കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രകവാടത്തില് പുതുതായി നിര്‍മ്മിച്ച അലങ്കാര ഗോപുര സമര്‍പ്പണം 24ന് നടക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്. അജിത്ത്കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം ശീമാട്ടി തിരുവെങ്കിടമാണ് തിരുനക്കര ക്ഷേത്രത്തിന്റെ പ്രൗഢിക്കനുസൃതമായ അലങ്കാരഗോപുരം വഴിപാടായി സമര്‍പ്പിക്കുന്നത്. കേരളീയ വാസ്തുവിദ്യാ മാതൃകയിലുള്ള അലങ്കാര ഗോപുരത്തിന്റെ നിര്‍മ്മാണച്ചെലവ് ഒരുകോടി രൂപയിലധികമാണ്.
ആര്‍ക്കിടെക്ട് വെല്ലിയോടില്ലത്ത് വി.ജി. ഗോവിന്ദന് നമ്പൂതിരിയാണ് ഗോപുരത്തിന്റെ രൂപകല്പന നിര്‍വ്വഹിച്ചത്. പ്രോജക്ട് മാനേജര്‍ എം.വി. വിമല്‍കുമാര്‍, ശില്പി ദാമോദരനാചാരി, എന്‍.ബി. നാരായണന് നായര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍.
24ന് രാവിലെ 9ന് ശിവശക്തി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമര്‍പ്പണ സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. നവീകരിച്ച കാണിക്കമണ്ഡപത്തിന്റെ സമര്‍പ്പണം ബോര്‍ഡ് മെമ്പര്‍ പി.കെ. കുമാരനും നിര്‍വ്വഹിക്കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വി. തിരുവെങ്കിടം ആദരിക്കുമെന്നും അജിത്ത് കുമാര്‍ അറിയിച്ചു.
പത്രസമ്മളനത്തില്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ കെ.എ. രാധികാദേവി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ജി. ഗോപകുമാര്‍, ആര്‍ക്കിടെക്ട് വി.ജി. ഗോവിന്ദന് നമ്പൂതിരി, പ്രോജക്ട് മാനേജര്‍ എം.വി. വിമല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: