ചങ്ങനാശ്ശേരി: കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്കു പരിക്ക്. പായിപ്പാട് പാലാകോട്ടാല് മുളമൂട്ടില്‍ ബേബിക്കുട്ടി(46), മക്കളായ സൗമ്യ(20), ജോസ്നാ(17), തൃക്കൊടിത്താനം കണ്ണന്‍കര അനന്ദു(18), കോട്ടമുറി വടക്കേകണ്ണന്പള്ളി വിഷ്ണു(19), പാലാക്കോട്ടാല് കൊച്ചുപറമ്പില്‍ കൊച്ചുമോള്(32), മോളമ്മ(43), ഒമിനി വാന്‍ ഡ്രൈവര്‍ ചാഞ്ഞോടി മറ്റത്തില്‍ തോമസ്മാത്യൂ(48), തൃക്കൊടിത്താനം കൊല്ലംപറമ്പില്‍ എബിന്(18), അഖില്‍(11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തോമസ് മാത്യൂ, അനന്ദു, സൗമ്യ, വിഷ്ണു എന്നിവരെ തിരുവല്ലാ പുഷ്പഗിരി മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ ബിലീവേഴ്സ്് ചര്‍ച്ച് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് 1.30ന് പായിപ്പാട് മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. വിവാഹത്തിനു ശേഷം മടങ്ങുകയായിരുന്ന കാല്നടയാത്രക്കാര്ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. സമീപം സംസാരിച്ചുനിന്നിരുന്ന ബൈക്കുയാത്രികര്ക്കും പരിക്കേറ്റു. കുന്നന്താനം ഭാഗത്തുനിന്നും പായിപ്പാട്ടേക്കു വരികയായിരുന്ന കുന്നന്താനം വടക്കുംപറമ്പില്‍ അലക്സാണ്ടറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മാര്‍ക്കറ്റിനു മുമ്പില്‍ ബൈക്കില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന രണ്ടു യുവാക്കളെ ആദ്യം ഇടിച്ചുവീഴ്ത്തുകയും തുടര്‍ന്ന് മുന്നോട്ടു നീങ്ങി തൊട്ടുമുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന ഒമിനി വാനില്‍ കയറുകയായിരുന്ന ഡ്രൈവറെയും ഇടിച്ചിട്ടശേഷം വിവാഹം കഴിഞ്ഞ് റോഡരികിലൂടെ നടന്നുവരികയായിരുന്ന സംഘത്തെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താല്‍ കാറിനടിയിലും റോഡിലും മറ്റുമായി ചിതറിതെറിച്ചുവീണവരെ മാര്‍ക്കറ്റില്‍ കൂടിനിന്നവരും സമീപവാസികളും ചേര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പോലീസ് സ്ഥലത്തെത്തി അലക്സാണ്ടറെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗത്തെ ടയര്‍പൊട്ടി നിയന്ത്രണം വിട്ടതാണെന്നു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: