കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കരുതല്‍ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ ഇന്നു രാവിലെ ഒമ്പതിന് ആരംഭിക്കും. അര്‍ധരാത്രി വരെ നീളുന്ന ജനസമ്പര്‍ക്കപരിപാടിക്കായി വിപുലമായ ഒരുക്കങ്ങളാണ് ജില്ല ഭരണകൂടം നടത്തിയിരിക്കുന്നത്. സംസ്ഥാനതലത്തില്‍ രണ്ടാമത്തെ ജനസമ്പര്‍ക്ക പരിപാടിക്കായി ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്. സുഹാസ്, അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി. രാമചന്ദ്രന് എന്നിവരുടെ മേല്നോട്ടത്തില്ലാണ് ഒരുക്കങ്ങള്‍ നടത്തിയത്.
അപേക്ഷ സമര്‍പ്പിച്ചവരില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറ് പേരെയാണ് മുഖ്യമന്ത്രി ആദ്യം കാണുക. വേദിയിലെ തിരക്ക് ഒഴിവാക്കാനായി പരാതിക്കാരുടെ ഇരിപ്പിടങ്ങളിലേക്ക് മുഖ്യമന്ത്രി നേരിട്ടെത്തും. ജില്ലയിലെ മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് എന്നിവരും എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളും മുഖ്യമന്ത്രിയെ സഹായിക്കാന്‍ രംഗത്തുണ്ടാകും.
പരാതി പരിഹാര നടപടികള്‍ ഫലപ്രദമാക്കാന്‍ ജില്ലയിലെ മുഴുവന്‍ വകുപ്പ് മേധാവികളുടെയും സാന്നിധ്യം പ്രധാനവേദിക്ക് സമീപം തന്നെ ഉറപ്പാക്കിയിട്ടുണ്ട്. ചികിത്സാ സഹായം, പ്രകൃതിക്ഷോഭം, വായ്പ എഴുതി തള്ളല്‍, ഭൂമി, വികലാംഗ സഹായം തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ലഭിച്ച പരാതികളിലാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. ബാങ്ക് വായ്പാ കുടിശിക സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ബാങ്കുകളുടെ സഹായം തേടിയിട്ടുണ്ട്.
തൊഴില്‍ തേടി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികൃതരിലൂടെ അവര്‍ക്കു സ്വകാര്യ മേഖലയില്‍ തൊഴില്‍ നല്കാന് ശ്രമം നടക്കുന്നു. ചികിത്സാ സഹായത്തിനായുള്ള അപേക്ഷകളില്‍ സ്ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത രോഗികളുടെ വീടുകളില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലയിലെ പ്രത്യേക ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്യത്തില്‍ ഡോക്ടര്‍മാരും തഹസില്‍ദാര്‍മാരും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തിയിരുന്നു.
ജില്ലയിലെ ഏഴു താലൂക്കുകളിലും രോഗി സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ധനസഹായം അനുവദിക്കുക. 25,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തലാണ് ജനസമ്പര്‍ക്കപരിപാടിക്കായി പരേഡ് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്. ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യവും ഉന്നതോദ്യോഗസ്ഥരും ഇന്നലെ പന്തലിന്റെ അവസാന മിനുക്കുപണികള്‍ക്ക് പരിശോധിച്ചു.
അപേക്ഷ നല്കാന് 22 കൗണ്ടറുകള്‍ പന്തലിലുണ്ട്. പ്ലോട്ട് എ, ബി എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുള്ള പന്തലില്‍ കിഴക്കു ഭാഗത്ത് എ പ്ലോട്ടില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കുമുള്ള പ്രധാന സ്റ്റേജ്. ക്യാമറ പ്ലാറ്റ്ഫോം, മീഡിയ റൂം, ജില്ലാതല ഉദ്യോഗസ്ഥര്‍, കംപ്യൂട്ടര്‍ ഏരിയ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. അടിയന്തര വൈദ്യസഹായം ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ പ്രധാന പന്തലിനു വെളിയില്‍ വടക്കുഭാഗത്തായി സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന സ്റ്റേജിനോടു ചേര്‍ന്നാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള വിശ്രമമുറി.
പ്രവേശനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്നാണ് ജനസമ്പര്ക്കവേദിയിലേക്കുള്ള പ്രധാന പ്രവേശന കവാടം. പൊതുജനങ്ങള്‍ ഈ കവാടത്തിലൂടെ എത്തി പന്തലിനുള്ളിലെ മെറ്റല്‍ ഡിറ്റക്ടറിലൂടെ പ്രവേശിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: