മാന്നാര്‍: ജ്വലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണമോതിരം മോഷ്ടിച്ച് ബൈക്കില്‍ രക്ഷപെട്ട അന്യസംസ്ഥാനക്കാരായ രണ്ടു യുവാക്കളെ മാന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് ഡിണ്ടിഗല്‍ ചെമ്പെട്ടി പച്ചമലയംകോട് ഹൗസ് നമ്പര്‍ 36ല്‍ ഹുസൈന് (37), നമ്പര്‍ 316ല്‍ നവാസ് (30) എന്നിവരെയാണ് എസ്ഐ: രാജേന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംസ്ഥാന പാതയില്‍ കൊറ്റാര്‍കാവ് ദേവീക്ഷേത്രത്തിനു സമീപം ഫാഷന്‍ ജ്വലറിയില്‍ മോഷണം നടന്നത്. ബൈക്കിലെത്തിയ ഇരുവരും മോതിരം വേണമെന്ന് ഉടമയോട് ആവശ്യപ്പെട്ടു. പുറത്ത് ട്രേയില്‍ വച്ചിരുന്ന 10 മോതിരങ്ങള്‍ ഉടമ കാണിച്ചു. എന്നാല്‍ ഇത് ഇഷ്ടപ്പെട്ടില്ലെന്നും ഡിസ്പ്ലേ ബോര്‍ഡില്‍ വച്ചിരിക്കുന്ന മോതിരങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. ഉടമ ഇത് എടുക്കുന്നതിനായി തിരിയവെ ട്രേയില്‍ നിന്നും രണ്ടുമോതിരങ്ങള് എടുത്ത് ഇരുവരും ബൈക്കില്‍ രക്ഷപെടുകയായിരുന്നു.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. മോഷ്ടാക്കള്‍ എത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടിഎന്‍ 57 എസ് 3493 എന്ന ബൈക്കിന്റെ നമ്പരും പോലീസിന് നല്കി. കഴിഞ്ഞദിവസം രാവിലെ മാന്നാര്‍-വീയപുരം റോഡില്‍ വാഹന പരിശോധന നടത്തവെ ഹരിപ്പാട്ടുനിന്നും വരികയായിരുന്ന ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ഹെല്‍മറ്റ്, തൊപ്പി എന്നിവയുടെ കച്ചവടം നടത്തുകയാണെന്നും തിരുവനന്തപുരം ബീമാപള്ളിയില്‍ പോവുകയാണെന്നുമാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നും ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. എസ്ഐയ്ക്കൊപ്പം എഎസ്ഐ: സുൈബര്‍ റാവുത്തര്‍, പ്രൊബേഷന്‍ എസ്ഐ: അനൂപ്, സിപിഒ: കെ.ബാബുക്കുട്ടന് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: