കൊട്ടാരക്കര: സ്വകാര്യബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ സാമൂഹികവിരുദ്ധരുടെ അക്രമം. രണ്ടു ബസുകളുടെ പിന്നിലെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. തിരവനന്തപുരത്തേക്കുള്ള ഫാസ്റ്റിന്റേയും കൊട്ടാരക്കര-ഓയൂര്‍ വേണാട് ബസിന്റേയും ചില്ലുകളാണ് തകര്‍ത്തത്. ഇതുമൂലം രണ്ടു ബസുകളുടെയും സര്‍വീസ് മുടങ്ങി.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയുടെ ഭാഗമായി വെള്ളിയാഴ്ച നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലെ ഗതാഗതകുരുക്ക് ഒഴിവാക്കുവാന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള സ്വകാര്യബസ് സ്റ്റാന്റിലേക്ക് കെഎസ്ആര്‍ടിസി ബസ് പാര്‍ക്ക് ചെയ്യാന്‍ പോലീസ് അനുവദിച്ചിരുന്നു.
എല്ലാവര്‍ഷവും ഗതാഗതകുരുക്ക് നിയന്ത്രിക്കുവാന്‍ സ്വകാര്യബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസ് പാര്‍ക്ക് ചെയ്യുന്നത് പതിവായിരുന്നു. വൈകിട്ട് ആയൂര്‍ ബസ് സര്‍വീസ് നടത്തുവാന്‍ എത്തിയ ജീവനക്കാരാണ് ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടത്. കെഎസ്ആര്‍ടിസി പാരിപ്പള്ളി ചെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാരുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബസുകള്‍ക്കു നേരെയുള്ള അക്രമമെന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. കൊട്ടാരക്കര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: