എരുമേലി; കോളനി നിവാസികള്‍ക്ക് ആധാരം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ സമരത്തിനെതിരെ പഞ്ചായത്ത് നല്കിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോളനിനിവാസികളെ വിചാരണകോടതി വെറുതെവിട്ടു.
എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് കോളനിയിലെ ആധാരമാണ് കേസിനാധാരമായത്. 1997-98ല്‍ നാലുസെന്റ് ഭൂമി വീതം 32 കുടുംബങ്ങള്‍ക്ക് നല്‍കാനായി ഒഴക്കനാട് ഭൂമി പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. 99ല്‍ ജനകീയാസൂത്രണ പദ്ധതിപ്രകാരം ഭൂരഹിതര്‍ക്കായി വിതരണം ചെയ്ത ഭൂമി പത്തുവര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാതിരിക്കാന്‍ ആധാരം സെക്രട്ടറിയുടെ പേരില്‍ എഴുതുകയായിരുന്നു. എന്നാല്‍ നിശ്ചിത കാലയളവിനുശേഷം ആധാരത്തിനായി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ പഞ്ചായത്ത് ആധാരം നല്കാതിരിക്കാന് ശ്രമം തുടങ്ങിയതോടെ ആധാരത്തിനായി കോളനി നിവാസികള്‍ സമരത്തിനൊരുങ്ങുകയായിരുന്നു.
ഇതിനിടെ കോളനിക്കാര്‍ ലോകായുക്തയെ സമീപിക്കുകയും ആധാരം കോളനിക്കാര്‍ക്ക് നല്കാന് ഉത്തരവാകുകയും ചെയ്തു. ഇതിലും പഞ്ചായത്ത് നടപടി എടുത്തില്ല. ഇതിനെതിരെ നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് പഞ്ചായത്ത് വിചാരണകോടതിയില്‍ കേസ് നല്‍കിയത്. എന്നാല്‍ കോടതിയില്‍ പഞ്ചായത്താഫീസ് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ് തെളിയിക്കാന്‍ പോലീസിന് കഴിയാതിരുന്നതാണ് കോളനി നിവാസികളെ വെറുതെ വിടാന്‍ കാരണമായത്. കോളനി നിവാസികള്‍ക്കായി അഡ്വ. മുഹമ്മദ് ഹാരീസ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: