പത്തനാപുരം: യാത്രികര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും മാര്‍ഗതടസമുണ്ടാക്കി സ്വകാര്യബസുകളടക്കം ട്രിപ്പുബസുകള് പൊതുനിരത്തുകളില്‍ നിര്‍ത്തിയിടുന്നതായി ആക്ഷേപം. പ്രധാന ജംഗ്ഷനുകളടക്കമുള്ള ബസ് സ്റ്റോപ്പുകളില്‍ ഇരുവശങ്ങളില്‍ നിന്നു വരുന്ന ബസുകള്‍ റോഡില്‍ ദീര്‍ഘനേരം നിര്‍ത്തിയിട്ട് മറ്റു വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും തടസം സൃഷ്ടിക്കുന്നുവെന്നാണു ആക്ഷേപം.
ബസ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള മല്‍സരവും വാശിയും പൊതുനിരത്തുകളില്‍ അരങ്ങേറുന്നത് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതും മറ്റു യാത്രികരില്‍ പരിഭ്രാന്തിയുളവാക്കുന്നു. രോഗികളുമായി പോകുന്ന ആംബുലന്‍സടക്കം വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെടുന്നതും പതിവു കാഴ്ചയാണ്. ബസുകള്‍ തമ്മിലുള്ള മല്‍സരയോട്ടത്തില്‍ ജീവന് പൊലിയുന്ന കാഴ്ചയും പതിവായി. കഴിഞ്ഞമാസം പത്തനാപുരം പള്ളിമുക്കില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച പുന്നല സ്വദേശിയായ വീട്ടമ്മയുടെ മരണത്തിനു കാരണവും മല്സരയോട്ടമാണെന്നും ആക്ഷേപമുണ്ട്.
അപകടങ്ങള്‍ സംഭവിച്ചതായി പോലീസില്‍ വിളിച്ചറിയിച്ചാല്‍ പോലും നടപടികള്‍ വളരെ വൈകുന്നുവെന്നും ആക്ഷേപമുണ്ട്. പൊതുനിരത്തുകളില്‍ ആധിപത്യം സ്ഥാപിച്ചു യാത്രാതടസം സൃഷ്ടിക്കുകയും അപകടങ്ങളുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: