ചെങ്ങന്നൂര്‍: കൊല്ലകടവ് കേന്ദ്രീകരിച്ചുള്ള വ്യാജ സിദ്ധന്മാരെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം അട്ടിമറിക്കുന്നു. ഭരണത്തില്‍ സ്വാധീനമുള്ള ഒരു ഘടകകക്ഷിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അന്വേഷണം അട്ടിമറിക്കുന്നത്. ബാധ ഒഴിപ്പിക്കല്‍, കൈവിഷം നീക്കം ചെയ്യല്‍, രോഗങ്ങള്‍ ഭേദപ്പെടുത്തുക തുടങ്ങിവയ്ക്കാണ് ഇവര്‍ ചികിത്സ നല്‍കുന്നത്. കൊല്ലകടവ് കേന്ദ്രീകരിച്ച് നിരവധി വ്യാജ സിദ്ധന്മാരാണുള്ളത്. രോഗികളെ മര്ദ്ദിക്കുന്നതുള്പ്പെടെയുള്ള ചികിത്സാ രീതികളാണ് ഇവര്‍ പരീക്ഷിക്കുന്നത്.
ജില്ലയില്‍ കായംകുളം, ആദിക്കാട്ടുകുളങ്ങര പ്രദേശങ്ങളില്‍ വ്യാജസിദ്ധന്മാരെ അറസ്റ്റു ചെയ്തപ്പോള്‍ പോലും കൊല്ലകടവ് കേന്ദ്രീകരിച്ചുള്ളവര്‍ സുരക്ഷിതരായിരുന്നു. ലൈസന്‍സോ, വിദഗ്ധ പഠനമോ ഇല്ലാത്ത ഇവരുടെ അടുക്കല്‍ ചികിത്സതേടി നിരവധി ആള്‍ക്കാരാണ് ദിവസവും എത്തുന്നത്. കൂടുതലായും സ്ത്രീകളാണ് ഇവരുടെ ചൂഷണത്തിന് ഇരയാകുന്നത്. രോഗികളെ എത്തിക്കാനായി വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കമ്മീഷന് വ്യവസ്ഥയില്‍ ഏജന്റുമാരുണ്ട്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വ്യാജസിദ്ധന്റെ സമീപം ചികിത്സയ്ക്കെത്തിയ ചെറിയനാട് മാമ്പ്ര മലയില്‍ രജീഷി (33)ന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും അട്ടിമറിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സിദ്ധന് നല്കിയ മരുന്ന് കഴിച്ച ശേഷം അവശനായ രജീഷ് മരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് രജീഷിന്റെ അച്ഛന് ബാലകൃഷ്ണന് വെണ്മണി പോലീസില്‍ പരാതിയും, വീട്ടുകാര്‍ മൊഴിയും നല്‍കിയിട്ടും സിദ്ധനെ ചോദ്യം ചെയ്യാനോ, കൊല്ലകടവ് കേന്ദ്രീകരിച്ചുള്ള വ്യാജ സിദ്ധന്മാരെ കുറിച്ച് അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല.
ഇതിനിടെ കേസ് പിന്‍വലിപ്പിക്കാന്‍ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സിദ്ധന്റെ ആള്ക്കാര്, അന്വേഷണ ആവശ്യത്തില്‍ നിന്നും പിന്മാറാന് വിവിധ രാഷ്ട്രീയ കക്ഷികളെയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ വ്യാജസിദ്ധന്മാരെ കുറിച്ചുള്ള അന്വേഷണം ആവശ്യത്തില്‍ ഉറച്ചു നില്ക്കുവാനും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ പ്രക്ഷോഭ പരിപാടികള്‍ സ്വീകരിക്കാനുമാണ് ഹിന്ദുഐക്യവേദി, എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: