കൊല്ലം: കോര്പ്പറേഷന് അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് കാവനാട് ചന്തയിലെ മത്സ്യവിപണന തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. മുന്നൂറോളം മത്സ്യത്തൊഴിലാളികള്‍ വിപണനത്തിനെത്തുന്ന ചന്തയില്‍ മതിയായ ഇരിപ്പിടങ്ങളോ തണലോ കുടിവെള്ളമോ ഇല്ലാത്ത അവസ്ഥയാണെന്ന് സമരസമിതി നേതാക്കളായ കുരീപ്പുഴ കുമാരിയും ബംഗ്ലാവില്‍ ഗംഗാദത്തനും പത്രസമ്മേളനത്തില്‍ പറഞ്ഞു.
പെട്ടിയൊന്നിന് നാല്പത് രൂപ വീതം ഒരു ദിവസം ഒരു തൊഴിലാളിയില്‍ നിന്ന് എണ്‍പത് രൂപയാണ് കോര്പ്പറേഷന് ഈടാക്കുന്നത്. ഇത്തരത്തില്‍ ഒറ്റ ദിവസം ഇരുപതിയാനിയിരത്തിലധികം രൂപ കോര്‍പ്പറേഷനിലേക്ക് നല്കുന്ന തൊഴിലാളിക്ക് വേണ്ടത്ര ഇരിപ്പിടം പോലും സജ്ജമാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
അത്യാവശ്യത്തിന് ഉപയോഗിക്കാനുള്ള വെള്ളത്തിനുപോലും ആഴ്ചയില്‍ അമ്പത് രൂപ വീതം പിരിവു നല്‍കണം.
മുന്നൂറ് തൊഴിലാളികളില്‍ ഇരുനൂറ്റി അമ്പതുപേരും സ്ത്രീകളാണ്. 32 വര്‍ഷമായി ഒരേ ആളാണ് ചന്ത ലേലത്തില്‍ പിടിക്കുന്നത്. ഇയാള്‍ ഗുണ്ടകളെപ്പോലെയാണ് പിരിവ് നടത്തുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അവഗണനയില്‍ പ്രതിഷേധിച്ച് മത്സ്യവിപണന തൊഴിലാളികള്‍ നാളെ കൊല്ലം കോര്പ്പറേഷന് ഓഫീസ് മാര്‍ച്ചും പട്ടിണി ധര്‍ണയും നടത്തും.
കാവനാട് മാര്‍ക്കറ്റിലെയും മറ്റ് മാര്‍ക്കറ്റുകളിലും മത്സ്യവിപണന തൊഴിലാളികളുടെ അടിയന്തിര ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള പ്രകടനം കൊല്ലം റസ്റ്റ് ഹൗസിന്റ് മുമ്പില്‍ നിന്നാരംഭിക്കും. ശൂന്യമായ ചരുവവും തലയിലേന്തിയാണ് നൂറുകണക്കിന് തൊഴിലാളികള്‍ കോര്‍പ്പറേഷനിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: