പൂച്ചാക്കല്‍: തൈക്കാട്ടുശേരി ബ്ലോക്കിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിലെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചു പൂട്ടണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.കെ. രാമചന്ദ്രന് അറിയിച്ചു. കഴിഞ്ഞ ദിവസം പൂച്ചാക്കല്‍ മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന അറവുശാലയില്‍ ഗര്‍ഭിണിയായ പശുവിനെ അറവു ചെയ്ത പശുക്കിടാവിനെ തോട്ടില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. അറവു മാലിന്യ സംസ്കരണ രീതികള്‍, അതിന്റെ അനുമതികള്‍ തുടങ്ങിയ വ്യക്തമാക്കിയ ശേഷം തുറന്നാല്‍ മതിയെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
നിയമങ്ങള്‍ പലതും കാറ്റില്‍ പറത്തിയാണ് അറവുശാലകള്‍ കൂടതലും പ്രവര്‍ത്തിക്കുന്നത്. അറവിനായി കൊണ്ടു വരുന്ന മാടിനെ വെറ്റിനറി ഡോക്ടറെ കൊണ്ട് പരിശോധിക്കണം, ചില്ലുകളാല്‍ മൂടപ്പെട്ട സ്ഥലത്തു മാത്രമേ വില്‍പ്പന നടത്താവൂ, പഞ്ചാത്തിന്റെ വില്‍പ്പനാനുമതി, മാലിന്യ സംസ്ക്കരണം തുടങ്ങിയ നിയമങ്ങള്‍ പലപ്പോഴും പേപ്പറുകളില്‍ മാത്രമായി ഒതുങ്ങുകയാണ്. എന്നാല്‍ ഇങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് പഞ്ചായത്ത്, മൃഗസംരക്ഷണ, ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്താറുള്ളൂവെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: