ആലപ്പുഴ: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം കനത്ത മഴ പെയ്തു. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ പലയിടത്തും രാത്രിയിലും തുടരുന്നു. നഗരത്തിലടക്കം വെള്ളക്കെട്ട് അനുഭവപ്പെട്ടു. പല സ്ഥലങ്ങളിലും മരച്ചില്ലകളും മറ്റും ഒടിഞ്ഞുവീണു. മഴ ശക്തമായി തുടരുന്നത് കുട്ടനാട്ടിലെ കര്‍ഷകരെ ആശങ്കയിലാഴ്ത്തി. അയ്യായിരത്തോളം ഹെക്ടറിലെ കൊയ്ത്ത് ഇനിയും പൂര്‍ത്തിയാകാനുണ്ട്. മഴ തുടര്‍ന്നാല്‍ പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാനാവാത്ത സ്ഥിതിയുണ്ടാകും.
വേനല്‍ മഴ കനത്ത സാഹചര്യത്തില്‍ പ്രകൃതിക്ഷോഭം സംബന്ധിച്ചു പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. കാറ്റും മഴയുമുള്ളപ്പോള്‍ ദേശീയപാതയുള്‍പ്പെടെയുള്ള റോഡുകളുടെ അരികിലും മറ്റും നില്ക്കുന്ന വൃക്ഷങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണം. കാല്നടയാത്രികരുള്പ്പെടെയുള്ളവര് പ്രത്യേകിച്ച് വിദ്യാലയങ്ങള്ക്കടുത്തു സഞ്ചരിക്കുന്നവര്‍ നിരത്തില്‍ വൈദ്യുതി കമ്പികള്‍ അപകടാവസ്ഥയിലുണ്ടോ എന്നു ശ്രദ്ധിക്കണം. അഗ്നിശമന സേനയും പോലീസും ഹൈവേ പട്രോള്‍ സംഘവും വരുംദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: