പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാര്‍ക്ക്. സൂര്യദേവന്‍ ആരാധനാ മൂര്‍ത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയില്‍ ജീവിച്ചിരുന്ന നരസിംഹദേവന്‍ ഒന്നാമന്‍ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്.
കൊണാര്‍ക്ക് എന്ന പദത്തിന് സൂര്യന്റെ ദിക്ക് എന്ന് അര്‍ഥം കല്‍പ്പിക്കാം. കോണ്‍ എന്ന വാക്കിനു മൂല, ദിക്ക്, എന്നൊക്കെയാണ് അര്‍ത്ഥം. അര്‍ക്കന്‍ എന്നാല്‍ സൂര്യന്‍. അതിനാല്‍ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്ന അര്‍ഥത്തില്‍ ഈ വാക്ക് ക്ഷേത്രത്തിനു പേരായി നല്‍കപ്പെട്ടു. മാത്രമല്ല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പഴയ ഗംഗാ രാജ്യത്തിന്റെയും ഭാരതത്തിന്റെയും കിഴക്കു ഭാഗത്താണ്. വിദേശീയര്‍ ഈ ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നു വിളിക്കുന്നു.
ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകള്‍ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാം. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയില്‍ കലാരൂപങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങള്‍ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്തുത, ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴല്‍ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിച്ചിരുന്നു എന്നുള്ളതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്.
ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇത് നിര്‍മിച്ചിരിക്കുന്ന ഓരോ കല്പ്പാളികളിലും അത് കാണാന്‍ കഴിയും. ക്ഷേത്രത്തിലെ ചുമര്‍ ശില്പങ്ങളില്‍ ദേവീ ദേവന്മാരുടെ രൂപങ്ങള്‍, പുരാണ കഥാപാത്രങ്ങള്‍, ഗന്ധര്‍വന്മാര്‍, യക്ഷികള്‍, പുരാണ കഥാ സന്ദര്‍ഭങ്ങള്‍, നൃത്തം ചെയ്യുന്ന അപ്‌സരസുകള്‍ എന്നിവ കാണാന്‍ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങള്‍ ഉണ്ട് .
വാത്സ്യായന മഹര്‍ഷിയുടെ കാമ ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്ടകള്‍ ഇവിടെ ശില്പങ്ങളായി കാണാന്‍ കഴിയും. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്മതയോടെ ആണ് ഓരോ ശില്പവും നിര്‍മിച്ചിരിക്കുന്നത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങള്‍ പരസ്പരവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ളതുമായ ലൈംഗിക പ്രവൃത്തികളും ഇവിടെ ശില്പ രൂപത്തില്‍ പ്രത്യക്ഷപെട്ടിരിക്കുന്നു. ബഹുസ്ത്രീ, ബഹുപുരുഷ എന്നിവ അതില്‍ ചിലതാണ്.
229 അടി ഉയരമുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹന്‍ മണ്ഡപം എന്നിവയാണവ. ആയിരത്തി ഇരുനൂറോളം പേര്‍ പന്ത്രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിര്‍മിച്ചത്. കിഴക്ക് ദര്‍ശനമായാണ് ക്ഷേത്രം നില നില്‍ക്കുന്നത്.
ഉദയ സൂര്യന്റെ പ്രകാശ രശ്മികള്‍ പ്രധാന വിഗ്രഹത്തിന്റെ മൂര്‍ധാവില്‍ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിര്‍മാണം. സൂര്യദേവന്റെ മൂന്നു ഭാവങ്ങള്‍ (ഉദയം, മധ്യാഹ്നം, അസ്തമയം) എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി നിര്‍മിച്ചിരിക്കുന്നു.കല്ലുകള്‍ തമ്മില്‍ യോജിപ്പിക്കാന്‍ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ഓരോ കല്ലും പ്രത്യേക രീതിയില്‍ കൂട്ടിയിണക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ക്ഷേത്ര നിര്‍മാണത്തില്‍ പ്രധാന ആശാരി വിദ്വാന്‍ ബിസു മഹാറാണ ആയിരുന്നു.
ക്ഷേത്രത്തിന്റെ മുകളില്‍ പ്രതിഷ്ഠിക്കാനായി മാറ്റി വച്ചിരുന്ന ശില അവിടെ പ്രതിഷ്ഠിച്ചതുമായി ബന്ധപ്പെട്ടു കൊണാര്‍ക്ക് നിവാസികള്‍ക്കിടയില്‍ ഒരു കഥ പറഞ്ഞു കേള്‍ക്കുന്നുണ്ട്.
അതിപ്രകാരമാണ്: ക്ഷേത്രത്തിന് മുകളില്‍ ശില ഉറപ്പിക്കാനായി ഒരുപാട് പ്രയത്‌നിച്ചിട്ടും അത് നടന്നില്ല. ആ സമയത്ത് പ്രധാന ആശാരി ആയിരുന്ന ബിസു മഹാരാണയുടെ പന്ത്രണ്ടു വയസ്സുള്ള മകന്‍ ധര്‍മപാദര്‍ അവിടെയെത്തി. എന്നിട്ട് ഒരു ബുദ്ധി പ്രയോഗിച്ച് ശില യഥാ സ്ഥാനത്ത് ഉറപ്പിച്ചു. പക്ഷേ ഈ കര്‍മത്തിന് ശേഷം ധര്‍മപാദര്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ക്ഷേത്രത്തെ രക്ഷിക്കാന്‍ ധര്‍മപാദര്‍ ജീവന്‍ വെടിയുകയായിരുന്നു എന്ന് വിശ്വസിക്കപെടുന്നു.
കൊണാര്‍ക്കിന്റെ പരിസരങ്ങളില്‍ കാണാത്ത പ്രത്യേക തരം കല്ലുകള്‍ ഉപയോഗിച്ചാണു ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.പക്ഷേ സമുദ്രത്തില്‍ നിന്നും വീശുന്ന ഉപ്പു കാറ്റ് ഈ ശിലാ സൗധത്തെ കാര്‍ന്നു തിന്നുന്നു.
കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ ഒരു നല്ല ഭാഗവും നശിച്ചു കഴിഞ്ഞു. പ്രധാന ശ്രീകോവില്‍ ഇപ്പോള്‍ നിലവിലില്ല. ഇത് 1837 ല്‍ തകര്‍ന്നു വീണതായി അനുമാനിക്കപ്പെടുന്നു. ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങള്‍, ജ്യാമിതീയ രൂപങ്ങള്‍, എന്നിവ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
നാശത്തിന്റെ വക്കിലായ ഈ ക്ഷേത്രം ഇടിഞ്ഞു വീഴാതിരിക്കാനായി ഉള്‍ഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോള്‍ ഇരുമ്പ് പൈപ്പുകളാല്‍ താങ്ങി നിര്‍ത്തിയിരിക്കുന്നു.
പ്രധാന ക്ഷേത്രത്തിന് ചുറ്റും ഇരുപത്തി രണ്ട് ഉപക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വൈഷ്ണവ ക്ഷേത്രവും മായാ ദേവീ ക്ഷേത്രവും മാത്രമേ അവശേഷിക്കുന്നുള്ളൂ . നടന മണ്ഡപം, ഭോഗ മണ്ഡപം, ജഗന്മോഹന്‍ മണ്ഡപം എന്നിവ ഇപ്പോഴും നില നില്‍ക്കുന്നു. ഇപ്പോള്‍ കാണപ്പെടുന്ന വലിയ സമുച്ചയമാണു ജഗന്മോഹന്‍ മണ്ഡപം.
ചില ചരിത്രകാരന്മാര്‍ ക്ഷേത്രത്തിന്റെ പതനത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് : ഇത് പണി കഴിപ്പിച്ച നരസിംഹദേവന്‍ ഒന്നാമന്‍ രാജാവിന്റെ അകാലത്തിലുള്ള മരണം കാരണം ക്ഷേത്ര നിര്‍മാണം പാതി വഴിയില്‍ മുടങ്ങി. ഏറെ നാള്‍ ഇങ്ങനെ പണികളൊന്നും നടക്കതെയായപ്പോള്‍ ക്ഷേത്രം തകര്‍ന്നു വീണു.
കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ മാതൃക. നിര്‍മിച്ച കാലത്ത് ക്ഷേത്രം ഇങ്ങനെ ആയിരുന്നു.
ക്ഷേത്ര ശ്രീകോവിലിനു മുകളില്‍ സ്ഥിതി ചെയ്തിരുന്ന ഒരു കല്ലിന് കാന്തിക ശക്തിയുണ്ടായിരുന്നതായി ചിലര്‍ വാദിക്കുന്നു. ഈ കല്ല് വായുവില്‍ ഉയര്‍ന്നു എങ്ങും തൊടാതെ നില്‍ക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ കാന്തിക ശക്തിയുടെ ബലത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രേ ക്ഷേത്രം നിര്‍മിച്ചത് .
കൊണാര്‍ക്ക് ക്ഷേത്രത്തിന് മുന്നിലുള്ള സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കും മറ്റും ഇതുമൂലം അനേകം അപകടങ്ങള്‍ ഉണ്ടായി. ദിശ കാണിക്കാനായി കപ്പലുകളില്‍ സൂക്ഷിക്കാറുള്ള കോമ്പസ്സുകള്‍ ഈ കാന്തിക പ്രഭാവം മൂലം തെറ്റായി ദിശ കാണിച്ചു.
ക്ഷേത്രത്തിലെ ഈ കല്ലാണ് തങ്ങളുടെ കപ്പലുകളുടെ ദിശ തെറ്റാന്‍ കാരണമെന്ന് മനസിലാക്കിയ പോര്‍ച്ചുഗീസുകാര്‍ ക്ഷേത്രത്തിന് മുകളില്‍ കയറി ഈ കല്ലെടുത്ത് മാറ്റുകയും തന്മൂലം പരസ്പരം കാന്തികമായി ബന്ധപെട്ടു കിടന്ന കല്ലുകള്‍ക്ക് സ്ഥാന ഭ്രംശം സംഭവിക്കുകയും ചെയ്തു.
കാന്തിക മണ്ഡലം തകര്‍ന്നതോടെ ക്ഷേത്രം ക്രമേണ നശിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഇങ്ങനെയൊരു കാന്തിക മണ്ഡലം ഉണ്ടായിരുന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: