ചക്കയ്ക്കു നല്ലകാലം വരാന്പോകുന്നുവത്രേ. ചക്ക മാഹാത്മ്യങ്ങളെപ്പറ്റി ധാരാളം ഗവേഷണം നടക്കുന്നു. ചക്കയ്ക്ക് ജാക്ക് ഫ്രൂട്ട് എന്നാണല്ലൊ ആംഗലം. ഭാരതത്തില്‍ വന്ന് ചക്ക കണ്ട് അത്ഭുതം കൂറിയ സായിപ്പു അതിന് പറ്റിയ പേര് ജാക്ക് എന്നുതന്നെയാക്കി. ലോകത്തിലെ ഏറ്റവും വലിയ ഫലം എന്ന സ്ഥാനവും ചക്കയ്ക്കു തന്നെ. ഉണ്ടച്ചക്ക, വാളിയന്ചക്ക, കോലന്‍ ചക്ക, നീളന്‍ ചക്ക തുടങ്ങി വലുപ്പത്തിനനുസരിച്ചും തരങ്ങളുണ്ട്. എന്നാല്‍ വരിക്ക,കൂഴ എന്നിങ്ങനെ രണ്ടുവിധത്തിലാണ് അതു കാണപ്പെടുന്നത്. വരിക്കച്ചക്ക പഴുത്താല്‍ അളിഞ്ഞിരിക്കുകയില്ല. കൂഴയാണെങ്കില് കൊഴകൊഴയായിരിക്കും. വരിക്കയില്ത്തന്നെ തേന്‍വരിക്ക, വെള്ളവരിക്ക, ചുവന്നവരിക്ക തുടങ്ങി ചക്കപ്പഴത്തിന്റെ സ്വഭാവമനുസരിച്ച് പലതരക്കാരുണ്ട്.
ഈയിടെ ഹിന്ദുപത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ചക്കയുടെ ഗുണഗണങ്ങള്‍ വിവരിച്ചുകൊണ്ട് ഒരു ലേഖനം വന്നതാണ് ഇതെഴുതാന്‍ പ്രേരണയായത്. ഭാരതത്തിലെങ്ങും കാണപ്പെടുന്ന പനസമെന്ന വൃക്ഷത്തിന്റെ ഫലത്തെപ്പറ്റി ജെയിംസ് ജോസഫ് എന്നയാള്‍ ഗവേഷണം നടത്തുന്നു. ജാക്ക്ഫ്രൂട്ട് 365 എന്ന ഒരു സ്ഥാപനവും അദ്ദേഹം നടത്തുന്നുണ്ട്. ചക്ക പ്രത്യേക കാലത്തുമാത്രം ഉണ്ടാകുന്ന കായ ആണല്ലൊ. 365 ദിവസവും അതു ഭക്ഷണത്തിനുപയോഗിക്കുന്നതാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. എറണാകുളത്തും കോട്ടയത്തും ജാക്ക്ഫ്രൂട്ട് ഫെസ്റ്റിവല്‍ നടത്തിയതിന്റെ വാര്‍ത്തയും വായിച്ചതോര്‍ക്കുന്നു.
കേരളം പ്രമേഹരോഗികളുടെ സങ്കേതമാണെന്നും കരുതപ്പെടുന്നു. 55 ശതമാനം ജനങ്ങളും പ്രമേഹ ബാധിതരാകാന്‍ സാധ്യതയുള്ളവരാണത്രെ. ഇതെഴുതുന്ന ആളും അക്കൂട്ടത്തില്‍പ്പെടുന്നു. പ്രമേഹ ചികിത്സക്കായി കേരളീയര്‍ വര്‍ഷം 600 കോടിരൂപ ചെലവു ചെയ്യുന്നു. ഇവിടുത്തെ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണരീതി കൈവെടിഞ്ഞു. പ്രമേഹത്തെ തടയുവാന്‍ പര്യാപ്തമായ നാരുകലര്ന്ന ഭക്ഷ്യവസ്തുക്കളില്‍ സുലഭമായ ചക്കയെ കേരളീയര്‍ അവഗണിച്ചു. ചക്കയുടെ കാലമായാല്‍ അത് വീണു ചീഞ്ഞുപോകുകയാണ്. 600 കോടി രൂപയ്ക്കുള്ള ചക്ക പാഴായിപ്പോകുന്നുണ്ടത്രെ.
പഴുക്കുന്നതിനു തൊട്ടുമുമ്പുള്ള മൂത്തചക്കയാണ് പ്രമേഹത്തെ പ്രതിരോധിക്കാന്‍ പറ്റിയതത്രെ. പരമ്പരാഗതമായ ചക്കപ്പുഴുക്കിന്റെ ചേരുവ അത്യുത്തമമവും. ശ്രീലങ്കയിലും മറ്റും അതെപ്പറ്റി ധാരാളം ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ചക്കച്ചുളയും ചക്കക്കുരുവും മടലും കൂഞ്ഞും മനുഷ്യന്റെ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന കാലമുണ്ടായിരുന്നു. മടലിലെ മുള്ളുള്ള ഭാഗവും ചകിണിയും പശുവിന്റെ ഇഷ്ടഭോജ്യമായിരുന്നു. ഇന്നത്തെ കൃത്രിമ പശുക്കള്‍ അവ തിന്നുകയില്ല. ചക്കക്കുരു അന്നജ സമൃദ്ധമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് മൂവാറ്റുപുഴക്കടുത്ത് കടാതിയിലെ തോട്ടില്‍ ലോറിക്കണക്കിനു ചക്കക്കുരു കഴുകിക്കൊണ്ടുപോകുന്നത് സാദാ കാഴ്ചയായിരുന്നു. തമിഴ്നാട്ടിലെ ഗ്ലൂക്കോസ് ഫാക്ടറികളുടെ ആവശ്യത്തിനാണത്രേ അത്.
ഇക്കാലത്ത് നാട്ടിന്‍പുറത്തെ പ്ലാവുകളെല്ലാം തടിക്കച്ചവടക്കാരുടെ മഴുവിന് ഇരയായിക്കഴിഞ്ഞു. മഴുവിന് വേഗത കുറവായതിനാല്‍ യന്ത്രവാളുകളാണ് ഉപയോഗിക്കുന്നത്. വീട്ടുപകരണങ്ങള്‍ നിര്‍മിക്കാന്‍ ഏറ്റവും അഴകേറിയ തടിപ്ലാവുതന്നെയാണ്. അതിനുപുറമേ ദേവീവിഗ്രഹം നിര്‍മിക്കാന്‍ വിശിഷ്ടം വരിക്കപ്ലാവിന്റെ കാതലാണ്. പ്രസിദ്ധമായ ഒട്ടേറെ ദേവീക്ഷേത്ര പ്രതിഷ്ഠകള്‍ വരിക്കപ്ലാവിലാണ്.
ചക്കയ്ക്കു പുറമേ പ്ലാവിനും പ്രസിദ്ധിയേറെയാണ്. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് മാര്‍ത്താണ്ഡവര്‍മ യുവരാജാവായിരുന്നപ്പോള്‍ ശത്രുക്കളില്‍നിന്നും രക്ഷനേടാന്‍ ഒളിച്ചിരുന്നത്, നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്‍വശത്തുള്ള പ്ലാവിന്റെ പൊത്തിലായിരുന്നു. അതിനുശേഷം അമ്മച്ചിപ്ലാവ് എന്ന് പ്രസിദ്ധമായ അതിന്റെ അവശിഷ്ടം പുരാവസ്തുവായി സംരക്ഷിച്ച്, ആരാധിക്കപ്പെടുന്നു. ഒട്ടേറെ പ്രസിദ്ധരുടെ വീട്ടുപേരുകള്‍ പ്ലാവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരതത്തിന്റെ അഭിമാനമായ വനിതാകായിക താരം ഉഷ പിലാവുള്ളകണ്ടി തെക്കേപ്പറമ്പത്തെയാണല്ലൊ. ജ്ഞാനപീഠ ജേതാവ് പ്രൊഫസര്‍ ഒഎന്‍വി കുറുപ്പാകട്ടെ ഒറ്റപ്ലാക്കല്‍ നീലകണ്ഠക്കുറുപ്പ് വേലുക്കുറുപ്പാണ്.
പിലാവിനും ചക്കയ്ക്കും പ്രസിദ്ധമായ സ്ഥലം ഏതാണ് എന്നുനോക്കിയാല്‍ താനൂര്‍ എന്നാണ് മലബാറുകാര്‍ പറയുക. തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഭിന്നാഭിപ്രായമുണ്ടാകാം. ചക്കയുംകൊണ്ടു താനൂര്ക്കുപോകുക, ചക്ക വാങ്ങാന്‍ താനൂര്‍ പോകുക എന്ന ശൈലി ഇപ്പോള്‍ നിലവിലുണ്ടോ ആവോ. carry coals to New castle എന്ന ആംഗലശൈലിക്ക് തുല്യമായി മലയാളത്തിനു കാണിക്കാനുള്ള പ്രയോഗമാണത്. ഏതായാലും താനൂരില്‍ സംഘടന പ്രവര്‍ത്തനത്തിനായി എട്ടുപത്തുകൊല്ലക്കാലം പരിചയപ്പെട്ടപ്പോള്‍ ആ ശൈലിയുടെ പ്രത്യക്ഷദര്‍ശനം ലഭിക്കാന്‍ ശ്രമിച്ചുനോക്കി. അത് പഴയകാല കഥയാണെന്നാണ് അവിടുത്തുകാര്‍ പറഞ്ഞത്. എന്നാല്‍ അടിമുടി ചക്ക പൊതിഞ്ഞ് നില്ക്കുന്ന ഏതാനും പ്ലാവുകള്‍ കാണാനും കഴിഞ്ഞു. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പ്രയോഗം അവിടെ സാധൂകരിക്കപ്പെടുന്നു.
ചക്ക മാഹാത്മ്യം വിളംബരം ചെയ്യുന്ന ചില നാടന്‍കഥകളും മറ്റും ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്. പ്രസിദ്ധമായ കതിര്‍കാണാക്കിളിയുടെ പാട്ടില്‍ ”കള്ളന് ചക്കയിട്ടു കൊണ്ടത്തിന്നോട്ടെ, കണ്ടാ മിണ്ടണ്ട, ഒക്കെ തെക്കോട്ട്” എന്ന വരികള്‍ മഹത്തായ തത്വചിന്തയിലാണല്ലൊ അവസാനിക്കുന്നത്. തുടക്കത്തില്‍ അച്ചന് കൊമ്പത്തും അമ്മ വരമ്പത്തും പിള്ളവിളുമ്പത്തുമാണ്. ഉദ്വേഗജനകമായ ആ നിമിഷത്തിലാണ് കള്ളന് നല്ല അവസരം കണ്ടെത്തിയത്. നമ്മുടെ പുഷ്കലമായിരുന്ന ഗ്രാമീണ, കാര്‍ഷികസംസ്കാരത്തിന്റെ പ്രതീകമാണല്ലൊ ആ പാട്ട്. ”വിത്തും കൈക്കോട്ടും” എന്നും കതിര്കാണാക്കിളിയെ വ്യാഖ്യാനിക്കുന്നവരുണ്ട്. നാട്ടില്‍ കതിര് ഇല്ലാത്ത അവസ്ഥയാണിന്ന്. ആ കിളിയുടെ പാട്ട് കേട്ടിട്ടുവര്ഷങ്ങളായി. ‘കിഴക്കേത്’ എന്നന്വേഷിക്കുന്ന വിഷുപ്പക്ഷിയുടെ ഒച്ച കഴിഞ്ഞദിവസം കേട്ടപ്പോള്‍ കതിര്‍കാണാക്കിളിയുടെ പാട്ടിനു കൊതിച്ചു കുറേ ദിവസം കാത്തു. സര്‍വത്ര ചക്കമയമായ സ്ഥിതിയെപ്പറ്റിയും ഒരുപഴയ പാട്ടുണ്ട്. ശ്ലോകത്തിലാണ്.
പച്ചയ്ക്കുതിന്നു ചുളതിന്നു വരിക്കതിന്നു
ഉച്ചയ്ക്കഹോ കുളികഴിഞ്ഞൊരു ചക്കതിന്നു
അത്താഴവും പുനരതിങ്ങ ചക്കതന്നെ
നാരായണാ തലയിണയ്ക്കുമൊരൊത്തചക്ക!
വൈക്കത്തപ്പന്റെ ഒരു ഭക്തന് രണ്ടാഗ്രഹങ്ങളായിരുന്നു. വൈക്കത്ത് ഭജനമിരുന്ന് ജീവിതമവസാനിപ്പിക്കണം. അതിനു പുറപ്പെടുംമുമ്പ് വീട്ടിലെ പ്ലാവില്‍നിന്നും നല്ല വരിക്കച്ചക്ക ഒന്ന് ഇറക്കിവെച്ചു. ബന്ധുക്കള്‍ക്കും മറ്റും പങ്കുവെച്ചശേഷം ഒരു തുണ്ടം തനിക്കായി സൂക്ഷിച്ചു. ഭജനമിരിക്കാന്‍ പോകുന്നതിനുമുമ്പ് അതു പഴുത്തു തിന്നാല്‍ കഴിയില്ലല്ലോ എന്ന വിഷമംമൂലം ”വൈക്കത്തപ്പാ എന്റെ ചക്കത്തുണ്ടി” എന്നാണ് ഭജനമിരുന്നപ്പോള് പ്രാര്‍ത്ഥിച്ചത്. ഭജന നീണ്ടുപോയി. ഒടുവില്‍ വീട്ടിലെത്തിയപ്പോള്‍ ചക്ക ചീത്തയായിപ്പോയിരിക്കുമെന്ന ആശങ്കയായിരുന്നു. പക്ഷേ പാകത്തിനു പഴുത്ത തേന്‍വരിക്ക! അതുതിന്ന് കൃതാര്‍ത്ഥനായി. ആ രാത്രി തന്നെ സംതൃപ്തിയോടെ അന്ത്യശ്വാസം വലിച്ചു. പിന്നീട് ”വൈക്കത്തപ്പാ എന്റെ ചക്കത്തുണ്ടി” എന്ന ശൈലി നിലവില്‍വന്നു.
ഒരു നാടന്പാട്ടിന്പ്രകാരം ശ്രീരാമനും സീതയും ചക്കതിന്നിട്ടുണ്ട്. രാമായണം മുഴുവന്‍ വായിച്ചാലും ആ പാട്ടിന് ഉചിതമായ ആ സന്ദര്‍ഭം കണ്ടെത്താനാവില്ല. സീതയ്ക്കുരാമനാര്? എന്ന് ചോദിച്ചയാള്‍ തന്നെയാവും ഇതിന്റെയും കര്‍ത്താവ്. പാട്ടിങ്ങനെ
നേരം വെളുത്തെന്നു സീത
ഒന്നും തിന്നാനുമില്ലെന്നു രാമന്
വനവാസകാലത്തെ അനുഭവമാണിതെങ്കില്‍ സ്വാഭാവികം മാത്രം എന്നാല്‍ തുടര്‍ന്നുള്ളവരികള്‍ ഇങ്ങനെയാണ്:
അപ്പോള്‍ വിഭീഷണന് ചൊന്നാന്‍
രണ്ടു ചക്ക പറിച്ചങ്ങുതിന്നാന്‍.
പ്ലാവുകളില്‍ കൂഴയാണ് കൂടുതലായി കണ്ടുവരുന്നത്. വരിക്കച്ചക്കപ്പഴമാണ് തിന്നാന്‍ നല്ലത്. വരിക്കച്ചക്കക്കുരുക്കള് നട്ടാലും മിക്കപ്പോഴും കൂഴ പ്ലാവാകും ഉണ്ടാകുക. ഇപ്പോഴത്തെ സാങ്കേതികവിദ്യ പ്രകാരം വരിക്കപ്ലാവിന്റെ കമ്പ് ഒട്ടിച്ച് തൈകള്‍ ലഭ്യമാണ്. പക്ഷേ അവയിലുണ്ടാകുന്ന ചക്കകള്‍ പ്രായേണ ചെറുതായിക്കണ്ടുവരുന്നു. മുമ്പൊക്കെ ചക്കക്കുരു തിരഞ്ഞെടുത്തു നടുകയായിരുന്നു പതിവ്. കുരുവിന്റെ പരിപ്പുകള്‍ സമമാണെങ്കില് അതുവരിക്കയായിരിക്കും എന്ന വിശ്വാസം പരീക്ഷിച്ചുനോക്കി ശരിയാണെന്നു ഒന്നിലേറെ തവണ തെളിഞ്ഞിട്ടുണ്ട്. അതുപോലെ ചക്കയുടെ ഞെട്ടിനടുത്ത ഭാഗത്തെ കുരു നട്ടാല്‍ ഉണ്ടച്ചക്കയും മധ്യഭാഗത്തേത് നട്ടാല്‍ വലിയ നീണ്ട ചക്കയും ചുവടുഭാഗത്തെ നീണ്ടകുരുക്കള് നട്ടാല്‍ പാളിയന്‍ ചക്കയും ഉണ്ടാകുന്ന പ്ലാവുകളാവും മുളയ്ക്കുക എന്നും അനുഭവമുണ്ട്.
ശ്രീലങ്കയില്‍ വരിക്കപ്ലാവുകളാണത്രെ കൂടുതല്‍. അടിയന്തരാവസ്ഥക്കാലത്തു തൊടുപുഴയിലെ ചില സ്വയംസേവകര്‍ യങ് ഫാര്‍മേഴ്സ് ഫോറം എന്നൊരു വേദിയുണ്ടാക്കി ശ്രീലങ്കന്‍ വരിക്കപ്ലാവിന് തൈകള്‍ വിതരണം ചെയ്തിരുന്നു. അവയെല്ലാം തന്നെ ഇന്ന് നല്ല ഫലം തരുന്നുണ്ടെന്നാണനുഭവം.
ചക്ക മാഹാത്മ്യം പറഞ്ഞുതുടങ്ങിയത് പ്രമേഹരോഗികള്‍ക്ക് നല്ല ഭക്ഷണമാണത് എന്ന പുതിയ വിവരമനുസരിച്ചാണ്. ധാരാളം അന്നജമുള്ള ചക്ക പ്രമേഹക്കാര്‍ ഒഴിവാക്കണമെന്നായിരുന്നു ഇതുവരെ കരുതിപ്പോന്നത്. അല്‍പ്പം പ്രത്യാശയ്ക്കു വഴിതരുന്നതായി ഹിന്ദുപത്രത്തിലെ ലേഖനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: