എരുമേലി: വൃദ്ധസദനം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പണം നല്‍കാത്തതിനെത്തുടര്‍ന്ന് കരാറുകാരന് ഹൈക്കോടതിയിലേക്ക്. വേള്‍ഡ് ബാങ്കിന്റെ ധനസഹായത്തോടെ പണി പൂര്‍ത്തീകരിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും കരാറുകാരന് പമം നല്‍കാത്തതാണ് പ്രതിസന്ധിയായത്. രണ്ടാംഘട്ടമായി നാല്പതുലക്ഷം രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. ഇതില്‍ പത്തുലക്ഷം രൂപമാത്രമാണ് കരാറുകാരന് ലഭിച്ചത്. ഈ പദ്ധതിയില്‍ ഇനി മുപ്പതുലക്ഷം രൂപ കൂടി നല്‍കാനുണ്ടെന്നും കരാറുകാരനായ കൂവപ്പള്ളി പന്തലാനിക്കല്‍ ടോമിജോസപ് പറഞ്ഞു.
എന്നാല്‍ പഞ്ചായ്തിന്റെ വികസന പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിച്ച് കണക്കുകള്‍ ഹാജരാക്കാന്‍ വീഴ്ചപറ്റിയതാണ് ഒന്നാംഘട്ടത്തിലെ പണം നഷ്ടമാകാന്‍ കാരണമായതെന്നും കരാറുകാരന് പറഞ്ഞു. കണക്കുകള്‍ ഹാജരാക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് ലോക ബാങ്ക് ധനസഹായം ലഭിക്കാതെ വന്നതാണ് കരാറുകാരന് പണംകൊടുക്കാന്‍ കഴിയാതെ വന്നത്. പഞ്ചായത്തിന്റെ വിവിധ വികസന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പല കരാറുകാര്‍ക്കായി അമ്പതുലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്നും ഇതിനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണെന്നും ടോമി ജോസഫ് പറഞ്ഞു.
ലോകബാങ്ക് ധനസഹായം അനുവദിച്ചുകിട്ടാന്‍ പഞ്ചായത്ത് അധികൃതര്‍ മന്ത്രിമാരുടെ ശുപാര്‍ശയ്ക്കായി കാത്തുനില്‍ക്കുകയാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ലഭിക്കണ്ട തുക കൂടി ലഭിച്ചില്ലെങ്കില്‍ ഇനി വീണ്ടും പ്രോജക്ടുണ്ടാക്കി അനുമതി തേടിയാല്‍ മാത്രമേ ലോകബാങ്ക് ധനസഹായം ലഭിക്കാന്‍ സാദ്ധ്യതയുള്ളൂവെന്നും അധികൃതര്‍ പറയുന്നു. ചെമ്പകപ്പാറയില്‍ പഞ്ചായത്ത് നിര്‍മ്മിച്ച വൃദ്ധസദനം തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് കരാറുകാരന് പണം നല്‍കാനുണ്ടെന്ന സംഭവം പുറത്തു കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: