വാക്കാല്‍ മനസ്സാല്‍ ചക്ഷുസ്സാല്‍ പിടിക്കാന്‍ പറ്റുന്നതല്ലിത്,ഉണ്ടെന്ന് കണ്ടവന് കണ്ടു അല്ലാതാരിത് കണ്ടിടും’
കഠോപനിഷത്തിലെ ‘നൈവ വാചാ ന മനസാ പ്രാപ്തും ശക്യോ ന ചക്ഷുഷാ’ എന്നു തുടങ്ങുന്ന വരികള്‍ക്ക് ടി. ശിവശങ്കരന് നായര്‍ രചിച്ച മറുമൊഴിയാണിത്.
തൃശൂര്‍ ജില്ലയിലെ ചേലക്കരക്കടുത്ത് പുലാക്കോട് എന്ന ഗ്രാമത്തില്‍ താമസിക്കുന്ന വടക്കെ താമറ്റൂര്‍ തറവാട്ടിലെ ശിവശങ്കരന് നായര്‍ ഉപനിഷത് തത്പരര്‍ക്ക് ഒരു വഴികാട്ടിയാണ്.കഴിഞ്ഞ രണ്ടര ദശാബ്ദത്തിലേറെയായി വേദാന്ത ചര്‍ച്ചകള്‍ നടത്തിയും തന്റെ വ്യാഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉപനിഷത് ഗ്രന്ഥങ്ങള്‍ തയ്യാറാക്കിയും ശ്രവണത്തിനു തന്നെ സമീപിക്കുന്ന വിജ്ഞാനദാഹികളില് ഉപനിഷത് ആശയങ്ങള്‍ ഉണര്‍ത്തിയും ആദ്ധ്യാത്മിക വെളിച്ചം പൊഴിക്കുകയാണ് എണ്‍പത്താറുകാരനായ ഈ ജ്ഞാനയോഗി.
ഉപനിഷത്ത് സാധാരണക്കാര്‍ക്ക് ഗ്രഹിക്കുവാന്‍ പ്രയാസമാണെന്നും അത് പണ്ഡിതന്മാര്ക്കും സന്യാസിമാര്‍ക്കും സംസ്കൃതം അറിയുന്നവര്‍ക്കും മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഉപനിഷത് ജ്ഞാനം ജനങ്ങളിലേക്ക് എത്തിക്കുകയാണെങ്കില്‍ അവര്‍ യുക്തിപൂര്‍വ്വം ചിന്തിക്കുവാന്‍ തുടങ്ങുകയും അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുക്തരാവുകയും ചെയ്യുമെന്ന് ഉറച്ചുവിശ്വസിക്കുന്നു ശിവശങ്കരന് നായര്‍.
നമ്മുടെ മഹത്തായ സംസ്കാരത്തിന് മങ്ങലേറ്റതിനു പ്രധാനകാരണം പരിശുദ്ധമായ ഈ അറിവിനെ അവഗണിച്ചതാണെന്നും പരബ്രഹ്മം എന്ന സത്യത്തെ സാക്ഷാത്കരിക്കാനുള്ള ഒരു മാര്‍ഗം ഉപനിഷത്തുകളിലേക്കുള്ള മടങ്ങലാണെന്നും ശിവശങ്കരന് നായര്‍ അഭിപ്രായപ്പെടുന്നു. വേദാന്ത അധ്യയനത്തിന്റെ ആത്മാവ് സ്വതന്ത്രമാണ്. സത്യദര്‍ശികളായ ഋഷിമാര്‍ ലോകനന്മക്ക് നല്കിയ എറ്റവും മഹത്തായ സംഭാവനയാണ് ഉപനിഷത്തുകള്‍. അവ ഉദ്ഘോഷിക്കുന്ന സനാതനസത്യം ജീവിതത്തില്‍ സാക്ഷാത്കരിക്കുകയും അനുവര്ത്തിച്ചുവരികയും ചെയ്യുന്ന ശിവശങ്കരന് നായര്‍ ഏറ്റവും പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുക്കളുടെ ആശയാനുവാദ തര്‍ജ്ജമ മലയാളത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ആശായാനുവാദ തര്‍ജ്ജമയും വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്ന ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നീ ഗ്രന്ഥങ്ങള്‍ മാതൃഭുമി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. ഈശാവാസ്യം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം എന്നിവ ഒരുമിച്ചു ‘അഷ്ടോപനിഷത്തുകള്‍’ എന്ന പേരില്‍ ഉടനെ പ്രസിദ്ധീകരിക്കപ്പെടും. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീവിദ്യാ പ്രതിഷ്ഠാനം ഈയിടെ ‘പണ്ഡിതരത്നം’ പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു.
ശിവശങ്കരന് നായര്‍ ഉപനിഷദ് വ്യാഖ്യാനങ്ങളിലെ വ്യതിരിക്തമായ ശൈലിയുടെ ഉടമയാണ്. മറ്റു വ്യാഖ്യാതാക്കള്‍ സ്പര്‍ശിക്കാതെ വിട്ടിരിക്കുന്ന ചില ഭാഗങ്ങള്‍ വിശദമായി വ്യാഖ്യാനിച്ചിരിക്കുന്നു. ഉപനിഷത്ത് വളരെ ലളിതമാണെന്നും സത്യം ഒട്ടുംവളച്ചുകെട്ടില്ലാതെ പറയുന്നത് ഉപനിഷത്തിലാണെന്നും അദ്ദേഹം പറയുന്നു. ഉപനിഷത്തുമായി ഒരു ‘പ്രത്യേക സാമ’ത്തില്‍ എത്തുന്നതുകൊണ്ടാണ് അതിനെക്കുറിച്ച് ഇത്ര അനായാസമായി അദ്ദേഹത്തിന് പറയാന്‍ കഴിയുന്നത്. ‘ഉള്ളവണ്ണമതു പറവാനും അതറിവാനും ഉള്ളം നല്ലുണര്‍വ്വുള്ളോര്‍’അത്യപൂര്‍വ്വമായെങ്കിലും ഉണ്ടെന്ന് ഈ ഉപനിഷത് ഗ്രന്ഥങ്ങളിലൂടെ തിരിച്ചറിയപ്പെടുകയാണ്.
‘കാര്യം കാരണത്തില്‍ നിന്നുണ്ടാകുന്നു, സ്വര്‍ണ്ണത്തില്‍നിന്ന് വളകളും മറ്റാഭരണങ്ങളും ഉണ്ടാകുന്നതുപോലെ. കാരണം തന്നെയാണ് കാര്യമായി മാറുന്നതെന്നു കാണാം. മറ്റൊരര്‍ത്ഥത്തില്‍ തിരിച്ച് കാരണത്തിലേക്ക് പോകുമ്പോള്‍ കാര്യം ഇല്ലാതാവുകയും ചെയ്യുന്നു. ഇല്ലായെന്ന് ഒരിക്കലും ചിന്തിക്കുവാന്‍ സാധിക്കുകയില്ല. ‘ഇതല്ല ഇതല്ല’ എന്ന (നേതി നേതി) മാര്‍ഗമാണ് ശരിയായിട്ടുള്ളത്. അറിയപ്പെട്ടത്, അറിയപ്പെടാവുന്നത്, ഒരിക്കലും അറിയാന്‍ സാധിക്കാത്തത് ഇത്തരത്തില്‍ അറിവുതന്നെ ലയരൂപത്തില്‍ നിലകൊള്ളുന്നു.
അറിയുവാന്‍ സാധിക്കുകയില്ലയെന്ന് എത്രകണ്ട് വ്യക്തമാക്കുന്നുവോ അത്രകണ്ട് അത് സത്യത്തോട് അടുത്തിരിക്കുന്നു. സത്യോന്മുഖരായവര്ക്ക് സത്യം വെളിപ്പെടുത്തുക എന്ന കര്‍ത്തവ്യമാണ് ഉപനിഷത്തുകളിലൂടെ ഗുരുക്കന്മാര് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അതൊരു രഹസ്യപ്രക്രിയയാണ്. മറ്റുള്ളവരോട് പുറത്തേക്ക് പറയാത്ത ഒന്നിനെയല്ല രഹസ്യമെന്ന് പറയുന്നത് മറിച്ച് പുറത്തേക്ക് പറഞ്ഞാലും തിരിച്ചറിയാത്ത ഒന്നാണത്. അത് ഗുരുവും ശിഷ്യനും തമ്മിലുള്ള സാമമാണ്, ഉപനിഷത്താണ്. ‘ ശിവശങ്കരന് നായര്‍ വ്യക്തമാക്കുന്നു.
നിരവധി ഉപനിഷത് ശ്ലോകങ്ങളുടെ പദ്യരൂപത്തിലുള്ള പരിഭാഷയും ശിവശങ്കരന് നായര്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ചില ഉപനിഷത് ശ്ലോകങ്ങളുടെ ആശയങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകത്തക്കവിധം എഴുതിയിട്ടുള്ള ഒരു കവിതാഭാഗം ഇങ്ങനെയാണ്.
ദിനങ്ങള്‍ വര്‍ഷങ്ങള്‍ വഹിച്ചുകൊണ്ട്
അചിന്ത്യലക്ഷ്യം അണയുന്നതിന്നായ്
കാലപ്രവാഹം ഗതിപൂണ്ടു നില്പൂ
അറിഞ്ഞിടാമാര്ക്കുമതിന്റെ മാര്‍ഗ്ഗം
ഒന്നല്ല രണ്ടല്ല ഒരു കോടിയല്ല
സംഖ്യക്കതീതം പുരുവര്ഷജാലം
കാലപ്രവാഹത്തിലൊലിച്ചുപോയി
പോകാനുമുണ്ടത്ര കിടപ്പു ബാക്കി
അണുപ്രമാണം മനുജന്റെ ദേഹം
ബ്രഹ്മാണ്ഡമെത്രക്കു പെരുത്തതാണ്
എന്നാകിലും മാനുഷഹൃത്തിനുള്ളില്
ബ്രഹ്മാണ്ഡവും അത്ര സമാഹിതം പോല്‍
അണുവിനുപോലും അണുവായ മട്ടില്‍
ബൃഹത്തിലും മേലെ ബൃഹത്തുമായി
ആത്മാവ് വാഴ്വൂ ഹൃദയത്തിനുള്ളില്‍
അകാമരാപ്തര്ക്കിതു പ്രാപ്യമാണ്
സനാതനം ധര്മ്മമിതാണു പോലും
സാക്ഷാത്ക്കരിക്കല്‍ ഹൃദയത്തിലാത്മാ
ശ്രവിക്കല് നന്നായ് മനനം നടത്തല്‍
ദര്ശിക്കലെന്നീ വഴിയാണിതിന്ന്
ശ്രവണ മനന നിദിധ്യാസനങ്ങളിലൂടെ ആത്മസാക്ഷാത്ക്കാരം നേടലാണ് യഥാര്‍ത്ഥത്തില്‍ സനാതനധര്‍മ്മമെന്നും അകാമരായ ആപ്തന്മാര്ക്കാണ് ഇതിന് സാധിക്കുകയെന്നും വെളിപ്പെടുത്തുകയാണ് ഈ വരികളിലൂടെ ശിവശങ്കരന് നായര്‍ ചെയ്യുന്നത്.
ചേലക്കരയിലെ പുലാക്കോട് ഗ്രാമത്തില്‍ അപ്പത്ത് നാരായണന് നായരുടേയും താമറ്റൂര്‍ മൂകാമിയമ്മയുടേയും അഞ്ച് മക്കളില്‍ രണ്ടാമത്തെ മകനായി ജനിച്ച ശിവശങ്കരന് നായര്‍ ചെറുപ്പത്തിലേതന്നെ ആത്മീയവിഷയങ്ങളില്‍ ആകൃഷ്ടനായിരുന്നു. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദമെടുത്ത അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം പുനൈയിലെ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ ആയിരുന്നു.
കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ ശ്രീ മണ്ണൂര്രാമാനന്ദസ്വാമികളുടെ(പരമയോഗീശ്വരനായ ‘സന്നിധി’യുടെ) ശിഷ്യനാകുകയും അദ്ദേഹത്തില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിക്കുകയും ചെയ്തു.തന്റെ ആദ്ധ്യാത്മിക സാധനകള്‍ വിട്ടുവീഴ്ചയില്ലാതെ നടത്തുന്ന സ്വഭാവമുണ്ടായിരുന്ന അദ്ദേഹം ജോലി ഷിഫ്റ്റ് അനുസരിച്ച് ആയിരിക്കുമ്പോള്‍പോലും ഈ നിഷ്ഠകള്‍ കൃത്യമായി അനുഷ്ഠിച്ചിരുന്നു. ചെറുപ്പത്തിലെതന്നെ തന്റെ ആത്മീയജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി മാറിയ ‘പ്രണവത്തിന്റെ അനുഗ്രഹം’ ലഭിച്ചതിനെകുറിച്ച് അദ്ദേഹത്തിന്റെ വരികള്‍ ഇങ്ങനെയാണ്
‘ഉറക്കമേതാണ്ടമരുന്ന നേരം ജപിച്ചു ഞാന്‍ മന്ത്രസ്വഭാവശീലാല്
ഉണര്ന്നിതപ്പോള് പ്രണവം ധ്വനിച്ചു ശരീരമോങ്കാരസമം ഭവിച്ചു’
ബ്രഹ്മജ്ഞാനിയായിരുന്ന ഗുരുവിന്റെ അനുഗ്രഹവും തന്റെ തപസ്സും ധാര്‍മ്മികവും സാംസ്കാരസമ്പന്നരായിരുന്ന മാതാപിതാക്കളുടെ പ്രേരണയുമെല്ലാംശിവശങ്കരന്റെ ആത്മീയ ഉയര്‍ച്ചക്ക് കാരണമായിട്ടുണ്ടാകാം. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വയം വിരമിക്കല്‍ അനുമതി അനുവദിച്ച ഉടനെതന്നെ (1978) അദ്ദേഹം ജോലി വിടുകയും തനിക്ക് താത്പര്യമുള്ള ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ വ്യാപൃതനാവുകയും ചെയ്തു.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഏറെക്കാലം ജപസാധനകളുമായി പകല്‍ മുഴുവന്‍ ചെലവഴിക്കുമായിരുന്ന അദ്ദേഹത്തിന് ഉപനിഷത്ത് ആദ്യമായി വായിച്ചപ്പോള്‍ ‘ഇതു സത്യമാണല്ലോ’ എന്നാണ് തോന്നിയതത്രെ! അതായത് തനിക്ക് മുന്‍കൂട്ടി ബോധ്യംവന്നിട്ടുള്ള ‘സത്യത്തെ’ വീണ്ടും ഓര്‍മ്മിക്കുന്നതുപോലെ. ഉപനിഷത്ത് വായിക്കുവാനും പറയുവാനുമുള്ള യോഗ്യത – അതിനുള്ള ആധികാരികത നേടിയതിനുശേഷമാണ് അദ്ദേഹം ഉപനിഷത്തിലേക്ക് തിരിഞ്ഞത് എന്നു സാരം.’ആഴി ചൂഴുന്നൊരീ ഭൂമി ധനപൂര്ണ്ണം കൊടുക്കിലും,
ഈ ദാനമെത്രയോ താഴെ ബ്രഹ്മവിദ്യയതുല്യമാം’
എന്ന് ‘ശ്രുതി’ തന്നെ ഉദ്ഘോഷിക്കുമ്പോള്‍, ശിവശങ്കരന് നായരുടെ ഉപനിഷത് തര്‍ജ്ജമ ഗ്രന്ഥങ്ങള്‍ നമ്മുടെ ഋഷിപരമ്പരയിലെ അവസാനത്തെ കണ്ണിയിലെ അജ്ഞാതനായ യോഗിയുടെ കാരുണ്യമാണെന്ന് നാം തിരിച്ചറിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: