കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ‘ഹൃദയ സംഗമം 2015’ നടന്നു. ഹൃദ്രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ധാര്‍മിക പിന്തുണയും ആത്മവിശ്വാസവും പകരാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ചു വരുന്ന സംഗമം ലിസി ആശുപത്രി ഓഡിറ്റോറിയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ 6 പേരെ ചടങ്ങില്‍ ആദരിച്ചു.
ഹാര്ട്ട്് കെയര്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. ജോസ് ചാക്കോ പെരിയപുരം ഹൃദ്രോഗത്തെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ 600- ഓളം രോഗികള്‍ പങ്കെടുത്ത സംഗമത്തില്‍ പ്രമുഖ ഹൃദ്രോഗ വിദഗ്ധരായ ഡോ. റോണി മാത്യു കടവില്‍, ഡോ. ജോ ജോസഫ്, ഡോ. ജേക്കബ് ഏബ്രഹാം, ഡോ. റഫീഖ് എ .കെ., ഡോ. ജീവന് തോമസ്, ജനറല്‍ ഫിസിഷ്യന്‍ ഡോ. ടി.കെ. ജോസഫ്, പ്രമുഖ ന്യുട്രിഷനിസ്റ്റ് ഡോ. നിഷാ വിന്‍സെന്റ്, ഫിസിയോ തെറാപ്പിസ്റ്റ് ഡാനി ജോസ് എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്കി.
ചടങ്ങില്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ സോഷ്യല്‍ എക്സലെന്‍സ് അവാര്‍ഡ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടന് മമ്മൂട്ടിക്ക് നല്കി. ഫലകവും സ്വര്‍ണപതക്കവും പ്രശസ്തിപ്പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്തതായ കാര്യമൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് മറുപടി പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞു.
ഫൗണ്ടേഷന്റെ മുന്‍ ട്രസ്റ്റി സി.വി. ഷണ്മുഖന്റെ സ്മരണയ്ക്കായി അഞ്ച് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കെ.ജെ. യേശുദാസ്, ഉമാ പ്രേമന്, വി.ജെ. കുര്യന് ഐഎഎസ്, ഡോ. ബീന ഐഎഎസ് എന്നിവരാണ് നേരത്തെ അര്‍ഹരായിട്ടുള്ളവര്‍. ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംവിധായകന് ആന്റോ ജോസഫ്, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം, സെക്രട്ടറി രാജു കണ്ണമ്പുഴ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: