കൊല്ലം: കടകളില്‍ വില്പനക്കായി വച്ചിട്ടുള്ള സാധനങ്ങളുടെ മേല്‍ അതിന്റെ വില്പനവില എഴുതാതെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ വച്ച് പ്രത്യേക കോഡുകള്‍ ഉണ്ടാക്കി വിലക്ക് പകരം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ഇത് നിയമവിധേയമല്ലെന്നും താലൂക്ക് സപ്ലൈ ആഫീസര്‍ വൈ.ആസാദ്.
ഇത് ഉപഭോക്താവില്‍ നിന്നും യഥാര്‍ത്ഥ വില മറച്ചു വയ്ക്കുന്നതിന് തുല്യമാണ്. കോസ്മറ്റിക്, ഫാന്‍സി സ്റ്റോറുകള്‍, പ്രസന്റേഷന് ഇനങ്ങള്‍, പ്ലാസ്റ്റിക്, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലാണ് ചില കടകളില്‍ ഇത് ഉപയോഗിച്ചു കാണുന്നത്. അതുപോലെ പ്ലംബിംഗ് ഫിറ്റിംഗുകള്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉല്പന്നങ്ങള് എന്നിവ വില്പനയ്ക്കായി പ്രദര്‍ശിപ്പിക്കുന്ന ചിലയിടങ്ങളിലും വില്പന വില ഉല്പന്നങ്ങളില് ടാഗ് ചെയ്തു കാണുന്നില്ല.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ള അറിയുവാനും തെരഞ്ഞെടുക്കാനുമുള്ള അവകാശത്തിന്റെ ലംഘനമാണ്. കവറുകള്‍ പൊട്ടിച്ചു ഷോകേയ്സുകളില് പ്രദര്‍ശിപ്പിക്കുന്ന ഉല്പന്നങ്ങളില് ഓരോന്നിന്റെയും വില്‍പ്പനവില അതാത് ഇനങ്ങളില്‍ തന്നെ എഴുതി പ്രദര്ശിപ്പിക്കുവാന് (പ്രൈസ് ടാഗ്) ബന്ധപ്പെട്ടവര്‍ ബാദ്ധ്യസ്ഥരാണെന്നും ടി.എസ്.ഒ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത വിധം വിലക്ക് പകരം കോഡുകള്‍ ഉപയോഗിക്കുന്നതും വിലകള്‍ എഴുതി പ്രദര്‍ശിപ്പിക്കാതിരിക്കുന്നതും 1977ലെ കണക്ക് സൂക്ഷിക്കലും വില പ്രദര്ശിപ്പിക്കലും നിയമത്തിന്റെ ലംഘനമാണ്. നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുള്ള വിലപേശി വാങ്ങാനുള്ള അവകാശം ഉപഭോക്താവിന് ലഭിക്കാതിരിക്കുന്നതിനും ഇത് ഇടയാക്കുന്നു. ഇത്തരം അനഭിലഷണീയ വ്യാപാര രീതികളില്‍ നിന്നും എല്ലാ കച്ചവടക്കാരും ഒഴിഞ്ഞു നില്ക്കേണ്ടതാണ്. ഇതു സംബന്ധിച്ച പരിശോധനകള്‍ നടന്നുവരുന്നതായും ടി.എസ്.ഒ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: