കോട്ടയം: വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു. കളക്ടര്‍ക്ക് നേരിട്ട് ലഭിച്ച പരാതികളും പത്രമാധ്യമങ്ങളില്‍ വന്ന വിവിധ വികസന പ്രശ്നങ്ങളും സമിതി ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച തുടര്‍ അനേ്വഷണങ്ങള്ക്കും നടപടികള്‍ക്കുമായി അതത് വകുപ്പ് ജില്ലാതല മേധാവികളെ കളക്ടര്‍ ചുമതലപ്പെടുത്തി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ മലിനജല നിര്‍മ്മാര്‍ജ്ജന സംവിധാനം മെച്ചപ്പെടുത്തുന്നതിന് കെ. സുരേഷ് കുറുപ്പ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ആറ് ലക്ഷം രൂപ യോഗത്തില്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനും പ്രത്യേക സ്കീമുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും കൃഷി നിലങ്ങള്‍ ഒരുക്കലും ജലാശയങ്ങള്‍ വൃത്തിയാക്കലും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണിമല ആറിന്റെ സംരക്ഷണം ഉറപ്പുവരുത്താനും യോഗംതീരുമാനിച്ചു.
വൈക്കം താലൂക്ക് ആശുപത്രിയില്‍ എ.കെ. ആന്റണി എം.പിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായതായി യോഗത്തില്‍ അറിയിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, മുഖ്യമന്ത്രിയുടെ പ്രതിനിധിയും ജില്ലാ പഞ്ചായത്തംഗവുമായ ഫില്‍സണ്‍ മാത്യൂസ്, ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി തോമസ് കല്ലാടന്‍, ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ആര്. മോഹനന്, വകുപ്പുതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: