കൊച്ചി: പറവൂര്‍ പുത്തന്‍വേലിക്കരയില്‍ 14 കാരിയെ പീഡിപ്പിച്ച കോട്ടപ്പുറം രൂപതയില്‍പ്പെട്ട ലൂര്‍ദ്ദ്മാതാ പള്ളിവികാരി എഡ്വിന് ഫിഗറസിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ട് രണ്ടാഴ്ചയിലേറെക്കാലമായിട്ടും അറസ്റ്റ്ചെയ്യാത്തത് പോലീസിന്റെ ഒത്തുകളിയാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിച്ചു.
ഇത്തരം വിഷയങ്ങളില്‍ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും സ്വമേധയാ കേസെടുക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെങ്കിലും ഫാദര്‍ ഫിഗറസിന്റെ കാര്യത്തില്‍ ഇവരൊക്കെ കുറ്റകരമായ മൗനം അവലംബിക്കുകയാണ്.
പ്രതിക്കെതിരെ അനിവാര്യമായ സഭാപര നടപടികള്‍ സ്വീകരിക്കുവാന്‍ ബാധ്യസ്ഥരായ കോട്ടപ്പുറം രൂപതാധികാരികള്‍ കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ക്രിസ്തുവിനും പോപ്പിനും എതിരെയുള്ള വെല്ലുവിളിയായേ കാണുവാന്‍ കഴിയുകയുള്ളൂവെന്നും ആരോപിച്ചു.
പ്രസിഡന്റ് ലാലന് തരകന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് പറമ്പില്‍, ടി.ഇ. തോമസ്, പ്രൊഫ. എ.ജെ. പോളികാര്‍പ്പ്, ജയിംസ് കളത്തുങ്കല്‍, ജോസഫ് വെളിവില്‍, അഡ്വ. ജിജാ ജെയിംസ്, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, ജെറോം പുതുശ്ശേരി, തോമസ് പ്ലാശേരി, വി.ജെ. പൈലി, സുനില്‍ പുത്തന്‍വേലിക്കര തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: