ആലപ്പുഴ: ഭൂമിയുടെ പോക്കുവരവ് ചെയ്യുന്നതിന് 15,000 രൂപ കൈക്കൂലി വാങ്ങിയ വനിതാ വില്ലേജ് ഓഫീസറും വില്ലേജ്മാനും അറസ്റ്റിലായി. രാമങ്കരി വില്ലേജ് ഓഫീസര്‍ ഉഷ, വില്ലേജ്മാന്‍ ലൗജി എന്നിവരെയാണ് വിജിലന്‍സ് ഡിവൈഎസ്പി: കെ. അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 21ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പുതുക്കരി സ്വദേശി ചന്ദ്രശേഖരന് എന്നയാള്‍ മകന് സാബുവിനായി 2011ല്‍ വാങ്ങിയ ഭൂമി പോക്കുവരവ് ചെയ്യുന്നതിനായി 2012ല്‍ അപേക്ഷ നല്‍കുകയും നിശ്ചിത ഫീസ് അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോക്കുവരവ് ചെയ്ത് കിട്ടിയില്ല. കഴിഞ്ഞദിവസം വില്ലേജ് ഓഫീസില്‍ നിന്ന് ചന്ദ്രശേഖരന്റെ വീട്ടിലെത്തിയയാള്‍ ഭൂമി നിലം നികത്തിയെടുത്തതാണെന്നും അതിനാല്‍ പുരയിടമാണെന്ന് രേഖപ്പെടുത്തി കരമടയ്ക്കേണ്ടതുണ്ടെന്നും ഇതിന് നിരവധി നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞു.
വില്ലേജ് ഓഫീസിലെത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍ പോക്കുവരവ് ചെയ്തു കിട്ടുന്നതിന് 15,000 രൂപ തനിക്ക് നല്‍കണമെന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്ന് ചന്ദ്രശേഖരന് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.
വിജിലന്‍സ് നല്കിയ ഫിനോഫ്ത്തലിന്‍ പുരട്ടിയ നോട്ടുകള്‍ വില്ലേജ് ഓഫീസിലെത്തി ഓഫീസര്‍ക്ക് കൈമാറുകയായിരുന്നു. ഇതേസമയം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓഫീസിന് സമീപത്ത് മറഞ്ഞിരുന്നു. വില്ലേജ് ഓഫീസര്‍ പണം വില്ലേജ്മാന്‍ കൈമാറുന്നതിനിടെയാണ് ഇരുവരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ പോക്കുവരവ് നേരത്തെ തന്നെ ചെയ്തിട്ടുള്ളതായും കരം അടയ്ക്കാനുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളതെന്നും ബോദ്ധ്യമായി.
പിഡബ്ല്യുഡി എക്സി. എന്‍ജിനീയര്‍, വിജിലന്‍സ് സിഐമാരായ സി.പി. തങ്കച്ചന്, കെ.സി. ഋഷികേശന് നായര്‍, കെ.എ. തോമസ്, എസ്ഐമാരായ ജോസൂട്ടി, ലാല്‍ജി, ഷിബു, ഇക്ബാല്‍, എഎസ്ഐമാരായ ഗോപകുമാര്‍, ശിവന്‍കുട്ടി, വനിതാ പോലീസുകാരായ രാഖി, നിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: