വളയിട്ടുനടക്കാന് മോഹമില്ലാത്ത പെണ്കൊടിമാരുണ്ടാവില്ല. അവരുടെ സൗന്ദര്യസങ്കല്പ്പങ്ങളുടെതന്നെ ഭാഗമാണ് വളകള്‍. കുപ്പിവളക്കിലുക്കത്തോടായിരുന്നു നാളുകള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ക്ക് ഭ്രമമുണ്ടായിരുന്നത്. ആ കാലത്തുനിന്നും വ്യത്യസ്ത ഫാഷനില്‍ വളകള്‍ വിപണിയിലെത്തി.
വളയ്ക്ക് വൃത്താകൃതി തന്നെ വേണമെന്ന നിര്‍ബന്ധവുമില്ല. മനോഹരമായ നിറത്തിലും രൂപത്തിലും അവ കൈത്തണ്ടയില്‍ ഒട്ടിച്ചേര്‍ന്ന് കിടക്കുന്നതുകാണാന്തന്നെ എന്തൊരാകര്ഷണമാണ്. ഏതെങ്കിലുമൊരു വള കൈയില്‍ ഇട്ടാല്‍ മതിയെന്ന ധാരണയൊക്കെ പണ്ട്. ഇന്ന് വസ്ത്രത്തിന് യോജിക്കുന്ന വിധത്തിലുള്ള വളകള്‍ക്കാണ് ഡിമാന്റ്.
ആര്‍ട്ടിഫിഷല്‍ വളകള്‍ എത്തിയതോടെ ഏതെങ്കിലുമൊരു ചടങ്ങില്‍ പങ്കെടുക്കണമെങ്കില്പോലും സ്വര്‍ണ വളകള്‍ അണിയണമെന്ന നിര്‍ബന്ധവും ഇപ്പോള്‍ ആര്‍ക്കുമില്ല. മിതമായ നിരക്കില്‍ ഇത്തരം ആര്‍ട്ടിഫിഷ്യല്‍ വളകള്‍ ലഭ്യമാകുമെന്നതാണ് വളയെ പ്രിയങ്കരിയാക്കുന്നത്. ഗ്ലാസില്‍ തീര്‍ത്ത വളകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. കുന്ദന്‍, ക്രിസ്റ്റല്‍, ഫാന്‍സി വളകള്‍ക്കും ആവശ്യക്കാരേറെയാണ്.
വളയിലെ മറ്റൊരു ട്രെന്‍ഡ് ത്രെഡ് ‘ബാംഗിളു’കളാണ്. ട്രെന്‍ഡി ലുക്ക് നല്‍കും ത്രെഡ് വളകള്‍. വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയ ത്രെഡ് വളകളാണിത്. വീതി കൂടിയതും കുറഞ്ഞതുമായ തടി വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയാണ് ത്രെഡ് വളകള്‍ ഒരുക്കുന്നത്.
ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിവിധ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ മള്‍ട്ടി കളര്‍ ഡിസൈന്‍ വളകള്‍ എന്നിങ്ങനെ പോകുന്നു ത്രെഡ് വളകള്‍. ഫഌറസന്റ് പച്ച, പിസ്ത ഗ്രീന്‍, എലൈറ്റ് റെഡ്, പര്‍പ്പിള്‍, കോപ്പര്‍ നിറങ്ങളില്‍ ത്രെഡ് ബാംഗിള്‍സ് ലഭ്യമാണ്. പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള വളകള്‍. നൂലിലും തടിയിലും പ്ലാസ്റ്റിക്കിലുമൊക്കെയുള്ള വളകള്‍ ഇന്നു വിപണിയിലുണ്ട്.
ഇരു കൈകളിലും വാരി വലിച്ചു വളയിടണമെന്നുമില്ല. ഒരു വീതി കൂടിയ വള, അല്ലെങ്കില്‍ നേരിയ രണ്ടു വള. തടിവളകള്‍ ചുരിദാറിനും ജീന്സിനുമൊക്കെ ചേരും. ഏതാകൃതിയിലും തടിവളകള്‍ റെഡി. ഡബിള്‍ കളര്‍, കറുത്ത വളയില്‍ വെളുത്ത ഡോട്ടുകളും വരകളും, കോണ്ട്രാസ്റ്റ് കളേഴ്സ്, തടിയില്‍ പ്രിന്റ് ചെയ്തവ. ഇങ്ങനെ പോകുന്നു വുഡന്‍ ബാങ്കിള്‍സിലെ വൈവിധ്യങ്ങള്‍. കൈത്തണ്ടകള്‍ ഇനി വളകള്‍ അണിഞ്ഞ് മനോഹരമാക്കാന്‍ ഇനി എന്തിന് മടിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: