തോട്ടപ്പള്ളി: പഞ്ചായത്ത് ഭരണസമിതിയുടെ ഒത്തുകളി, സമ്മര്‍ ഫെസ്റ്റിലൂടെ പുറക്കാട് പഞ്ചായത്തിന് നഷ്ടപ്പെടുന്നത് ലക്ഷങ്ങളുടെ നികുതി പണം. തോട്ടപ്പള്ളി കടല്‍ത്തീരത്താണ് പഞ്ചായത്ത് അനുമതി നിഷേധിച്ചിട്ടും ഇറിഗേഷന്‍ വക വസ്തു ഉള്‍പ്പെടെ കൈയേറി സമ്മര്‍ ഫെസ്റ്റിന് തുടക്കിട്ടത്. കേരളീയം എന്ന പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ച് ഡിടിപിസിയുടെ അനുതിയോടെയാണ് സമ്മര്‍ ഫെസ്റ്റ് നടത്തുന്നത്.
അഴിമതി ആരോപണം നിലനില്‍ക്കുന്ന പരിപാടി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തതും വിവാദമായി. പഞ്ചായത്ത് അനുമതിയില്ലാതെ നൂറുകണക്കിന് സ്റ്റാളുകള്‍ ഇവിടെ നിര്‍മ്മിച്ച് വന്‍ തട്ടിപ്പ് നടക്കുന്നതായും ആരോപണമുണ്ട്. സിപിഐ ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി രഹസ്യമായി പിന്തുണ നല്‍കുകയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ലെന്നു കാട്ടി പ്രധാന സ്ഥലങ്ങളില്‍ നോട്ടീസ് പതിക്കുകയുമായിരുന്നു.
സമ്മര്‍ ഫെസ്റ്റിന്റെ ഉദ്ഘാടന ദിവസം ഇതിനെതിരെ എതിര്‍പ്പുമായി സിപിഎം രംഗത്തെത്തിയെങ്കിലും അതുപോലെ തന്നെ പിന്‍വാങ്ങുകയുമായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന തൃക്കുന്നപ്പുഴ പഞ്ചായത്തും ഫെസ്റ്റിന്റെ സംഘാടകരായി എത്തിയിട്ടുണ്ട്. നിലവില്‍ പുറക്കാട് പഞ്ചായത്ത് അനുമതി നിഷേധിച്ചിട്ടും പരിപാടി നടത്തുകയും നികുതി പണം അടയ്ക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: