മുഹമ്മ: പോലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍-ഡീസല്‍ അടിച്ചു കൊടുക്കുന്നത് പമ്പ് ഉടമ നിര്‍ത്തിവച്ചു. കുടിശിക അടച്ചു തീര്‍ക്കാത്തതാണ് കാരണം. രണ്ടര ലക്ഷം രൂപയാണ് കഞ്ഞിക്കുഴിയിലെ പെട്രോള്‍ പമ്പിന് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഈ തുക ലഭിക്കാതെ ഇനിമുതല്‍ പെട്രോളും ഡീസലും അടിച്ചു കൊടുക്കില്ലെന്ന നിലപാടിലാണ് പമ്പ് ഉടമ. ഇതോടെ പമ്പിലെത്തിയ പോലീസ് വാഹനങ്ങള്‍ മടങ്ങി.
മാരാരിക്കുളം സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന അര്‍ത്തുങ്കല്‍, മാരാരിക്കുളം, മണ്ണഞ്ചേരി, മുഹമ്മ പോലീസ് സ്റ്റേഷനുകളില്‍ ഇന്നു മുതല്‍ രാത്രികാല പട്രോളിങ് ഉള്‍പ്പെടെയുള്ളവ മുടങ്ങും. ജില്ലയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലെയും സ്ഥിതി ഭിന്നമല്ല. അതേസമയം വകുപ്പിന്റെ നവീകരണത്തിന് പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുമുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഓരോ സബ് ഡിവിഷനുകളിലും ഡോഗ് സ്ക്വാഡ് രൂപീകരിക്കാനുള്ള നീക്കം.
നിലവിലുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിച്ചതിന് ശേഷമാണ് പുതിയ പദ്ധതികള്‍ നടപ്പാക്കേണ്ടത്. ഓരോ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ഒരുദിവസം 10,000 രൂപ വീതമെങ്കിലും പെറ്റി കേസുകള്‍ മുഖേന സര്‍ക്കാരിന് വരുമാനമുണ്ട്. എന്നാല്‍ ക്രമസമാധാനപാലനത്തിനായി പാഞ്ഞു നടക്കേണ്ട പോലീസിന്റെ വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാന്‍ പണമില്ലാത്തത് കെടുകാര്യസ്ഥതയാണെന്നാണ് ആക്ഷേപം. രാത്രികാല പട്രോളിങ് ഉള്‍പ്പെടെയുള്ളവ നിലച്ചാല്‍ നാട്ടില്‍ ജനങ്ങളുടെ സൈ്വര്യജീവിതം തകരാറിലാകുമെന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: