ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ 15 വാര്‍ഡുകള്‍ മാത്രമുള്ള ചെറിയ പഞ്ചായത്താണ് ചെറിയനാട്. എന്നാല്‍ ഭാരതത്തിലെ കേസ് നിയന്ത്രിത പഞ്ചായത്ത് എന്ന വലിയനേട്ടം ചെറിയനാടിന് മാത്രം സ്വന്തം.
14.15 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്ത്. തെക്കു, പടിഞ്ഞാറ് അച്ചന്‍കോവിലാറും കിഴക്ക്, വടക്ക് ഉത്തരപ്പള്ളിയാറുമായിരുന്നു പഞ്ചായത്തിന്റെ അതിര്‍ത്തി. എന്നാല്‍ കൈയേറ്റം മൂലം നശിച്ചതിനാല്‍ ഇപ്പോള്‍ ഉത്തരപ്പള്ളിയാറ് പേരിന് മാത്രം.
1440 ഹെക്ടര്‍ കൃഷിസ്ഥലമാണ് പഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ 350 ഹെക്ടര്‍ പാടശേഖരവും ബാക്കി കരഭൂമിയുമാണ്. 250 ഹെക്ടര്‍ പാടശേഖരത്ത് നെല്‍കൃഷി, പച്ചക്കറി(90), വാഴ (105), നടീല്‍വസ്തുക്കള്‍ (40), റബര്‍ (217), കുരുമുളക് (25), ഇഞ്ചി (10), വെറ്റ (10) ഹെക്ടര്‍ വീതമാണ് ഇപ്പോള്‍ കൃഷി നടക്കുന്നത്.
കാര്‍ഷികവൃത്തിയില്‍ മധ്യതിരുവിതാംകൂറിന്റെ പ്രധാന കേന്ദ്രമായിരുന്നു ചെറിയനാട്. പുരയിടങ്ങളില്‍ ചേനയും ചേമ്പും കാച്ചിലും കപ്പയും സമൃദ്ധമായിരുന്നു. ശക്തമായ മഴക്കാലത്ത് ഒഴിച്ച് ബാക്കിസമയമെല്ലാം പച്ചക്കറികള്‍ വിളഞ്ഞിരുന്നു. കൊയ്ത്തു കഴിയുന്നതോടെ പാടശേഖരങ്ങളില്‍ ഇടവിള കൃഷിയായി വെള്ളരിയും പടവലവും പയറും മത്തനും കൃഷി ചെയ്തിരുന്നു.
എന്നാല്‍ കാലഘട്ടത്തിന്റെ മാറ്റത്തില്‍ ചെറിയനാടിന്റെ പച്ചപ്പിലും പുഴുക്കുത്തേറ്റു. നൂറുമേനി വിളഞ്ഞ നെല്പാടങ്ങള് പായലും പുല്ലും നിറഞ്ഞു. പച്ചക്കറി വിളഞ്ഞിരുന്ന പാടങ്ങള്‍ കളിക്കളങ്ങളായി മാറി. നടീല്‍ വസ്തുക്കള്‍ സമൃദ്ധമായിരുന്ന പുരയിടങ്ങളില്‍ പാഴ്ചെടികള്‍ നിറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ വീണ്ടും ചെറിയനാട്ടെ പാടശേഖരങ്ങളും പുരയിടങ്ങളും പച്ചപ്പു വീണ്ടെടുക്കുന്നു. തരിശു പാടശേഖരങ്ങളില്‍ നെല്ലു വിളഞ്ഞു കിടക്കുന്നു. ജൈവ പച്ചക്കറി തേടി വിദൂരദേശത്തുനിന്നുപോലും വ്യാപാരികള്‍ എത്തുന്നു. ഇതിനു കാരണം പഞ്ചായത്തിലെ വീട്ടമ്മമാരുടെ കൂട്ടായ്മയും കൃഷി ഭവനിലെത്തിയ മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരുമായിരുന്നു.
ഏഴു ക്ലസ്റ്ററുകളിലായി 400 വനിതാ കര്‍ഷകരാണ് പഞ്ചായത്തിലെ ഒന്ന്, നാല്, അഞ്ച്, എട്ട്, 13, 14, 15 വാര്‍ഡുകളില്‍ പച്ചക്കറി കൃഷി ചെയ്യുന്നത്. ഇവിടെ കണിവെള്ളരി, പയര്‍, പടവലം, പാവല്‍, ചീര, വെണ്ട, തടിയന്, മത്തന്‍, തണ്ണിമത്തന് തുടങ്ങിയവ വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നു.
സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയും ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസുത്രണ പദ്ധതിയും തൊഴിലുറപ്പു പദ്ധതിയും സംയോജിപ്പിച്ചാണ് 150 ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നത്.
പഞ്ചഗവ്യം, ഫിഷ്അമിനോ ആസിഡ്, ജീവാമൃതം എന്നിവ കൃഷിഭവന്റെ സഹായത്തോടു കൂടി കര്‍ഷകര്‍ തന്നെ ഉത്പാദിപ്പിച്ച് കൃഷിസ്ഥലത്ത് ഉപയോഗിക്കുന്നു. 1000 മുതല്‍ 1500 ടണ്‍ വരെ വിളവ് ഇവര്‍ക്ക് ലഭിക്കുന്നു.
രാവിലെ ആറുമുതല്‍ എട്ടുവരെയും വൈകിട്ട് മൂന്നു മുതല്‍ ആറുവരെയും പാടശേഖരത്ത് ഇവരുടെ കൂട്ടായ്മ ദൃശ്യമാകും. ഇവിടെ മത്സരമില്ല, വേര്‍തിരിവില്ല, ഒത്തൊരുമ മാത്രം. മണ്മറഞ്ഞു പോയ കാര്‍ഷിക സംസ്കാരത്തെ വീണ്ടെടുക്കുക കൂടിയാണ് ഇവര്‍ ചെയ്യുന്നത്.
കൃഷിയെക്കുറിച്ച് നല്ലഅറിവ് സമ്പാദിച്ചിരിക്കുന്ന ഇവര്‍ക്ക് കാര്‍ഷിക വിളകള്‍ നേരിടുന്ന വിവിധ രോഗങ്ങളെ കുറിച്ചും ഇതിനുള്ള പ്രതിവിധിയെ കുറിച്ചും നല്ല നിശ്ചയമാണ്.
കൃഷിയിടം ഒരുക്കുന്നതും വളം ഇടുന്നതും മരുന്ന് അടിയ്ക്കുന്നതുമെല്ലാം വീട്ടമ്മമാര്‍ തന്നെയാണ്. പാടശേഖരത്ത് നിര്‍മിച്ചിരിക്കുന്ന ചെറിയ കുളങ്ങളില്‍ നിന്നുമാണ് വെള്ളം ശേഖരിക്കുന്നത്. കടുത്ത വേനലില്‍ കൃഷി നഷ്ടപ്പെടാതിരിക്കാനും വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും രാവിലെയും വൈകിട്ടും വെള്ളം കോരിയെങ്കില്‍ മാത്രമെ സാധിക്കുകയുള്ളുവെന്നും എന്നാല്‍ വേനല്‍മഴ കൃഷിക്ക് ഭീഷണിയാണെന്നും ഇവര്‍ പറയുന്നു.
വെള്ളരിയില്‍ നിന്നും വീട്ടമ്മാരുടെ നേതൃത്വത്തില്‍ നിര്‍മിച്ച വിവിധ ഉത്പ്പന്നങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് വീട്ടമ്മമാര്‍. കൃഷി ഓഫീസര്‍ എം.എല്‍. ദീപാരാജ്, അസിസ്റ്റന്റ് വി.വി. അനില്‍കുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മാര്‍ഗ്ഗദര്‍ശകരായി വനിതാ കര്‍ഷകര്‍ക്കൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: