂചിപ്പിച്ച കഥയിലെ യുധിഷ്ഠിരന്റെ അതേ അഹംഭാവം. നടക്കട്ടെ, വോട്ടും നോട്ടും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന അനവധി സംഗതികളില്‍ ഇതിനു പ്രമുഖസ്ഥാനം കൈവന്നുവെന്ന് ബന്ധപ്പെട്ടവര്‍ക്ക് അഭിമാനിക്കാം. ഇതുമായി കൂട്ടിച്ചേര്‍ത്ത് സുജിത്തിന്റെ കാര്‍ട്ടൂണും കാണുക.
നന്മനിറഞ്ഞ മനസ്സുണ്ടെങ്കില്‍ ഏത് പ്രവൃത്തിയിലും ആയത് പ്രതിഫലിക്കും. അത് ഒരുസമൂഹത്തിന് മാതൃകയാവുകയും ചെയ്യും. ജനസമ്പര്‍ക്കത്തിന്റെ രാഷ്ട്രീയ അജണ്ടയും മാനുഷിക മൂല്യവും തമ്മില്‍ എത്ര അന്തരമുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മോട്ടോര്‍ വാഹന അപകടക്കേസുകള്‍ കൈകാര്യംചെയ്യുന്ന പാലക്കാട് അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. മനോഹര്‍ കിണിയാണ് നീതി ദേവതയ്ക്കുമുമ്പില് പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നത്. 22 വര്‍ഷം മുമ്പ് കോടതി ജീവനക്കാര്‍ക്ക് പിണഞ്ഞ അബദ്ധം മൂലം ഒരു നിര്‍ധന കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയായ 98700 രൂപ കിട്ടിയില്ല. ആ തുക ചുളുവില്‍ വാങ്ങിയ ആള് മരണപ്പെടുകയും ചെയ്തു. അയാള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയ്ക്കായി കേസുകൊടുത്തപ്പോള്‍ ആദ്യത്തെ കുടുംബവും കോടതിയിലെത്തി. റോഡ് മുറിച്ചു കടക്കുമ്പോള്‍ അപകടത്തില്‍ മരണമടഞ്ഞ ഏഴു വയസ്സുകാരന് ശ്രീകുമാറിന്റെ കുടുംബത്തിനായിരുന്നു നഷ്ടപരിഹാര കോടതി 98,700 രൂപ അനുവദിച്ചത്. എന്നാല്‍ കോടതി ജീവനക്കാര്‍ കേസ് നമ്പര്‍തെറ്റി എഴുതിയതിനാല്‍ രാമകൃഷ്ണന് എന്നയാള്‍ക്കാണ് തുക കിട്ടിയത്. ഇതിനിടെ രാമകൃഷ്ണന് മരണമടഞ്ഞു. ഹൈക്കോടതി കേസില്‍ ഇടപെടുകയും വീണ്ടും അത് പരിഗണിക്കാന്‍ പാലക്കാട് എംഎസിടി കോടതിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കേസു പഠിച്ച ജഡ്ജി മനോഹര്കിണിക്ക് ഈ തുക ശ്രീകുമാറിന്റെ കുടുംബത്തിന് നല്‍കാനാവില്ല എന്ന് ബോധ്യമായി. നിര്‍ധന കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ഒരു മാര്‍ഗവും ഇല്ലെന്നു വന്നതോടെയാണ് മനുഷ്യത്വത്തിന്റെ പൂമരമായി അദ്ദേഹം മാറിയത്. ഒരു ലക്ഷം രൂപ തന്റെ ശമ്പള അക്കൗണ്ടില്‍ നിന്ന് നല്കി ആ ന്യായാധിപന് നീതിസൂര്യന്റെ അരുമശിഷ്യനായി മാറി. നിഷ്പ്പക്ഷ നീതിയേക്കാള്‍ നിഷ്കളങ്കസ്നേഹത്തിന്റെ നീതിയാണ് ശ്രീകുമാറിന്റെ അച്ഛന് സുന്ദരന്‍ ലഭിച്ചത്. ഇതിനു മുമ്പ് വടകരയിലെ അരവിന്ദ്. ബി എടയോടി എന്ന മുന്‍സിഫും ഒരു കര്‍ഷകന്റെ കണ്ണീരൊപ്പിയത് സ്വന്തം ശമ്പള അക്കൗണ്ടില്‍ നിന്ന് അയാളുടെ വായ്പാതുക അനുവദിച്ചുകൊണ്ടാണ്. നീതിയുടെ ഇത്തരം ആള്രൂപങ്ങളെ കാണുമ്പോള്‍ നീതിസൂര്യന് എന്ന് ബഹുമാനപുരസ്സരം വിശേഷിപ്പിച്ചിരുന്ന ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെ ഓര്‍ത്തുപോവുകയാണ്. മാനവികതയും മനുഷ്യത്വവും ലോകമുള്ളിടത്തോളം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഹൃദയത്തില്‍ കരുതിവെക്കുമെന്ന് കാലികവട്ടം ഉറപ്പായും വിശ്വസിക്കുന്നു.
ഇനിയുള്ള കാലം കര്‍ഷകരുടെ അക്കൗണ്ടുവഴിജീവിതം തള്ളിനീക്കാം എന്നാണ് രാജകുമാരന് കരുതിയിരിക്കുന്നത്. ദല്‍ഹിയില്‍ ഒരു കര്ഷകന് ആത്മഹത്യചെയ്തതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് ചോദിച്ചുകൊണ്ട് ഇറങ്ങിത്തിരിച്ച മഹാന് ട്രെയിനില്‍ ജനറല്‍ കോച്ചില്‍ യാത്രചെയ്ത്, സെല്‍ഫിയെടുത്ത് സെന്‍ട്രല്‍ ഭരണം പ്രതീക്ഷിച്ച് കോരിത്തരിക്കുകയാണ്. ഈയടുത്ത നാളില്‍ കര്‍ഷകരോട് വല്ലാത്ത സ്നേഹം തോന്നുന്നതിന് മുമ്പ് അദ്യം സ്വന്തം സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എന്തു ചെയ്തു എന്ന് നോക്കണം. പോട്ടെ, ആത്മഹത്യയാണല്ലോ പ്രശ്നം. ഇതാ ചെറിയൊരു കണക്ക്. 2001 മുതല്‍ 2011 വരെ വര്‍ഷത്തില്‍ ശരാശരി കര്‍ഷകമരണം 16743 ആയിരുന്നു. ഇനി വര്‍ഷം തിരിച്ച് പറയാം. 2012 ല്‍ 13,754. 2013 ല്‍ 11,772. ഇതാ 2014 ല്‍ 1,109. അപ്പോള്‍ രാജകുമാരന്റെ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് മനസ്സിലായല്ലോ. ഇനി മേപ്പടികുമാരന് കേദര്‍നാഥ് ക്ഷേത്രത്തില്‍ തൊഴുതു കഴിഞ്ഞപ്പോഴുണ്ടായ വികാരത്തെപ്പറ്റിയുള്ള വാട്സ്ആപ് കമന്റ് ഇങ്ങനെ: കേദര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഞാന്‍ ഒന്നും ചോദിച്ചില്ല. എനിക്കു പക്ഷേ വലിയ ഊര്‍ജം കിട്ടിയപോലെ തോന്നി. ധഇയാള് (ശരിക്കും അങ്ങനെയല്ല പ്രയോഗം) ആരതികഴിഞ്ഞ ഉടന്‍ തളികയില്‍ കയറി ഇരുന്നു…. പൊളളിയതാണ് – പൂജാരിപ
രാജകുമാരന്റെ തമാശകള്‍ ഇനിയും തുടരും. അതിന്റെ ഫലമെന്താവും എന്ന് നമുക്ക് കാത്തിരുന്നു കാണുക. ആരോടും പറയാതെ 56 ദിവസത്തിലേറെ മുങ്ങി നടന്ന വിദ്വാന് നമ്മുടെ പ്രധാനമന്ത്രി വിദേശത്തുപോയി നിക്ഷേപം കൊണ്ടുവരുമ്പോള്‍ അപഹസിക്കുന്നതിന്റെ പിന്നില്‍ എന്താണെന്ന് വ്യക്തമല്ലേ? അജണ്ടകള്‍ അജണ്ടകളായി അരങ്ങു വാഴട്ടെ. നമുക്ക് കണ്ടിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: