കുന്നത്തൂര്‍: ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി ഒന്നരവര്‍ഷം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച നടപടികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് തടാകസംരക്ഷണ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വീണ്ടും സമരപരിപാടികള്‍ ആരംഭിക്കുന്നു. തുടക്കത്തില്‍ സൂചന എന്ന നിലയില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന സമരപരിപാടികളാണ് ആരംഭിക്കുന്നത്.
ശാസ്താംകോട്ട വാട്ടര്‍ അതോറിറ്റിയുടെ ഫിന്റല് ഹൗസിന് മുമ്പിലാണ് സമരം നടക്കുക. 24ന് രാവിലെ പ്രശസ്ത എഴുത്തുകാരി സാറാജോസഫ് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഓരോ ദിവസവും രാഷ്ട്രീയ, സാമൂഹിക, പ്രകൃതിസംരക്ഷണ സംഘടനകളും സമരം നടത്തും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലെ പ്രധാനമായ സ്റ്റാറ്റിയൂട്ടറി അതോറിറ്റി എത്രയുംവേഗം രൂപീകരിക്കുക, വേനല്‍കാലത്ത് തടാകത്തില്‍ നിന്നും പമ്പ് ചെയ്യുന്ന ജലത്തിന്റെ അളവ് കുറയ്ക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും തടാകസംരക്ഷണ സമിതി മുന്നോട്ടുവയ്ക്കുന്നത്.
തടാകത്തിന് ചുറ്റുമുള്ള അക്കേഷ്യമരങ്ങള്‍ മുറിച്ച് മാറ്റാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യം ഉന്നയിച്ചു. പ്രഖ്യാപനങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഉദ്യോഗസ്ഥലോബി തടസം സൃഷ്ടിക്കുകയാണെന്നും സൂചനാസമരത്തില്‍ എല്ലാവരും പിന്തുണ നല്‍കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കരുണാകരപിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: