കോട്ടയം: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ ദുരിതത്തില്‍. ഒരു പ്ലാറ്റ്ഫോം മാത്രമുള്ള ഇവിടെ ചില മയങ്ങളില്‍ രണ്ടാമത്തെ ലൈനില്‍ ട്രെയിന്‍ നിര്‍ത്തുന്നതാണ് പ്രധാന ദുരിതം. പരശുറാം എക്സ്പ്രസ്സിനും വിവിധ പാസഞ്ചര്‍ ട്രെയിനുകള്‍ക്കും മാത്രമാണിവിടെ സ്റ്റോപ്പുള്ളത്. രാവിലെ ഗുരുവായൂരില്‍ നിന്നും പുനലൂര്‍ വരെ പോകുന്ന പാസഞ്ചറിനും പരശുറാം എക്സ്പ്രസിനും ക്രോസിങ് ഏറ്റുമാനൂരിലാണ്. ഈ രണ്ടു ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പുണ്ട്. ഏതെങ്കിലും ഒരു ട്രെയിന്‍ രണ്ടാമത്തെ ലൈനില്‍ നിര്‍ത്തിയാല്‍ ഇവിടെ ഇറങ്ങുന്ന യാത്രക്കാര്‍ക്കും കയറാനുള്ളവര്ക്കും ട്രാക്കില്‍ക്കൂടി മാത്രമേ എത്തിപ്പെടാന്‍ കഴിയൂ. റെയില്‍വേ ചട്ടങ്ങള്‍ അനുസരിച്ച് ട്രാക്ക് മുറിച്ചു കടക്കുന്നത് ശിക്ഷാര്‍ഹമാണ്. രണ്ടാമത്തെ ട്രാക്കില്‍ ട്രെയിന്‍ നിര്‍ത്തുന്നതിലൂടെ നിയമം ലംഘിക്കാന്‍ യാത്രക്കാര്‍ റെയില്‍വേ അധികൃതര്‍തന്നെ പ്രേരിപ്പിക്കുകയാണ്.
മാത്രമല്ല, കൈക്കുഞ്ഞുങ്ങളുമായെത്തുന്നവരും ശാരീരിക അവശതകളുള്ളവരും ട്രാക്കില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറുന്നത് ഏറെ ക്ലേശം സഹിച്ചാണ്. ഈ സമയം ട്രെയിനുകളേതെങ്കിലും വന്നാല്‍ എന്താണ് സംഭവിക്കുകയെന്നത് ഭയാനകമാണ്. ഒരു പ്ലാറ്റ്ഫോം മാത്രമുള്ള ഏറ്റുമാനൂരില്‍ സ്റ്റോപ്പുകളുള്ള ട്രെയിനുകള്‍ക്ക് ക്രോസിങ് ഒഴിവാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. അപ്പോള്‍ എല്ലാ ട്രെയിനുകളും പ്ലാറ്റ്ഫോമില്‍ നിര്‍ത്താന്‍ കഴിയൂം. യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും എളുപ്പമാകുമെന്നും യാത്രക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: