ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യവനിതാ പ്രൊഡ്യൂസറായിരുന്ന എസ്. സരസ്വതിയമ്മയ്ക്ക് ആകാശവാണിയും കുടംബംപോലെ. സംഗീതവും സാഹിത്യവും കലയും സംസ്കാരവും ഇടകലരുന്ന പ്രക്ഷേപണകലയെ തന്റെ ആത്മാവിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു സരസ്വതിയമ്മ.
1965 മുതല്‍ കാല് നൂറ്റാണ്ടുകാലം വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള റേഡിയോ പരിപാടിയിലൂടെ ശ്രോതാക്കളുടെ മനസില്‍ ഇടം നേടാനായി. ആകാശവാണിയുടെ ‘മനസ്വിനീ മാനവതീ’ എന്ന പരിപാടിക്ക് 1985 ല്‍ ദേശീയ അംഗീകാരം ലഭിച്ചു. തൊണ്ടുതല്ലുന്നവര്‍, കല്ലുകൊത്തുന്നവര്‍ തുടങ്ങി ജീവിതത്തിന്റെ താഴെ തട്ടിലുളളവരെ കണ്ടെത്തി അവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു. ഈ പരിപാടി ദല്ഹിനിലയം അവതരിപ്പിച്ചശേഷം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലെ റേഡിയോ നിലയങ്ങളിലും പ്രക്ഷേപണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഇത് തന്റെ ജീവിതത്തില്‍ ഏറ്റവും അഭിമാനം തോന്നിയ സന്ദര്‍ഭമായിരുന്നു എന്ന് സരസ്വതിയമ്മ പറഞ്ഞു. ആകാശവാണിയില്‍ ഗായകസംഘത്തിന് രൂപം നല്കിയതും സരസ്വതിയമ്മയാണ്.
കോളേജ് വിദ്യാഭ്യാസകാലത്ത് കലാസാംസ്കാരികരംഗത്ത് സജീവമായിരുന്നത് ഈ രംഗത്ത്് കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കി. ലോ കോളേജില്‍നിന്ന് സന്നത് എടുക്കുന്നതിന് മുമ്പുള്ള ഒരുവര്‍ഷക്കാലം സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വനിതാ സമാജം രൂപീകരിച്ചു.
മഹിളാലയം, ബാലലോകം പരിപാടികള്‍ക്ക് ആശയപരമായും ഘടനാപരമായും നൂതന ആവിഷ്കാരശൈലി രൂപപ്പെടുത്താന്‍ സരസ്വതിയമ്മ നടത്തിയ ശ്രമം വിജയിച്ചു. അതിനു തെളിവാണ് മഹിളാലയം ചേച്ചി എന്ന അംഗീകാരം. ആകാശവാണിയിലെ തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ സ്വാംശീകരിച്ച് ആകാശത്തിലെ നക്ഷത്രങ്ങള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
സര്‍വീസില്‍ നിന്ന് വിരമിച്ച് മൂന്നു പതിറ്റാണ്ടിനുശേഷമുള്ള ഈ വിലയിരുത്തല്‍ ആകാശവാണി ശ്രോതാക്കള്‍ക്കും കലാസ്വാദകര്‍ക്കും ഒരു പോലെ ആസ്വദിക്കാനാകും.
ആകാശവാണിയില്‍ വനിതകള്‍ക്കുള്ള പരിപാടികള്‍ ശുഷ്കമായിരുന്ന കാലത്താണ് മഹിളാലയം പരിപാടി ആകാശവാണിയില്‍ ആരംഭിച്ചത്.
സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ഇറക്കി വിശാലമായ ലോകത്തേക്ക് അവരെ കൊണ്ടെത്തിക്കാന്‍ ഈ പരിപാടികൊണ്ട് സാധിച്ചു. അങ്ങനെ വിവിധ രംഗങ്ങളിലുള്ള സ്ത്രീകള്‍ക്കുവേണ്ടി വൈവിദ്ധ്യമുള്ള നാല് പരിപാടികള്‍ ആരംഭിച്ചു. വ്യത്യസ്ത മേഖലകളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ സാഹിത്യസൃഷ്ടികള്‍ അവതരിപ്പിക്കാനുള്ള അവസരം മഹിളാലയം ഒരുക്കി. സാഹിത്യസംബന്ധിയായ വിഷയങ്ങള്‍ മഹിളാലയത്തില് ഉള്‍പ്പെടുത്തുവാന്‍ അധികാരികള്‍ അക്കാലത്ത്് വിമുഖതകാട്ടിയിരുന്നു.
സരസ്വതിയമ്മയുടെ നിരന്തരമായ പരിശ്രമംകൊണ്ട് ആ കാഴ്ച്ചപ്പാട് മാറ്റുവാന്‍ സാധിച്ചു. അന്ന് സാഹിത്യരംഗത്ത് സജീവമായിരുന്ന ബാലാമണിയമ്മ, ലളിതാംബികാ അന്തര്‍ജനം, സുഗതകുമാരി തുടങ്ങി അപൂര്വംപേരേ ഉണ്ടായിരുന്നുള്ളൂ. ‘മാസിക’ എന്ന അകാശവാണി പരിപാടിയിലൂടെ സാധാരണക്കാരായ കലാകാരികള്‍ക്ക് വളര്‍ന്നുവരാന്‍ അവസരമൊരുങ്ങി. ഇപ്പോഴത്തെ വനിതാ ഉദ്യോഗസ്ഥരെക്കുറിച്ച് മനസുതുറക്കാനും മറന്നില്ല. അന്നത്തെക്കാലത്ത് സ്ത്രീകള്‍ക്ക് കുടുംബത്തിലും സമൂഹത്തിലും ഇന്നത്തെക്കാള്‍ കൂടുതല്‍ അംഗീകാരം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ സ്ത്രീകളും പീഡനത്തിനിരയാകുന്നു. ഇപ്പോള്‍ നല്ല കുടുംബജീവിതം കുറവാണ്.
സ്ത്രീശാക്തീകരണത്തിന്റെ നൂതന പ്രവണതയാകാം. എന്നാല്‍ മുന്‍ തലമുറയില്‍ പുരുഷനും സ്ത്രീയും പരസ്പരം അംഗീകരിക്കുമായിരുന്നു. നല്ല കുട്ടികളെ വളര്‍ത്തിയെടുക്കുന്നതുപോലെ നല്ല ഭര്‍ത്താവിനെയും വളര്‍ത്തിയെടുക്കാന്‍ സ്ത്രീകള്‍ക്കാകും. ആ കാഴ്ചപ്പാട് ഇപ്പോള്‍ ഇല്ല. ശാക്തീകരണവും സ്വതന്ത്ര ചിന്തയും നല്ലതാണ്. അമ്മമാര്‍ നല്ലതുപോലെ മക്കളെ വളര്‍ത്തിയാല്‍ ഭാവിയില്‍ പീഡനങ്ങള്‍ ഉണ്ടാകില്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ വളര്‍ത്തണം അത്തരം ചുറ്റുപാടില്‍ വളര്‍ന്നുവന്നതിനാലാണ് തനിക്ക് ഈ നിലയില്‍ എത്താനായത്.
പുരുഷന്മാരുടെയും പങ്കാളിത്തം മഹിളാലയത്തില് വേണമെന്ന് ആവശ്യപ്പെട്ട് നിര്‍ബന്ധപൂര്‍വം അവരെ പങ്കെടുപ്പിച്ചത് അന്ന് വിലിയ വിവാദം ഉണ്ടാക്കിയ സംഭവമായിരുന്നു. ഇന്നത്തെ മഹിളാലയം പരിപാടിയില്‍ കാലാനുസൃതമായ മാറ്റം വന്നു. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. സംവിധാനം എന്നത് നാടകത്തിലും സംഗീതസംവിധാനത്തിലും മാത്രമല്ല. ഓരോ പരിപാടിയും പ്രക്ഷേപണം ചെയ്യുമ്പോള്‍ അതിന്റെ വിജയത്തിന് സംവിധായകന്റെ കഴിവ് സ്വാധീനിക്കും. റേഡിയോയിലെ അവതരണത്തില്‍ സംവിധായകന്റെ കഴിവ് പ്രകടമാണ്. ഉദാഹരണത്തിന് കാലംസാക്ഷിപോലുള്ള പരിപാടി ചിലര്‍ അവതരിപ്പിച്ചാല്‍ അത് വീണ്ടും കേള്‍ക്കാന്‍ തോന്നും. ഇത് സംവിധായകന്റെ കഴിവാണ്.
ആകാശവാണിയില്‍നിന്ന് വിരമിച്ചിട്ടും കര്മ്മനിരതയായിത്തുടരുന്നു. മഹിളാലയം ചേച്ചിയില്‍നിന്ന് വനിതാമാസികയില്‍ വനിതാവേദി ചേച്ചിയായി മാറിയപ്പോള്‍ കുറച്ചുകൂടി സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായി എന്ന് സരസ്വതിയമ്മ പറഞ്ഞു.
ചുരുക്കത്തില്‍ ആകാശവാണിയിലെ 25 വര്‍ഷത്തെ സേവനവും 20 വര്‍ഷത്തെ വനിതാവേദിയിലെ പത്രപ്രവര്‍ത്തനവും കഴിഞ്ഞും ഈ നിമിഷം വരെയും കര്മ്മനിരതമെണെന്നു പറയുമ്പോള്‍ ആ മുഖത്ത് ചാരിതാര്‍ത്ഥ്യത്തിന്റെ തിളക്കം. കര്‍മ്മരംഗത്ത് സജീവസാന്നിദ്ധ്യമാകാനും ഇത്രയൊക്കെ നേടിയെന്ന് അഭിമാനിക്കാനായതും ഭര്‍ത്താവ് യശോധരന്റെയും മക്കളായ മായ പ്രിയദര്‍ശിനി, ഹരികൃഷ്ണന്, ഗോപീകൃഷ്ണന് എന്നിവരുടെയും പരിപൂര്‍ണ പിന്തുണ നേടാനായതുകൊണ്ടാണെന്നും സരസ്വതിയമ്മ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: