മട്ടാഞ്ചേരി: ക്യാന്‍സര്‍ രോഗസാധ്യതയടക്കമുള്ള വിഷലിപ്ത കാര്‍ബൈഡ് മിശ്രിതവുമായി പഴുപ്പിച്ച മാങ്ങയും കാര്‍ബൈഡും ഷാഡോ പോലീസ് ഭക്ഷ്യവകുപ്പ് സംഘം പിടികൂടി. മട്ടാഞ്ചേരി ഗുജറാത്തി റോഡില്‍ ജൈനക്ഷേത്രത്തിന് സമീപത്തുള്ള പിഡിഎ ആന്റ് സണ്‍സ് ഫ്രൂട്ട്സ് കടയില്‍നിന്നാണ് കാര്ബൈഡിനാല് പഴുപ്പിച്ച 400 കിലോ തൂക്കം വരുന്ന 24 പെട്ടി മാങ്ങയും കടലാസ്സില്‍ സൂക്ഷിച്ച ഏഴ് കിലോ കാര്‍ബൈഡും പിടികൂടിയത്.
സംഭവത്തില്‍ കോട്ടുകുളം റോഡിലെ അബുമകന് ഷഹീര്‍ (34), ബിഎസ്എസ് റോഡ് കൈതവളപ്പില്‍ ഹംസ മകന് റഫീക്ക് (34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പച്ചമാങ്ങ മണിക്കൂറുകള്‍ക്കകമാണ് കാര്ബൈഡിലൂടെ പഴുപ്പിക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ കണ്ടെത്തുകയും ചെയ്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് ഷാഡോ പോലീസ് എസ്ഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കട പരിശോധന നടത്തിയത്.
മട്ടാഞ്ചേരി സിഐ പി.എം.ബൈജു, ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കാളികളായി. പിടികൂടിയ മാമ്പഴം സാമ്പിള്‍ ലാബറട്ടറി പരിശോധനയ്ക്കായി ഭക്ഷ്യവകുപ്പ് എടുക്കുകയും കട പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. അന്യസംസ്ഥാനത്തുനിന്നടക്കമെത്തുന്ന മാമ്പഴവും ഫലങ്ങളും രാസപദാര്‍ത്ഥങ്ങളുപയോഗിച്ച് പഴുപ്പിച്ചും കേടുവരാതെ സൂക്ഷിച്ചും വ്യാപകമായി വില്‍പ്പന നടത്തുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ അധികൃതര്‍ നടപടികളെടുക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: