കൊച്ചി: അംഗീകരിക്കാത്ത ഡോ. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ നടക്കുന്ന പ്രചരണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല തീരദേശയാത്ര നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മെയ് ആറിന് കാസര്‍കോഡ് നിന്നാരംഭിക്കുന്ന തീരദേശയാത്ര 14ന് തിരുവനന്തപുരത്ത് സമാപിക്കും. തുടര്‍ന്ന് 15ന് സംഘത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് ധര്‍ണ്ണ നടത്തും.
സബ്സിഡി മണ്ണെണ്ണ ക്വാട്ട പുനഃസ്ഥാപിക്കാത്തത്, മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിലെ പ്രശ്നങ്ങള്‍ തുടങ്ങി മത്സ്യത്തൊഴിലാളികള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ അംഗീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ യഥാര്‍ത്ഥപ്രശ്നങ്ങള്‍ മറച്ചുവച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. വി. പത്മനാഭന്, കെ. രജനീഷ്ബാബു, കെ.ഡി. രാജീവന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: