മണ്ണാര്‍ക്കാട്: പരമ്പരാഗത തൊഴിലായ കളിമണ്‍ പാത്രനിര്‍മാണ തൊഴിലാളികള്‍ കളിമണ്ണ് ആവശ്യത്തിനു ലഭിക്കാതെ വലയുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുമ്പാരംകുന്ന്, കാഞ്ഞിരപ്പുഴ, തെങ്കര ഗ്രാമപഞ്ചായത്തിലെ മുതുവല്ലി എന്നിവിടങ്ങളില്‍ നൂറുകണക്കിനാളുകളാണ് ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളില്‍ എണ്‍പതോളം കുമ്പാരന്‍ വര്‍ഗത്തില്‍പെട്ട പരമ്പരാഗത പാത്രനിര്‍മാണ കുടുംബങ്ങളാണുള്ളത്. കുടുംബസമേതം ഈ തൊഴില്‍ ചെയ്യുന്ന ഇവര്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍നിന്നാണ് കളിമണ്ണ് ശേഖരിക്കുന്നത്. ഇത്തരത്തില്‍ കളിമണ്ണ് ശേഖരിക്കുന്നതിന് യാത്രാക്കൂലിയിലും വാഹനത്തിനുമായി വന്‍തുകയാണ് ചെലവഴിക്കുന്നത്.
രാവിലെ മുതല്‍ രാത്രിവരെ ചെയ്യുന്ന തൊഴിലാളിക്ക് ഇരുന്നൂറുരൂപപോലും ലഭിക്കാറില്ലത്രേ. ഇതിനാല്‍ യുവാക്കളില്‍ ഏറെയുംപേര് മറ്റു തൊഴിലുകളിലേക്ക് തിരിയുകയാണ്. സാധാരണ കൂലിപ്പണിക്കുപോയാല്‍ അഞ്ഞൂറു രൂപ കൂലിയായി ലഭിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് ഇരുന്നൂറു രൂപ ലഭിക്കുന്നത്.
ഒരു ലോഡ് കളിമണ്ണിന് ആയിരംമുതല്‍ മൂവായിരം രൂപ വരെയാണ് വിലവരുന്നത്. എന്നാല്‍ ഈ തുകയ്ക്കുള്ള പാത്രങ്ങള്‍ നിര്‍മിക്കാനുമാകില്ല.
ഈ സാഹചര്യത്തില്‍ പലരും കൂലിപ്പണിക്കു പോയാണ് ഉപജീവനം കഴിക്കുന്നത്. പരമ്പരാഗത കുലതൊഴിലുകള്‍ സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഇവര്‍ക്ക് ലഭ്യമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: