കൊച്ചി: കൊച്ചി മുതലിയാര്‍ ഭാഗം രാമേശ്വരം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ടോടുകൂടി സമാപിച്ചു. രാവിലെ നക്ഷത്രപൂജ, ശീവേലി, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് പകല്‍പ്പൂരം തുടങ്ങിപ്രധാന ചടങ്ങുകള്‍ നടന്നു. ഇന്നലെ വൈകീട്ട് കൊടിയിറങ്ങി. മേടമാസത്തിലെ തിരുവാതിര നാളില്‍ നടക്കുന്ന ആറാട്ട് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്ന് ഭക്തര്‍ ക്ഷേത്രത്തിലെത്തി.
പടിഞ്ഞാറ് കടലിനഭിമുഖമായി പ്രതിഷ്ഠയുള്ള കൊച്ചി മുതലിയാര്ഭാഗം ശിവക്ഷേത്രത്തിന് ദക്ഷിണകാശിയായ രാമേശ്വരവുമായി ബന്ധമുള്ളതായാണ് ഐതിഹ്യം. രാമേശ്വരത്തെ ചൈതന്യത്തോടെയുള്ള വിഗ്രഹമാണ് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ പ്രതിഷ്ഠിച്ചത്.
പടിഞ്ഞാറന്‍ കൊച്ചിയുടെ തീരഭൂമിയുടെ ഏറിയപങ്കും ഈ ക്ഷേത്രത്തിന്റെ അധീനതയിലായിരുന്നതായി രേഖകളുണ്ട്. രാജകുടുംബത്തിലെ മുതലുകള്‍ സൂക്ഷിച്ചിരുന്ന ‘മുതലിയാര്‍’ അന്ന് കൊച്ചിയിലെ വെള്ളാള സമുദായത്തില്‍ നിന്നായിരുന്നതിനാല്‍ ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതലയും സ്വത്തുക്കളും വെള്ളാള സമുദായത്തിന് ലഭിക്കുകയും ചെയ്തു.
ക്ഷേത്രത്തില്‍ ഗണപതി, യക്ഷി, നാഗ ദേവതകള്‍ തുടങ്ങിയ പ്രതിഷ്ഠകളുണ്ട്. ശിവരാത്രി, പ്രദോഷപൂജ, കര്‍ക്കിടക മാസത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, എല്ലാമാസവും തിരുവാതിര നാളില്‍ അന്നദാനം, ആയില്യം നാളില്‍ സര്‍പ്പപൂജ എന്നിവ നടന്നുവരുന്നു. അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രത്തില്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി ശിവ പ്രതിഷ്ഠ, ശ്രീകോവില്‍ പുനരുദ്ധാരണം, കൊടിമര പ്രതിഷ്ഠ, ഗണപതി കോവില്‍ നവീകരണം എന്നിവ പൂര്‍ത്തിയായി. ചുറ്റമ്പല നവീകരണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: