പരാജയം വിജയത്തിലേക്കുള്ള ചുവടുവെപ്പാണെന്നും അതൊന്നും ഒരു പ്രശ്നമല്ലെന്നും ഒക്കെ പറയാമെങ്കിലും തോല്‍ക്കുന്നവന്റെ മനസ്സില്‍ മുറിവ് വാ പിളര്‍ന്നങ്ങനെ നില്ക്കുകയായിരിക്കും. ഏത് സാരോപദേശമാണെങ്കിലും ആ മുറിവ് ഉണക്കാന്‍ പര്യാപ്തമാവാറില്ല. അതുകൊണ്ടുതന്നെ പരാജിതന് വിജയിയുടെ നിഴലില്‍ ഒളിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഫസ്റ്റ് അറ്റംപ്റ്റ് ഇന്‍ ലേണിങ് എന്ന് ഫെയില്‍ നെക്കുറിച്ചൊക്കെ വാചകമടിക്കാം. പക്ഷേ, തോല്‍വി തോല്‍വി തന്നെ. എസ്എസ്എല്‍സിക്ക് തോല്ക്കുകയെന്നാല് ജീവിതാവസാനമായി എന്നുകരുതിയ നവയൗവനങ്ങള്‍ അനവധി.
ഓര്‍മകളുടെ മഹാകാശത്ത് ഇപ്പോഴും വഴിതെറ്റിയ ആത്മാക്കളായി അവരൊക്കെ പറന്നുനടക്കുന്നുണ്ടാവും. ഇതിന് ഒരു പ്രതിവിധിയായാണ് മോഡറേഷന് വന്നത്.
മാര്‍ക്ക് വാരിക്കോരി നല്കി പാസ്സാക്കാന്‍ തുടങ്ങിയപ്പോള്‍ വിജയത്തിന് തിളക്കമേ ഇല്ലാതായി എന്ന് ചുണക്കുട്ടന്മാര് പരാതിപ്പെട്ടു. അതൊന്നും അത്രകാര്യമാക്കാതെ കാലം നീങ്ങുമ്പോഴാണ് വിദ്യാഭ്യാസത്തില്‍ അടിസ്ഥാനപരമായ ചില അഭ്യാസങ്ങള്‍ വന്നു തുടങ്ങിയത്.
ഓരോ കാലത്തെയും ഭരണകൂടം എസ്എസ്എല്‍സി പരീക്ഷ അവരുടെ നേട്ടമാക്കാന്‍ തുടങ്ങി. പോകപ്പോകെ ശതമാനക്കണക്കിനായി ഉയര്‍ച്ച. ഏറ്റവും വലിയ വിജയശതമാനം ഏറ്റവും മികച്ച ഭരണത്തിന്റെ സൂചകമായി. ചാക്കീരി അഹമ്മദുകുട്ടിയുടെ പേര് ഒരിക്കലെങ്കിലും പറയാത്തവര്‍ ഉണ്ടാവില്ല. എന്താ കാരണം? കഷ്ടപ്പെട്ട് പഠിച്ചാലും ക്ലാസ് കയറ്റം കിട്ടാത്തതിന്റെ വിഷമം അങ്ങോര് ശരിക്കും അറിഞ്ഞു.
അത് പഠിച്ചു. അങ്ങനെ ഒന്നാം ക്ലാസു മുതല്‍ ഒമ്പതാം ക്ലാസുവരെ ഓള് പ്രമോഷന് എന്ന ചാക്കീരി പാസുവന്നു. മന:പാഠമാക്കി വെച്ചത് ഉത്തരക്കടലാസില്‍ എഴുതിവെച്ചാല്‍ അത് ജീവിതമാവില്ലെന്ന് കണ്ടറിഞ്ഞ ആ മനുഷ്യസ്നേഹിക്ക് ഇതാ ഒരു പിന്‍ഗാമി.
പരീക്ഷ എന്നൊരു സംഭവമേ ഇനി മുതല്‍ ഉണ്ടാവരുതെന്ന് നിഷ്കര്ഷയുള്ളയാളാണ് മ്മടെ റബ്ബ്ക്ക. എന്തിനാണ് പിള്ളാരെ തോല്‍പ്പിക്കുന്നത്? വെറുതെ രക്ഷിതാക്കളുടെ കാശുകളയാനുള്ള ഒരു വേലയല്ലേ അതെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങിയിട്ട് നാളൊരുപാടായി. വന്ദ്യമുന്ഗാമിയുടെ തരളിതമായ ഓര്‍മകളില്‍ കുളിച്ചുനില്ക്കുന്ന റബ്ബ്ക്ക രണ്ടും കല്‍പ്പിച്ചുതന്നെയാണ് ഇപ്പോഴത്തെ പത്താംക്ലാസ് മാമാങ്കത്തിന് മുഖത്തെഴുത്ത് നടത്തിയിരിക്കുന്നത്.
പരാജയം എന്ന വാക്കുതന്നെ വിദ്യാഭ്യാസ വകുപ്പില്‍നിന്ന് എടുത്തുകളയാന്‍ അണ്ടര്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരിക്കുന്ന പുമാന്റെ കൈയില്‍ വിദ്യാഭ്യാസം ഭദ്രം. അതിന്റെ മികവാര്‍ന്ന മുഖമാണ് 2015 ലെ എസ്എസ്എല്‍സി ഫലം. മേപ്പടിപരീക്ഷ സോ സിമ്പ്ള്‍, സോ നൈസ് എന്ന അവസ്ഥയിലെത്തിച്ച ആ ബഹുമാനിതന് എന്ത് അവാര്‍ഡാണ് നമുക്ക് കൊടുക്കാനാവുക? തന്റെ ആഗ്രഹം കുട്ടികള്‍ പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതണമെന്നാണെന്നു പറഞ്ഞ ലാലുയാദവനെക്കാള് ഉയരെയാണ് മ്മടെ റബ്ബ്ക്ക.
പരാജയത്തിന്റെ കയ്പുനീര് ഇനി ഒരു കുട്ടിയും കുടിക്കാനിടവരരുതെന്ന് ദൃഢപ്രതിജ്ഞയെടുത്ത അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണെന്ന് മലയാളമനോരമ (ഏപ്രില്‍ 22)യില്‍ ബൈജു വരച്ചിട്ടിരിക്കുന്നു. പോരെങ്കില്‍ നമ്മുടെ മുഖപുസ്തകത്തില്‍ പറന്നുനടക്കുന്ന മറ്റൊരു കമന്റുമുണ്ട്. അതിങ്ങനെ: ഭൂമിയിലെ ഏറ്റവും വലിയ ജീവിയുടെ പേരെന്ത് എന്ന് ചോദ്യം. കുട്ടി എഴുതിയത് ആമ എന്ന്. മാര്ക്കിടുന്നയാള് ആ എന്നതിന് അരമാര്‍ക്കു കൊടുത്തു. മ എന്ന അക്ഷരം റൗണ്ട് ചെയ്ത് പുറത്ത് ന എന്ന് കുറിക്കുകയും ചെയ്തു. അതായത് കുട്ടിക്ക് പകുതി അറിയാം എന്ന്. വിദ്യാഭ്യാസം ഇങ്ങനെയും ആവാമെന്ന്! എപ്പടി?
ജ്ഞാനഗാന്ധിയില്നിന്ന് പ്രയോഗഗാന്ധിയിലേക്കുള്ള ദൂരം അറിയണമെന്നുണ്ടെങ്കില്‍ ഇത്തവണത്തെ (ഏപ്രില്‍ 26) മാതൃഭൂമി ആഴ്ചപ്പതിപ്പ് കാണുക. ഗാന്ധിജിയുടെ ചൂടും ചൂരും അറിയുന്ന, രണ്ടുപതിറ്റാണ്ടിലേറെ ഗാന്ധിജിക്കൊപ്പം ജീവിച്ച നാരായണന് ദേസായി സംസാരിക്കുന്നു. കെ.സഹദേവന് അത് അക്ഷരങ്ങളിലേക്ക് ആവാഹിച്ചിടുന്നു. തലക്കെട്ട് ഇങ്ങനെ: സൈദ്ധാന്തികന്‍, പ്രയോഗവാദി: ഗാന്ധി ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍. ഗാന്ധിജിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ മകനും കുട്ടിക്കാലത്ത് ഗാന്ധിജിയുടെ കൂടെ ജീവിച്ചയാളുമാണ് നാരായണ്‍ ദേസായി. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഗാന്ധിജിയുടെ നൈര്‍മല്യം സുഗന്ധവാഹിയായ മന്ദമാരുതനാവുന്നു.
അനുഭവിച്ചറിഞ്ഞ സത്യത്തിന്റെ കരുത്തും കാരുണ്യവും അനുതാപവും നമുക്ക് മനസ്സിലാക്കാം. 20 പേജു നീളുന്ന അഭിമുഖം അവസാനിക്കുമ്പോള്‍ സുന്ദരമായ ശാന്തത നമുക്കനുഭവപ്പെടും. അതോടൊപ്പം ഗാന്ധിജിയുടെ അദൃശ്യസാന്നിദ്ധ്യം നമ്മുടെ ഹൃദയങ്ങളില്‍ അങ്ങാടിക്കുരുവികളായി ചാഞ്ചാടും. സാമൂഹിക വിമര്‍ശനത്തിന് ഏതെങ്കിലും പ്രത്യയശാസ്ത്രം ഗാന്ധിജി ഉപയോഗപ്പെടുത്താഞ്ഞത് ഗാന്ധിസം നേരിടുന്ന പരിമിതിയല്ലേ എന്ന ചോദ്യത്തിന് ദേസായി നല്കുന്ന മറുപടി ഇങ്ങനെ: ഏതെങ്കിലും വിധത്തിലുള്ള ശാസ്ത്രീയ സിദ്ധാന്തം ഗാന്ധി രൂപപ്പെടുത്തിയിട്ടില്ല എന്നത് ‘ഗാന്ധിസ’ത്തിന്റെ പരിമിതി തന്നെയാണ്. എന്നാല്‍ സത്യാന്വേഷണം എന്നത് ഒരിക്കലും പൂര്‍ണത കൈവരിച്ച ഒരു ശാസ്ത്രമല്ലെന്നും അത് എല്ലായ്പ്പോഴും വികസിതമായിക്കൊണ്ടിരിക്കുന്ന, മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തമാണ് എന്നത് അതിന്റെ ഗുണാത്മകവശമായി തിരിച്ചറിയേണ്ടതുണ്ട്.
താന്‍ ഒരു കാര്യംമുമ്പ് പറഞ്ഞിട്ടുണ്ട്. ഞാന്‍ അതില്‍ തന്നെ ഉറച്ചുനില്‍ക്കും എന്ന തരത്തിലുള്ള ശഠവാദം ഗാന്ധിജിക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ രണ്ടുവാക്യങ്ങള്ക്കിടയില് എന്തെങ്കിലും അന്തരം പ്രകടമാണ് എങ്കില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പറഞ്ഞത് സ്വീകരിച്ചുകൊള്ളുക എന്നുവരെ അദ്ദേഹം പറയുകയുണ്ടായി.
ശഠവാദത്തിന്റെ വക്താക്കളും പ്രയോക്താക്കളും നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ ഗാന്ധിജിയുടെ ഔന്നത്യം എവിടെയെത്തുന്നു എന്നറിയുക. ആത്മാര്‍ത്ഥതയുള്ള മനുഷ്യന്റെ വാക്കുകളില്‍ ഗാന്ധിജി ഒരു നിറസാന്നിധ്യമായി അലയടിക്കുന്നതിന്റെ പൊരുളും മറ്റൊന്നല്ല. ഏറെക്കാലമായി മാതൃഭൂമിയില്‍നിന്ന് ഇത്തരമൊരു വിഭവം ആസ്വദിക്കാനായതില്‍ ആരോടാണ് നന്ദി പറയുക?
വരട്ടുവാദവും മുന കൂര്‍പ്പിച്ച ആയുധവുമായി മാധ്യമം വാരിക തയാര്‍, നിങ്ങളോ? എന്ന് ചോദിക്കാന്‍ തോന്നുന്നു അവരുടെ ഏപ്രില്‍ 20 ലെ ലക്കം കാണുമ്പോള്‍. ഭാരതം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ എന്തൊക്കെയെന്ന് ഗണിച്ച് കണ്ടെത്തിയിരിക്കുന്നു നമ്മുടെ പണിക്കര്‍. ചരിത്രം വര്‍ഗീയതക്കെതിരായ പ്രതിരോധമാണെന്നല്ലോ മൊഴിഞ്ഞിരിക്കുന്നൂ വിദ്വാന്. ഡോ.കെ.എന്‍.പണിക്കരുമായി ഒന്നും രണ്ടും പറഞ്ഞിരിക്കുന്നത് സി.എസ്.സലില്‍.
മുന്‍വിധിയുടെ മുള്ളുവഴികളെക്കുറിച്ചുമാത്രം പരിചയമുള്ള പണിക്കരാശാന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ നിരാശമൊത്തം വായ്മൊഴിയില്‍ പ്രതിഫലിക്കുന്നുണ്ട്. അത് വേണ്ടവിധത്തില്‍ പാകപ്പെടുത്തിയ സലിലും വിളമ്പി ഒപ്പിക്കുന്ന വാരികയും നീണാള്‍വാഴട്ടെ. ചരിത്രകാരന് പാടില്ലാത്ത ശാഠ്യം അവനെ എവിടെക്കൊണ്ടെത്തിക്കുന്നു എന്നതിന്റെ ഉത്തമമാതൃകയാണ് പ്രസ്തുത അഭിമുഖം.
തൊട്ടുകൂട്ടാന്‍
താളവും വൃത്തവും പ്രാസവും
കവിതയും ഇല്ലെങ്കിലെന്താ
ആവോളം ലൈക്കും കമന്റും നേടിക്കൊടുക്കുന്ന
കേമനാണ് കവിത.
അസ്മോ പുത്തന്‍ചിറ
കവിത: മഞ്ചാടിമൊഴികള്
കലാകൗമുദി (ഏപ്രില്‍ 26)
പ്രതികരിക്കാൻ ഇവിടെ എഴുതുക: