ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 30ന് കൊടിയേറും. 27ന് ഉത്സവത്തിന്റെ ശുദ്ധിക്രിയകള്‍ ആരംഭിക്കും. രാവിലെ കൊട്ടിലാക്കലില്‍ ഗണപതിഹോമവും 9ന് ക്ഷേത്രത്തിനകത്ത് കിഴക്കേ നടപ്പുരയില്‍ കലവറ നിറക്കലും നടക്കും. കൊടിയേറ്റ ദിവസം രാവിലെ 9ന് ബ്രഹ്മകലശപൂജയും കിഴക്കേ നടപ്പുരയില്‍ ശ്രീരാമ പഞ്ചശതി പാരായണവും നടക്കും.
വൈകീട്ട് 8നും 8.30നും ഇടയിലാണ് കൊടിയേറ്റം. ഒന്നാം ഉത്സവദിനമായ മെയ് ഒന്നിന് കൊടിപ്പുറത്ത് വിളക്കാഘോഷത്തിന് പുറത്തേക്കെഴുന്നള്ളിപ്പും തുടര്‍ന്ന് പഞ്ചാരിമേളത്തിനും തുടക്കമാകും. രണ്ട് ഉള്ളാനകളടക്കം 17 ഗജവീരന്മാര് രാവിലെ ശീവേലിക്കും വൈകിട്ട് വിളക്കിനും പങ്കെടുക്കും. കൊടിയേറ്റം നടക്കുന്നതോടെ ക്ഷേത്രത്തിനകത്ത് വാതില്‍ മാടത്തില്‍ മിഴാവോടെ ചാക്യാര്‍കൂത്ത് ആരംഭിക്കും. കൊടിപുറത്തെ വിളക്കിന്റെ അന്ന് വൈകിട്ട് സന്ധ്യാവേലപന്തലില് നാഗസ്വരവും മദ്ദളപ്പറ്റും വടക്കേ പടിഞ്ഞാറെ പ്രദക്ഷിണവഴിയില്‍ പാഠകവും പടിഞ്ഞാറെ നടപ്പുരയില്‍ കുറത്തിയാട്ടവും ഏഴു ദിവസവും നടക്കും.
ക്ഷേത്രത്തിനകത്ത് വാതില്‍മാടത്തില്‍ ബ്രാഹ്മണിപ്പാട്ടും സോപാനത്ത് അഷ്ടപദിയും അരങ്ങേറും. രണ്ടാം ഉത്സവദിനം മുതല്‍ ശീവേലിക്കുശേഷം കിഴക്കേ നടപ്പുരയില്‍ ഓട്ടന്തുള്ളല് നടക്കും. ഈ വര്‍ഷം ഉത്സവമേളത്തിന്റെ പ്രമാണം പ്രഗത്ഭ വാദ്യകലാകാരന് ചെറുശ്ശേരി കുട്ടന്‍മാരാര്‍ക്കാണ്. വലിയവിളക്കാഘോഷം മെയ് 8ന് നടക്കും. 9ന് പള്ളിവേട്ട ദിനത്തില്‍ രാവിലെ ശീവേലിയോടെ ഉത്സവപഞ്ചാരിമേളങ്ങള്ക്ക് സമാപനമാകും.
വൈകീട്ട് 8 മണിയോടെ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തേക്ക് വരുന്ന ഭഗവാന് നിശബ്ദമായി ഗജവീരന്മാരുടെ അകമ്പടിയോടെ പള്ളിവേട്ട ആല്‍ത്തറയിലേക്ക് പള്ളിനായട്ടിനായി എഴുന്നള്ളും. പള്ളിവേട്ടയ്ക്കുശേഷം കേളത്ത് കുട്ടപ്പന്മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും തുടര്‍ന്ന് പാണ്ടിമേളവും നടക്കും. 10ന് രാവിലെ 8ന് രാപ്പാള്‍ ആറാട്ട് കടവില്‍ പള്ളിനീരാട്ടിനായി ഭഗവാന് 3 ഗജവീരന്മാരുടെ അകമ്പടിയോടെ യാത്ര തിരിക്കും.
രാപ്പാളില്‍ ആറാട്ടിന് ശേഷം തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം പൂര്‍ത്തിയാക്കി ശ്രീലകത്തേക്ക് എഴുന്നള്ളും. തുടര്‍ന്ന് കൊടിയിറക്കത്തോടെ തിരുവുത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: