ന്യൂദല്‍ഹി: ഡ്രൈവറില്ലാ മെട്രോയും ഇനി രാജ്യതലസ്ഥാനത്തേക്കെത്തുന്നു. ദല്‍ഹി മെട്രോയുടെ മൂന്നാംഘട്ട വികസനത്തിലാണ് ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കായ മെട്രോ കോച്ചുകള്‍ ഇടം പിടിക്കുന്നത്.
മൂന്നാംഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന 58 കിലോമീറ്റര്‍ നീളുന്ന മുകുന്ദ്പുര്‍-ശിവ് വിഹാര്‍ റൂട്ടിലും 34 കിലോമീറ്ററുള്ള ജനക്പുരി വെസ്റ്റ്-ബൊട്ടാണിക്കല്‍ ഗാര്ഡന് റൂട്ടിലുമാണ് പുതിയ കോച്ചുകളെത്തുന്നതെന്ന് ദല്‍ഹി മെട്രോ വക്താവ് അറിയിച്ചു.
രണ്ടു റൂട്ടിലും ഓട്ടോമാറ്റിക്ക് ട്രെയിനുകള്‍ വരുന്നതോടെ ട്രെയിനുകളുടെ ഇടവേളകളില്‍ കുറവുണ്ടാകും. 90 സെക്കന്റിനുള്ളില്‍ സ്റ്റേഷനില്‍ വണ്ടിയെത്തും. ആറു കോച്ചുകളായിരിക്കും ഒരു വണ്ടിയിലുണ്ടാകുക. രണ്ടു റൂട്ടുകളിലുമായി 68 സ്റ്റേഷനുകള്‍ ആകെയുണ്ട്.
പ്ലാറ്റ്ഫോം വാതിലുകളും പുതിയ റൂട്ടില്‍ സ്ഥാപിക്കും. ഡ്രൈവറില്ലാത്തതിനാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായും ആത്മഹത്യാശ്രമങ്ങള്‍ തടയുന്നതിനുമായാണ് പുതിയ സംവിധാനം. രണ്ടു റൂട്ടുകളിലെയും 60 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.
ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ മറ്റു മെട്രോകളേക്കാള്‍ പത്തുശതമാനം അധികം ഇന്ധനം ലഭ്യമാക്കുമെന്നും മെട്രോ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: