പൂച്ചാക്കല്‍: തുറവൂര്‍-പമ്പാപാതയിലെ തൈക്കാട്ടുശേരി-തുറവൂര്‍ പാലം മേയ് 12ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. തുറവൂര്‍-പമ്പാപാതയിലെ തൈക്കാട്ടുശേരി-തുറവൂര്‍ പാലത്തിന്റെ നിര്‍മ്മാണപുരോഗതി വിലയിരുത്തുന്നതിനായി തൈക്കാട്ടുശേരിയിലെത്തിയതായിരുന്നു അദ്ദേഹം.
പാലത്തിന്റെ ഇരുവശങ്ങളിലുമായി അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. തുറവൂര്‍ ഭാഗത്ത് 450 മീറ്റര്‍ നീളത്തിലും തൈക്കാട്ടുശേരി ഭാഗത്ത് 230 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളായ പിവിഡി, ഗാമ്പിയന്‍ ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ ഇത് പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൈക്കാട്ടുശേരി-തുറവൂര്‍ പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു തന്നെ നേരെകടവ്-മാക്കേക്കടവ് പാലത്തിന്റെ നിര്‍മ്മാണത്തിന് കല്ലിടല്‍ ചടങ്ങുകൂടി നടത്തും. എ.എം. ആരിഫ് എംഎല്‍എ തൈക്കാട്ടുശേരിയിലെത്തിയെങ്കിലും എംപിയും കളക്ടറുടെയും സന്ദര്‍ശനം ഔദ്യോഗികമായ അറിയിച്ചില്ലെന്നാരോപിച്ച് മടങ്ങിപ്പോയി. കളക്ടര്‍ എന്‍. പത്മകുമാര്‍, പൊതുമാരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്സി. എന്‍ജിനിയര്‍ സനില്‍, അസി. എക്സി. എന്‍ജിനിയര്‍ കെ. മുകേഷ്, ഉഷാകുമാരി, തുടങ്ങിയവരും എംപിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: