2014-ലെ ദേശീയ അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ മലയാളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന ആക്ഷേപം ചില കോണുകളില്‍ നിന്ന് ഉയന്നുകേട്ടു?
ഈ വര്‍ഷം മാത്രമല്ല എല്ലാവര്‍ഷവും ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.അതുകൊണ്ട് അതിന് മറുപടി പറയേണ്ടതില്ല എന്നല്ല. മലയാളത്തിന് അഞ്ച് അവാര്‍ഡുകളാണ് കിട്ടിയത്. നല്ല പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്,നല്ല അഡാപ്റ്റഡ് സ്ക്രിപ്റ്റ്, നല്ല പശ്ചാത്തലസംഗീതം, നല്ല നടന് (പ്രത്യേക പരാമര്‍ശം) ,നല്ല മലയാള ചലച്ചിത്രം എന്നിവയാണവ. ഒറ്റാല്, ഐന്‍, 1983 എന്നീ ചിത്രങ്ങളാണ് ഈ പുരസ്കാരങ്ങള്‍ നേടിയത്.
നല്ല സിനിമകളുണ്ടായ മറാഠിയ്ക്ക് 6 അവാര്‍ഡുകളാണ് ലഭിച്ചത്. ഹിന്ദിയ്ക്ക് 8 അവാര്‍ഡുകളും ബംഗാളി ഭാഷയ്ക്ക് 7 അവാര്‍ഡുകളും ലഭിച്ചു. തമിഴിന് പ്രത്യേക സാഹചര്യത്തില്‍ 6 അവാര്‍ഡുകളും ലഭിച്ചു.
ഈ അവാര്‍ഡുകളെല്ലാം ചില നല്ല സിനിമകളാണ് പങ്കുവച്ചത്. മലയാളത്തിന് കൂടുതല്‍ അവാര്‍ഡുകള്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. ഞാനുമാഗ്രഹിക്കുന്നു. ഗുണപരമായി മികച്ച സിനിമകളും ഇവിടെ നിന്നുണ്ടാകണം. മാധ്യമസ്വാധീനംകൊണ്ടും മറ്റ് പ്രചാരവേലകള്‍ കൊണ്ടും ഒരു മോശം സിനിമയെ നല്ലസിനിമയാക്കാന് ഒക്കുമെന്ന് ആരെങ്കിലുമൊക്കെ വിചാരിച്ചാല്‍ എന്ത് ചെയ്യും. ഇതാണ് പലപ്പോഴും മലയാളത്തില്‍ നടക്കുന്നത്.
മികച്ച ഫീച്ചര്ഫിലിമായി ‘ഒറ്റാല്’ ആണ് മുമ്പിലുണ്ടായിരുന്നതെന്ന് കേട്ടിരുന്നല്ലോ. പിന്നെന്താണ് സംഭവിച്ചത്?
തെരഞ്ഞെടുപ്പിന്റെ രീതിയില്‍, മാനദണ്ഡങ്ങളില്‍ ഒക്കെ ജൂറികളുടെ വ്യത്യാസമനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്.വിചാരരീതികളും ലഭിച്ചിട്ടുള്ള കലാതത്ത്വശിക്ഷണങ്ങളും നിയാമകമായി മാറാറുണ്ട്. മറ്റ് കലാബാഹ്യമായ താല്പര്യങ്ങളും വിധിനിര്‍ണ്ണയത്തില്‍ ഇടപെട്ടതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ജയരാജിന്റെ ഒറ്റാല് അഭ്രപാളികളില്‍ നാം അനുഭവിക്കുന്ന ഒരു കാവ്യമാണ്.
വ്യത്യസ്തമായൊരു അഭിപ്രായം ജൂറിയില്‍ മിക്കവര്‍ക്കും ഉണ്ടെന്ന് തോന്നിയിട്ടില്ല. നല്ല സിനിമയായി തെരഞ്ഞെടുക്കപ്പെട്ട മറാഠിചിത്രം കോര്‍ട്ട് ലളിതമായ ആഖ്യാനസങ്കേതമുപയോഗിച്ച് സമകാലീന ഇന്ത്യന്‍ സ്ഥാപനവ്യവസ്ഥകളെ വിചാരണ ചെയ്യുകയാണ്. കോടതികള്‍ എങ്ങനെ മനുഷ്യപ്പറ്റില്ലാത്തതായിത്തീരുന്നു, പോലീസും മറ്റു ഭരണകൂട ഉപകരണങ്ങളും എങ്ങനെ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്നു, കലാകാരന്റെ വീര്‍പ്പുമുട്ടലുകള്‍ അടക്കം ചെയ്യപ്പെടുന്നതെങ്ങനെയാണ് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ആ സിനിമ ഉയര്ത്തുന്നതുകാണാം.
ഇതൊന്നും നമ്മുടെ പല സിനിമകളും ചെയ്യുന്നതുപോലെ വാചകമടിച്ചും പരത്തിപ്പറഞ്ഞും നിര്‍വ്വഹിക്കുന്ന കാര്യങ്ങളല്ല. ഓരോ ഫ്രെയിമുകളും നിശ്ശബ്ദമായി ഇതെല്ലാം കലാത്മകമായി പറയുന്നുണ്ട്. ഒറ്റാലിന് നല്ല ഭാരതീയ ചിത്രമെന്ന അംഗീകാരം അസാദ്ധ്യമായപ്പോള്‍ പകരം കോര്‍ട്ട് തന്നെ കടന്നുവന്നു.
ഒരാള്‍പ്പൊക്കം,അലിഫ്,കരി തുടങ്ങിയ ചിത്രങ്ങള്‍ വ്യത്യസ്ത തലത്തില്‍ നല്ലസിനിമയുടെ പ്രാതിനിധ്യമുള്ളവയല്ലേ.എന്നിട്ടും എന്തുകൊണ്ട് അവയൊക്കെ തഴയപ്പെട്ടു?
നമുക്ക് നല്ല സിനിമകളുണ്ട് എന്ന് ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന സിനിമകളുടെ കൂട്ടത്തില്‍ ഈ ചിത്രങ്ങളുണ്ട്. വേറെ ഒരുപറ്റം സിനിമകളുണ്ട്. ഒട്ടും സങ്കീര്‍ണ്ണതയില്ലാതെ എണ്‍പതുകള്‍ തൊട്ടുള്ള യുവത്വത്തിന്റെ ഭ്രമങ്ങളെ ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുന്ന 1983 എന്ന എബ്രിദ് ഷൈനിന്റെ ചിത്രം നമുക്ക് ഇഷ്ടപ്പെടും.
അലിഫ് മതപൗരോഹിത്തത്തിന്റെ പീഡനങ്ങളെ നേരിടാന്‍ സ്ത്രീ ഒരുമ്പെടുന്നതിന്റെ കാഴ്ചയുടെ പ്രക്ഷോഭമാണ്. മതനൃശംസതകള്ക്ക് കീഴടങ്ങിയ സമകാലിക സമൂഹത്തെ തുറന്നിടുകയാണത്. നാല് തലമുറകളുടെ യാതനകളും രണ്ട് തലമുറയിലെ സ്ത്രീകളുടെ ഉയര്ത്തെഴുന്നേല്പും അലിഫ് കാണിച്ചുതരുന്നു. രാഷ്ട്രീയവല്കരിച്ച് കീഴടക്കിയമുസ്ലിം സമുദായ സ്ത്രീകളുടെ നൊമ്പരം അധിഭാവുകത്വമില്ലാതെ ആവിഷ്കരിച്ചിട്ടുണ്ട്.
അവാര്‍ഡ് പരിഗണനയ്ക്ക് വരുമ്പോള്‍ പല വിചിത്രമായ ന്യായങ്ങളും ഉയര്‍ന്നുവരാറുണ്ട്. അതൊക്കെ അവാര്‍ഡ് കിട്ടാതിരിക്കാന്‍ കാരണമാകാറുമുണ്ട്. പ്രശ്നമവിടെയൊന്നുമല്ല. ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ നല്ല തീയേറ്ററും നല്‍കുന്നില്ല. കാണാന്‍ ആളുകളും വരുന്നില്ല.
ദേശീയോദ്ഗ്രഥനത്തിനുള്ള അവാര്‍ഡ് ഒരു ചിത്രത്തിനും കൊടുത്തു കണ്ടില്ല?
നാഷണല്‍ ഇന്റഗ്രേഷന്‍ ഫിലിം, ആനിമേഷന്‍ ഫിലിം എന്നീ കാറ്റഗറിയില്‍ ഇത്തവണ സമ്മാനം നല്‍കിയിട്ടില്ല. ഗുണനിലവാരമില്ലെന്ന് ബോദ്ധ്യപ്പെട്ടാല്‍ അവാര്‍ഡ് നല്കാതിരിക്കാം. ദേശീയോദ്ഗ്രഥനത്തിനുള്ള മാനദണ്ഡം ഹിന്ദു-മുസ്ലിം മൈത്രിയോ മതമൈത്രിയോ മാത്രമാണെന്ന തെറ്റായ ധാരണയില്‍ നാം വീണുപോയാല്‍ എന്തുചെയ്യും. ഹിന്ദുവായ കഥാപാത്രം കമ്മ്യൂണിസ്റ്റായാല്പോലും ദേശീയോദ്ഗ്രഥന പരിഗണനയ്ക്ക് പുറത്താകും. മുസ്ലിം സ്ത്രീയെ സഹായിച്ചിട്ടു കാര്യമില്ല. അലിഫിലും ഇതാണ് സംഭവിക്കുന്നത്.
സെന്‍ട്രല്‍ ജൂറിയുടെ പരിഗണനയില്‍ വന്നതില്‍ പ്രതീക്ഷ നല്കുന്ന മലയാളചിത്രം?
ഒന്നിലധികം ചിത്രങ്ങളുണ്ട്. സിനിമാറ്റിക് സെന്‍സില്‍ ഇന്നത്തെ നഗരവല്‍ക്കരിക്കപ്പെട്ട കേരളസമൂഹത്തെ വിഷ്വലൈസ് ചെയ്യുന്നത് ഒരാള്‍പ്പൊക്കമാണ്. ആ ചിത്രത്തിന്റെ ഓരോ ഫ്രെയിമിനുപിന്നിലും ഒരു സാഹസമുണ്ട്. അത് നാം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തില്ലെങ്കില്‍ സിനിമ എന്ന കലയോട് ചെയ്യുന്ന പാപമാണ്. നമ്മുടെ സിനിമയില്‍ മുമ്പു പലരും കൊണ്ടുവരാന്‍ ശ്രമിച്ച പരീക്ഷണോത്സുകതയുടെ താളമതിനുണ്ട്. പെട്ടന്നോര്ക്കുന്ന ചില പേരുകളുണ്ട്. അടൂര്‍സാര്‍, അരവിന്ദന്-ഇവര്‍ സിനിമയെ മറ്റു ദൃശ്യകലകളില്‍ നിന്നും സാഹിത്യമെന്ന മാധ്യമത്തില്‍നിന്നും സ്വതന്ത്രമായ വര്‍ക്ക് ഓഫ് ആര്‍ട്ട് ആയി കണ്ടുകൊണ്ട് ചിന്തിച്ചവരാണ്.
അവരുടെ സാഹസപ്രവൃത്തികളുടെ സമാന്തരങ്ങള്‍ ഇത്തരം സിനിമകളില്‍ കാണാം. ജനപ്രിയതയെ ആശ്ലേഷിച്ച പദ്മരാജനും ഭരതനും യവനിക എന്ന ഒന്നാന്തരം തിരക്കഥയില്‍ മെച്ചപ്പെട്ട സിനിമചെയ്ത കെ.ജി ജോര്‍ജ്ജും കലാംശത്തെ ആസ്വാദകരിലേക്ക് കൊണ്ടുചെന്നവരാണ്. മധ്യവര്‍ത്തി സിനിമയെന്ന് ഇവരുടെ ചിത്രങ്ങളെ നല്ല അര്‍ത്ഥത്തിലും കളിയാക്കിയും വിളിച്ചിട്ടുണ്ട്.
എങ്കിലും പ്രേക്ഷകരെ ആ സിനിമകള്‍ കലയോട് അടുപ്പിച്ചു നിര്‍ത്തി. തൂവാനത്തുമ്പികളും മറ്റും ചൂടന്‍ ഫ്രയിമുകള്കൊണ്ടല്ല നമ്മെ പിടിച്ചെടുക്കുന്നത്. ജീവിതത്തോടുള്ള അതിന്റെ സമീപനത്തിലെ സൗന്ദര്യപരതകൊണ്ടാണ്.ഷാജി എന്‍ കരുണും ദൃശ്യത്തിലൂടെ സംസാരിക്കുന്ന പാറ്റേണുകളാണ് അനുവര്‍ത്തിച്ചത്. പിറവി ധ്യാനാത്മകമായ ആവിഷ്കാരമായി മാറുന്നത് അതുകൊണ്ടാണ്. സെന്‍സിറ്റീവായി കഥ പറയുകയും വൈകാരികതയെ നിലനിര്‍ത്തുകയും ചെയ്യുന്ന ഇവരുടെയൊക്കെ കാലം കഴിഞ്ഞു എന്നുതോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് ഇവര്‍ തന്നെയും പിന്നെ പലപ്പോഴും ചെയ്തത്. കുറേക്കാലമായി മെലോഡ്രാമകളുടെ മലവെള്ളപ്പാച്ചിലാണ്.
താരപദവി നിലനിര്‍ത്തുന്നതിന് വെപ്രാളപ്പടുന്ന സിനിമകള്‍ നമ്മുടെ സിനിമയെ എങ്ങോട്ടാണ് നയിക്കുന്നത്?
താരങ്ങളെ ആശ്രയിച്ചുള്ള സിനിമാ നിര്‍മ്മാണം നമുക്ക് ആദ്യകാലം തൊട്ടുണ്ട്. പക്ഷെ ഇന്നുകാണുന്ന വിധത്തില്‍ അപകടകരമായിരുന്നില്ല മുമ്പ്.കെ.എസ്.സേതുമാധവനെ പോലുള്ളവര്‍ പ്രശസ്തമായ രചനകള്‍ ചലച്ചിത്രങ്ങളാക്കാന്‍ ഒരുങ്ങി. നല്ല സാഹിത്യകൃതികളെ സിനിമയാക്കുമ്പോള്‍ ഒരുപാട് വെല്ലുവിളികളുണ്ട്. അതിലൊന്ന് ആഴമുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കുവാന്‍ പ്രാപ്തിയുള്ള നടീനടന്മാരെ കിട്ടുക എന്നതാണ്. നമ്മുടെ കഴിഞ്ഞ തലുറയിലെ പ്രതാപികളായ നടന്മാര് അങ്ങനെ ഉണ്ടായവരാണ്.
പക്ഷെ ഇന്ന് താരങ്ങള്‍ രാജാക്കന്മാരും ചക്രവര്ത്തികളുമാണ്. അവര്‍ കൊല്ലുംകൊലയും ഉള്ളവരാണ്. അങ്ങനെ കൊല്ലപ്പെട്ട സിനിമകളുടെ പ്രേതങ്ങള്‍ പുഴുത്തുവീര്ത്തും ചീഞ്ഞളിഞ്ഞും പരത്തുന്ന ദുര്‍ഗ്ഗന്ധത്തിന് മുമ്പിലാണ് നാം മൂക്ക് പൊത്തിനില്ക്കുന്നത്.ഇപ്പോള്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയുമാണുള്ളത്.ചലച്ചിത്രകാരന്റെ സിനിമകളില്ല, മലയാളസിനിമകളുമില്ല.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ മാത്രമാണ് ഇന്ന് ഇവിടെ സിനിമയെന്ന പേരിലിറങ്ങുന്ന കൂടുതല്‍ സാധനങ്ങളും. അവര്‍ക്ക് വേണ്ടി തിരക്കഥയുണ്ടാക്കുന്നു, ഡയലോഗുകള്‍ എഴുതുന്നു. അവര്‍ക്ക് ഇഷ്ടമില്ലാത്തവ പുറംലോകം കാണുന്നില്ല. പ്രതിഭയുള്ള ചെറുപ്പക്കാര്‍ ഈ കളി കണ്ട് പേടിച്ച് പുറത്തുനില്ക്കുന്നു. അപ്പോഴാണ് ചില മഹാരഥന്മാര് ഇവിടെ നല്ല തിരക്കഥ ഉണ്ടാകുന്നില്ല എന്ന് പരിതപിക്കുന്നത്.
ഈ സ്ഥിതി മറ്റു ഭാഷകളിലുമുള്ളതല്ലോ. തമിഴും ഹിന്ദിയുമൊക്കെ ഉദാഹരണം?
ശരിയാണ്. ഹിന്ദിയിലും ഈ സ്ഥിതിക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ദൈവങ്ങളും രാജാക്കന്മാരും അവിടം അടക്കിവാഴുന്നത് അതുകൊണ്ടാണിപ്പോഴും. മലയാളത്തില്‍ 20 വര്‍ഷം മുമ്പ് വിദേശത്തുനിന്ന് കോപ്പി ചെയ്തിറക്കിയ ത്രെഡുകള്‍ ഇപ്പോഴും ഹിന്ദിയില്‍ ചൂടപ്പംപോലെ വിറ്റഴിഞ്ഞുപോകുന്നത് നമ്മള് കാണുന്നില്ലേ.
തമിഴിനെ നോക്കൂ. നമ്മല് പരിഹസിച്ചിരുന്ന തമിഴ് കമ്പോളസിനിമകള്‍ സാങ്കേതികമായി പെര്ഫെക്ഷനിലേക്ക് പോകുന്നു. സമാന്തരമായി മറ്റൊരു ട്രെന്‍ഡും ശക്തമാണ് തമിഴ്നാട്ടില്‍. താരങ്ങളില്ലാതെ, വര്ണ്ണപ്പൊലിപ്പൊന്നും കൂടാതെ സമകാല യാഥാര്‍ത്ഥ്യത്തെ, രാഷ്ട്രീയമായ വിവക്ഷകളോടുകൂടി ആഴത്തില്‍ അപഗ്രഥിക്കുന്ന സിനിമകളുണ്ടാവുന്നു. അവ രൂപപ്പെടുന്നത് സാംസ്കാരിക ബദല്‍ എന്ന നിലയിലാണ്.
ഇത്തരം ശ്രമങ്ങള്‍ മലയാളത്തില്‍ ഉണ്ടാവുന്നില്ലേ?
അപൂര്‍വ്വമാണ്. ഗോത്രസ്വഭാവങ്ങളുടെ വ്യത്യസ്തതകളും തുടര്‍ച്ചയും കേരളീയ സ്വത്വവും ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും. ചെയ്യണം. നമ്മളൊരു സ്വാംശീകൃത സമൂഹമെന്നനിലയില്‍ കലയില്‍ വരുമ്പോള്‍ പല കലര്‍പ്പുകള്‍ കൂടിമറിയാനിടയുണ്ട്. അതും നമ്മുടെ സ്വത്വമാണ്. ഇതൊക്കെ സൂക്ഷ്മതയില്‍ ആവിഷ്കരിക്കാനുള്ള സ്പെയ്സ് സിനിമയിലുണ്ട്. അങ്ങനെ സിനിമയെ ഉപയോഗപ്പെടുത്തുന്നവര്‍ എത്ര പേരുണ്ടെന്നത് വേറെ കാര്യം. ഇപ്പോഴും നമ്മുടെ സിനിമ സംസാരിക്കുന്നത് സാഹിത്യഭാഷയിലാണ്.
2014-ലെ സിനിമകള്‍ വച്ചുനോക്കുമ്പോള്‍ കൂടുതല്‍ പ്രതീക്ഷ തരുന്ന ഭാഷാസിനിമ ഏതാണ്?
ബംഗാളിയില്‍ നല്ല മാറ്റങ്ങള്‍ വരുന്നു. മറാഠിയില്‍ ശുഭകരമായ ചലനങ്ങള്‍ മുന്‍നിരയിലെത്തിക്കഴിഞ്ഞു. ക്വാഡയൊക്കെ അതാണ് സൂചിപ്പിക്കുന്നത്. സാമൂഹ്യ സ്ഥാപനങ്ങളെ വിശകലനം ചെയ്യുകയും പരിവത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന കലാസൃഷ്ടികളായി അവ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം വിഷയങ്ങള്‍ മുദ്രാവാക്യങ്ങള്‍ പോലെ വിളിച്ചു പറയാനെ നമ്മുടെ സിനിമയ്ക്ക് വശമുള്ളു എന്നത് നമ്മുടെ ബലഹീനതയാണ്.
ഇപ്രാവശ്യത്തെ ദേശീയ അവാര്‍ഡ് നിര്‍ണയപ്രക്രിയയില്‍ എന്തെങ്കിലും ഇടപെടലുകള്‍ ഉണ്ടായതായി തോന്നിയിട്ടുണ്ടോ?
ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ നിലവില്‍ ഒന്നിലധികം ഘട്ടങ്ങളുണ്ട്. അപേക്ഷിക്കുന്ന യോഗ്യമായ സിനിമകള്‍ എന്‍ട്രി ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ അവ പ്രാദേശിക ജൂറികളുടെ മുമ്പില്‍ എത്തും. പ്രാദേശികജൂറി അതില്‍ നിന്ന് 30 ശതമാനത്തോളം സിനിമകള്‍ കാറ്റഗറി തിരിച്ചോ അല്ലാതെയോ സെന്‍ട്രല്‍ ജൂറിയുടെ പരിഗണനക്ക് വിടും. ആ സിനിമകളാണ് സാധാരണയായി അവാര്‍ഡിന് പരിഗണിക്കുന്നത്. പ്രാദേശിക ജൂറിയുടെ സെലക്ഷന് പുറത്തുനിന്നും സിനികള്‍ സെല്‍ട്രല്‍ ജൂറിയ്ക്ക് പരിഗണിക്കാവുന്നതാണ്. അതിന് ചെയര്‍മാനുള്‍പ്പെടെ 5 ജൂറിയംഗങ്ങള്‍ സമ്മതിക്കണം.
പ്രാദേശിക ജൂറി തെരഞ്ഞെടുത്ത ചിത്രങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉണ്ടാകാം. സെന്‍ട്രല്‍ ജൂറി അംഗം എന്ന നിലയില്‍ എനിക്ക് തെരഞ്ഞടുപ്പിന്റെ കാര്യത്തില്‍ യാതൊരു സമ്മര്‍ദ്ദവുമുണ്ടായിട്ടില്ല. രാഷ്ട്രീയമായ ഒരു ഇടപെടലും ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. അക്കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നൂറുശതമാനവും ശരിയാണ്. ഏറ്റവും നല്ല ഫീച്ചര്‍ ഫിലിം ആയ കോര്‍ട്ട് ചെയ്തതുപോലും ഒരു ഇടതുപക്ഷക്കാരനാണെന്ന് പറയുന്നു. അതിന്റെ ട്രീറ്റ്മെന്റും നവമാര്‍ക്സിയന്‍ ഉള്ളടക്കത്തിലാണെന്നു പറയാം. ബിജെപി രാഷ്ട്രീയത്തോട് ഭിന്നിച്ചുനില്ക്കുന്നവരായിരുന്നു ഭൂരിപക്ഷം ജൂറിയംഗങ്ങളും എന്നെനിക്ക് തോന്നിയിട്ടുണ്ട്. ജൂറിയുടെ ഘടന, അതിന്റെ സൗന്ദര്യനിലവാരം എന്നിവയെക്കുറിച്ച് ഒരു പരിചിന്തനത്തിന് സമയമായെന്നു തോന്നുന്നു.
ജൂറി ചെയര്മാന് ഭാരതീ രാജയുടെ
നിലപാടുകള്‍ മലയാളത്തിന് ദോഷം ചെയ്തോ?
ഞാന്‍ മലയാളസിനിമയുടെ പ്രതിനിധിയായല്ല ജൂറിയിലെത്തിയതും ജൂറിയായി പ്രവര്‍ത്തിച്ചതും. നല്ല സിനിമകളെയും പ്രാദേശിക ഭാഷാസിനിമകളെയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ചുമതലപ്പെട്ടയാള്‍ എന്ന നിലയിലാണ്. ആ ജോലി ചെയ്യുന്നതിനിടയില്‍ നല്ല മലയാള സിനിമയെ ഒതുക്കാന്‍ പ്രാദേശികവാദം വച്ചുകൊണ്ടോ മറ്റേതെങ്കിലും കാരണങ്ങള്‍കൊണ്ടോ ആരെങ്കിലും ശ്രമിച്ചാല്‍ അതു സമ്മതിച്ചുകൊടുക്കാന്‍ എന്റെ ധാര്‍മ്മികബോധം അനുവദിക്കുകയില്ല. ഒരാളും സ്വന്തം ഭാഷയ്ക്ക് കൂടുതല്‍ അവാര്‍ഡ് സംഘടിപ്പിക്കാനുള്ള അവസരമായി ജൂറി സ്ഥാനത്തെ കാണാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ നല്ല സിനിമ ചെയ്യുന്നവര്‍ നിരാശരായിപ്പോകും. അതൊരത്ഥത്തില് ദേശദ്രോഹമായി ഞാന്‍ കാണുന്നു.
ജൂറിയെ തെരഞ്ഞെടുക്കുന്ന രീതിയെ
എങ്ങനെ കാണുന്നു?
ജൂറിയെ തെരഞ്ഞെടുക്കുന്നതില്‍ കാലോചിതമായ മാറ്റം അനിവാര്യമാണ്. ഉദ്യോഗസ്ഥരുടെ തന്നിഷ്ടംപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടത്തുന്നത്. സ്ഥിരം കുറച്ച് ജൂറികള്‍ അവര്‍ക്കുണ്ട്. ഇതില്‍ പലരും യോഗ്യതയില്ലാത്തവരാണ്. പഴയ ഏതോ സിനിമയില്‍ അഭിനയിച്ചതിന്റേയോ ഏതോ പൊട്ടന് സിനിമ എടുത്തതിന്റെയോ പിന്‍ബലത്തില്‍ കയറിപ്പറ്റിയവര്‍ തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. സിനിമയുടെ മാറ്റങ്ങളെ വിശകലനം ചെയ്യാന്‍ കഴിയാത്തതാണ് ഇവരുടെ പോരായ്മ.
പ്രാദേശിക ജൂറികള്‍ പക്ഷപാതം കാണിക്കുന്നു എന്ന ആരോപണം? മലയാള സിനിമയുടെ കാര്യത്തിലാണ് ഈ ആരോപണം കൂടുതല്‍ ഉയര്‍ന്നുവന്നത്?
മലയാളത്തിലെ നല്ല സിനിമകളെ പരിഗണിച്ചില്ല എന്ന ആരോപണം ഉയര്‍ന്നുവന്നത് സെന്‍ട്രല്‍ ജൂറിയുടെ ഭാഗത്തുനിന്നല്ല. മലയാളത്തിലെ നല്ല സിനിമകളെ സ്വപ്നം കാണുകയും സിനിമാ എന്ന സങ്കേതത്തിന്റെ സാധുതകളെക്കുറിച്ച് നല്ല ധാരണയുള്ള, എടുത്തുകാണിക്കാവുന്ന സിനിമാ പ്രവര്‍ത്തകരില്‍നിന്നാണ് ഈ ആരോപണം വന്നിരിക്കുന്നത്. അതിന് പ്രാദേശിക ജൂറി ആയി വന്ന വ്യക്തിയാണ് മറുപടി പറയേണ്ടത്.
ഹൗ ഓള്‍ഡ് ആര് യു, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ മലയാളത്തിലെ നല്ല ചിത്രങ്ങള്‍ പ്രാദേശിക ജൂറി ആദ്യംതന്നെ തള്ളിക്കളഞ്ഞത് മനഃപൂര്‍വമാണെന്ന് കേള്‍ക്കുന്നു?
ഈ സിനിമകളൊക്കെ വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്. ദേശീയ ജൂറിയുടെ മുന്നില്‍ വന്നില്ല എന്നതുകൊണ്ടോ അവാര്‍ഡ് കിട്ടിയില്ല എന്തുകൊണ്ടോ ഈ സിനിമകള്‍ അപ്രസക്തമാകുന്നില്ല.
സൂപ്പര്‍ സ്റ്റാറുകള്‍ക്ക് റിട്ടയര്‍മെന്റ് വേണമെന്ന
അഭിപ്രായത്തോട്?
ഒരു നടനെയോ നടിയെയോ സംബന്ധിച്ച് റിട്ടയര്‍മെന്റ് മരണത്തോടെ മാത്രമേ സംഭവിക്കൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ സൂപ്പര്‍സ്റ്റാറുകള്‍ കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും തയ്യാറാകണം. മെനക്കെടുവാന് സൂപ്പര്‍സ്റ്റാറുകള്‍ ഒരുക്കമല്ല. ഈ രീതി മാറ്റണം.
താരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിനിമയെ ബാധിക്കുന്നു എന്നുതോന്നുന്നുണ്ടോ?
മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നീ എളുപ്പം വിറ്റഴിക്കാവുന്ന താരങ്ങളെ വച്ചുകൊണ്ടാണ് സിനിമ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കാര്‍ക്കും പരീക്ഷണങ്ങള്‍ക്ക് താല്പര്യവുമില്ല. അല്പമെങ്കിലും പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത് മമ്മൂട്ടിയാണ്. അദ്ദേഹം തന്റെ പഴയ കലയായ മിമിക്രിയെ അനുകരിക്കുകയാണ്. മോഹന്‍ലാല്‍ യാതൊരു ബദ്ധപ്പാടിനും ഇപ്പോള്‍ ഒരുക്കമല്ല. ഗാന്ധിനഗര്‍ തൊട്ട് കിരീടം വരെയുള്ള സിനിമകളില്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഗുണഫലം വച്ച് ജീവിക്കുകയാണ്. ഇവരില്‍ പലരും നടനകലയുടെ ഉപകരണം ശരീരമാണെന്ന് അറിഞ്ഞ് അതിനെ നിയന്ത്രിച്ചുനിര്ത്തുന്നവരല്ല. അതുകൊണ്ട് അവരുടെ എക്സ്പ്രഷനുകള്‍ അവരുടെ പിടിവിട്ടുപോകുന്നു. ഫെയ്ഷ്യല്‍ എക്സ്പ്രഷനും ശബ്ദവുംപോലും അരോചകമായിത്തീരാറുണ്ട്. അതുകൊണ്ടാണ് ദേശീയതലത്തില്‍ മത്സരത്തിനുപോലും അവര്‍ക്ക് കഴിയാതെ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: