കൊച്ചി: നഗരസഭയുടെ വാഹനങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുന്നതിനായി വാഹനങ്ങളില്‍ ട്രാക്കിംഗ് ആന്റ് മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൊച്ചി കോര്പ്പറേഷന് മേയര്‍ ടോണി ചമ്മിണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മിഷന് കൊച്ചി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ കീഴിലുള്ള 96 വാഹനങ്ങളിലാണ് ട്രാക്കിംഗ് ആന്റ് മാനേജ്മെന്റ് സംവിധാനം സ്ഥാപിക്കുന്നത്. വാഹനങ്ങളില്‍ ട്രാക്കിംഗ് സംവിധാനം ഘടിപ്പിക്കുക വഴി ഇന്ധന ക്ഷമത, സ്പീഡ് കണ്ട്രോള്, വാഹനങ്ങളുടെ ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം കണ്ട്രോള് റൂമില്‍ ലഭ്യമാകും.അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് നഗരസഭയ്ക്ക് വേണ്ടി പദ്ധതി നടപ്പിലാക്കുന്നത്.
25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. മാലിന്യനീക്കത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും ട്രാക്കിംഗ് ആന്റ് മാനേജ്മെന്റ് സംവിധാനത്തിന്റെ നിയന്ത്രണത്തിലായിരിക്കും. വാഹനങ്ങള്‍ നഗരസഭാ പരിധി വിട്ട് പോയാലുടന്‍ കണ്ട്രോള് റൂമില്‍ അലര്‍ട്ട് ലഭിക്കും. ഇതുവഴി കാര്യക്ഷമമായ മാലിന്യ നീക്കവും നിയന്ത്രണവും സാധ്യമാകുമെന്നും മേയര്‍ പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് എറണാകുളം ടൗണ്‍ ഹാളില്‍ മന്ത്രി കെ ബാബു നിര്‍വഹിക്കും. ചടങ്ങില്‍ എംഎല്‍എമാരായ ഹൈബി ഈഡന്, ഡൊമനിക് പ്രസന്റേഷന്, ബെന്നി ബെഹന്നാന്, ലൂഡി ലൂയിസ്, ജിസിഡിഎ ചെയര്മാന് എന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ ബി ഭദ്രയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: