കൊച്ചി: വാതകാധിഷ്ഠിത സമ്പദ്ഘടനയിലേക്ക് മാറിയാല്‍ മാത്രമേ ഇന്ത്യക്ക് ത്വരിതഗതിയിലുള്ള വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എ.കെ. ബല്യാന്‍ അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ വികസിത രാജ്യങ്ങളിലെല്ലാം വാതകാധിഷ്ഠിത സമ്പദ്വ്യവസ്ഥയാണ് നിലവിലുള്ളതെന്ന് ബില്ഡേഴ്ഡ് അസോസിയേഷന് ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് വി.എം. ഫസല്‍ അലിയുടേയും അസോസിയേഷന് കൊച്ചി സെന്റര്‍ ഭാരവാഹികളുടെയും സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവെ ഡോ. ബല്യാന്‍ ചൂണ്ടിക്കാട്ടി.
ലോക ജനസംഖ്യയുടെ 16 ശതമാനം വരുന്ന ഇന്ത്യന്‍ ജനതയ്ക്ക് നിലവിലുള്ള ഹൈഡ്രോകാര്‍ബണ്‍ ശേഖരം .5 ശതമാനം മാത്രമാണ്. നമ്മുടെ ഇന്ധനാവശ്യങ്ങളുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. വാതക ഇറക്കുമതി 50 ശതമാനമാണ്. ദേശീയ വാതക ഗ്രിഡിന്റെ പ്രവര്‍ത്തനം കുറേക്കൂടി വേഗതയില്‍ മുന്നോട്ടു പോയാല്‍ മാത്രമേ വാതകാധിഷ്ഠിത സമ്പദ്ഘടന എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ നമുക്ക് കഴിയുകയുള്ളൂവെന്ന് ഡോ. ബല്യാന്‍ പറഞ്ഞു. പൈപ്പ്ലൈന് ശൃംഖലയുടെ നിര്‍മാണം വളരെ വേഗത്തിലാക്കേണ്ടതുണ്ട്.
ഭൂമിയുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയും കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിര്‍മാണ രംഗത്ത് ഗുണമേന്മ ഉറപ്പുവരുത്തുകയും പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ചുകൊണ്ട് ചെലവ് വെട്ടിക്കുറക്കുകയും ചെയ്യണമെന്ന് ഡോ. ബല്യാന്‍ ബില്ഡര്മാരോടഭ്യര്ഥിച്ചു. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ട്രസ്റ്റി പി.കെ. രാമചന്ദ്രന്, വൈസ് പ്രസിഡന്റ് വി.എം. ഫസല്‍ അലി, സെന്ററിന്റെ സ്ഥാനമൊഴിയുന്ന ചെയര്മാന് പ്രിന്‍സ് ജോസഫ്, പുതിയ ചെയര്മാന് മനോജ് മാത്യു, സെക്രട്ടറി ജിബു മാത്യു, ക്രെഡായ് കൊച്ചി സെന്റര്‍ ചെയര്മാന് പോള്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: