കോട്ടയം: ശ്രീശങ്കര ശിഷ്യനായ തോടകാചാര്യര്‍ സ്ഥാപിച്ച തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര് മഠത്തിലെ ശ്രീരാമഹനുമദ് ദേവസ്ഥാനത്ത് 23ന് ശ്രീശങ്കരജയന്തിയും 25ന് ശ്രീരാമ ജന്മനക്ഷത്രത്തില് പുണര്‍തം പൂജയും നടത്തുന്നു. ശങ്കരജയന്തി ദിവസം രാവിലെ 5.30 മുതല്‍ വിശേഷാല്‍ പൂജകളും, രാമായണ പാരായണവും വൈകിട്ട് 5ന് ശ്രീശങ്കര വിദ്വല്‍ സഭയും സമ്മേളിക്കും. മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാര് ഭദ്രദീപം തെളിയിച്ച് സഭ ഉദ്ഘാടനം ചെയ്യും. ഡോ. പി. വി. വിശ്വനാഥന് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന വിദ്വല്‍ സഭയില്‍ ശ്രീശങ്കരപീഠം വിദ്യാര്‍ത്ഥികളുടെ തോടകാഷ്ടക ജപം, വേദപാരായണം, ഗണേശ പഞ്ചരത്നകീര്‍ത്തനാലാപനം എന്നിവ ഉണ്ടായിരിക്കും. വൈക്കം രാജമ്മാള്‍ ശങ്കരകൃതിയുടെ സംഗീതാവിഷ്കരണവും നടത്തും.
ഡോ. സി.റ്റി. ഫ്രാന്‍സിസ് ശ്രീശങ്കരന്റെ കാവ്യദര്ശനത്തെക്കുറിച്ച് പ്രഭാഷണവും, ഡോ. കെ.എന്‍. ഹരികൃഷ്ണശര്‍മ്മ ആചാര്യാനുസ്മരണവും നടത്തും. എം.വി. നാരായണന് നമ്പൂതിരിയും, കെ. ചന്ദ്രശേഖറും യോഗത്തില്‍ പ്രസംഗിക്കും. സ്വാമിയാര് മഠത്തിലെ ശ്രീശങ്കര ഗ്രന്ഥശാല പ്രസിദ്ധപ്പെടുത്തുന്ന ‘ഗോവിന്ദ ദാമോദര സ്തോത്രവും’ നടക്കും.
25ന് രാവിലെ 5.30 മുതല്‍ പുണര്‍തം പൂജയും തന്ത്രിമുഖ്യന്‍ ഹരിഗോവിന്ദന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യഗണപതിഹോമവും 9ന് ശ്രീരാമസ്വാമിക്ക് കളഭാഭിഷേകവും നടത്തും. വൈകിട്ട് 6.30 മുതല്‍ കൃഷ്ണനാട്ടവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: