ആലപ്പുഴ: ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘം തൊഴിലാളിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഹൗസ്ബോട്ട് തൊഴിലാളികള്‍ പണിമുടക്കിയത് ടൂറിസം മേഖലയെ ബാധിച്ചു. ഫിനിഷിങ് പോയിന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാന്നൂറോളം ഹൗസ്ബോട്ടുകളിലെ തൊഴിലാളികളാണ് കഴിഞ്ഞദിവസം ഉച്ചവരെ പണിമുടക്കിയത്.
ഏപ്രില്‍ 20ന് രാത്രിയില്‍ ഭാഗ്യലക്ഷ്മി എന്ന ഹൗസ്ബോട്ടിലെ ജീവനക്കാരന് സോമനെയാണ് ടൂറിസം രംഗത്ത് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘം ക്രൂരമായി മര്‍ദ്ദിച്ചത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവം ഗൗരവമായി കാണാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണ് ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി തൊഴിലാളി സംഘടനകള്‍ സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്. ഏപ്രില്‍ 21ന് ഉച്ചയോടെ പ്രധാന പ്രതി വൈശാഖിനെ അറസ്റ്റ് ചെയ്തതോടെയാണ് സമരം പിന്‍വലിച്ചത്.
കായല്‍ ടൂറിസം മേഖല കേന്ദ്രീകരിച്ച് ഇടനിലക്കാരുടെ അഴിഞ്ഞാട്ടം വര്‍ദ്ധിച്ചിരിക്കുകയാണ്. കമ്മീഷന് കൂടുതല്‍ ലഭിക്കുന്നതിനായി തങ്ങള്‍ ആവശ്യപ്പെടുന്ന ബോട്ടുകളില്‍ കയറാത്ത സഞ്ചാരികളെ അക്രമിക്കുന്നതും കൈയേറ്റം ചെയ്യുന്നതും പതിവാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഒരുപറ്റം ആളുകളുടെ ആധിപത്യമാണ് ഈ മേഖലയിലുള്ളത്. പലപ്പോഴും പോലീസും ഒത്താശ ചെയ്യുന്നതിനാല്‍ കായല്‍ ടൂറിസം മേഖലയില്‍ ചില മാഫിയാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്ന് പരാതി വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: