പുതുമകളും മാറ്റങ്ങളും കൊണ്ടു സമൃദ്ധമാണ് തൃശൂര്‍പൂരം. ഇത് പൂരം ആരംഭിച്ചകാലം മുതല്ക്കുള്ളതാകാം. ഒരുകാലത്ത് വാശിനിലനിന്നിരുന്നു. ഇന്ന് അതെല്ലാം അസ്തമിച്ചു. പരസ്പരം അറിഞ്ഞുകൊണ്ടുള്ള തീരുമാനങ്ങളാണ് പൂരത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് തിരുവമ്പാടിക്കും, പാറമേക്കാവിനും നന്നായിട്ടറിയാം. ആനക്കാര്യത്തിലും മറ്റുമാണ് പിടിവലിയുണ്ടായിരുന്നത്.വാദ്യക്കാര്ക്കുവേണ്ടിയും അത് പതിവുണ്ടായിരുന്നു.
പലവാശികളും മറക്കാനാവാത്ത വഴക്കിലെത്തുക പതിവാണ്. പലരും മറുകണ്ടം ചാടുകയും നടപ്പു രസങ്ങളാണ്. എന്നാലും പൂരം തട്ടകക്കാര്‍ക്ക് വാശിപ്പൂരം തന്നെയാണ്. അതുപറയാതെ വയ്യ. തലയെടുപ്പുള്ള ആനകളും, അതിനൊത്തവാദ്യങ്ങളും നിരന്നാല്ത്തന്നെയാണ് പൂരം പൊടിപൊടിക്കുക. സീനിയര്‍ കലാകാരന്മാരെ പെന്‍ഷനാക്കി വിടുന്നതും തൃശൂര്‍ പൂരത്തിലെ പതിവാണ്.
തിരുവമ്പാടിയുടെ തിമില പ്രമാണിയായിരുന്ന അന്നമനട പരമേശ്വര മാരാര്‍ ഇക്കുറി പൂരത്തിനില്ല. കാരണം അദ്ദേഹം ചികിത്സയിലാണ്. നാല്പത്തിനാലുവര്ഷം തിമില നിരയില്‍ നില്‍ക്കുകയും കഴിഞ്ഞ പതിമുന്നുവര്ഷം പ്രമാണിയാകുകയും ചെയ്ത മാരാര്‍ വലിയ മനോവിഷമത്തിലാണ്. കൈക്കേറ്റ പരുക്ക് വകവയ്ക്കാതെ കഴിഞ്ഞ പൂരത്തിന് നിന്നു. അസുഖം പഴയ പടിയായി. വിരലിനേറ്റ മുറിവ് ഇപ്പോള്‍ ഭേദമായി വരുന്നു. അടുത്തവര്‍ഷം പൂരത്തിന് കാണാമെന്നാണ് പരമേശ്വരഭാഷ്യം.
അതിനിടയിലാണ് തിരുവമ്പാടിയുടെ തിമിലനിരയില്‍ പൊളിച്ചു പണി നടക്കുന്നത്. ദീര്‍ഘകാലം പാറമേക്കാവിലെ പഞ്ചവാദ്യത്തിന് ഇടക്ക വായിച്ചിരുന്ന ചോറ്റാനിക്കര സുഭാഷ് തിമിലയുമായി പുകള്‍പെറ്റ തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് എത്തിച്ചേരുകയാണ്. മുത്തച്ഛന് കുഴൂര്‍ കുട്ടപ്പമാരാര്ക്കുശേഷം പേരക്കുട്ടി തിരുവമ്പാടിയില്‍ ഏതാണ്ട് അതേസ്ഥാനത്ത് എത്തുമ്പോള്‍ വരുന്നമാറ്റത്തെപ്പറ്റി ചിന്തിച്ച് കോരിത്തരിച്ചിരിക്കയാണ് ആസ്വാദകര്‍. ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത സ്വഭാവക്കാരാണ് ഇരുവരും.
അച്ഛന് ചോറ്റാനിക്കര നാരായണ മാരാര്‍ തിമിലനിരയിലെ ഉജ്വലനായിരുന്നു. അതേപാതയിലൂടെ കരുത്തനായി നാടെങ്ങുമുള്ള നടപ്പുരകളില്‍ കൊട്ടിത്തകര്‍ക്കുകയാണ് സുഭാഷ്. ഇരുപത്തഞ്ചുവര്‍ഷം പാറമേക്കാവില്‍ ഇടക്കയുമായി നിന്നതിന്റെ സ്മരണാര്‍ത്ഥം സുവര്‍ണ്ണഹാരം ലഭിച്ച അദ്ദേഹം ഇടക്കക്കാരനായിട്ടല്ല ഇന്നറിയപ്പെടുന്നത്. നല്ല സംഗീതജ്ഞാനമുള്ള ഈ ചോറ്റാനിക്കരക്കാരന്‍ തിമിലയിലെ മോഹിപ്പിക്കുന്ന വാഗ്ദാനമാണ്.
രാമമംഗലം ബാണിയുടെ പിന്തുടര്ച്ചക്കാരനായി നിലനില്‍ക്കുന്ന സുഭാഷിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രയോഗത്തിനെ തിരുവമ്പാടിത്തട്ടകക്കാര് ആത്മാര്‍ത്ഥമായി സ്നേഹിക്കുകയാണ്.
പഞ്ചവാദ്യത്തിന്റെ പ്രമാണിസ്ഥാനം കൈകാര്യം ചെയ്യുന്നതില്‍ സുഭാഷിനുള്ള വശ്യത യുവാക്കള്‍ നോക്കിക്കാണുക പതിവാണ്. ഇക്കുറി തട്ടകക്കാരായ യുവാക്കള്‍ ഭരണസമിതിക്കാര്‍ക്കു മുന്നില്‍ ഒന്നേ ബോധിപ്പിക്കാനുണ്ടായിരുന്നുളളൂ. എന്തുവന്നാലും മഠത്തില്‍ വരവിന് സുഭാഷുവേണം. അത് ചര്‍ച്ചകള്‍ക്കുശേഷം ഉറപ്പിച്ചുകഴിഞ്ഞു. സുഭാഷിന്റെ സാന്നിധ്യം പരമേശ്വരമാരാരുടെ കുറവ് നികത്തുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: