പൂച്ചാക്കല്‍: അനധികൃതമായി നിര്‍മ്മിച്ച കോണ്‍ഗ്രസ് ഭവന് അനുമതി നല്‍കാത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റുമെന്ന് ഭീഷണിയുമായി കോണ്‍ഗ്രസ് ഭരണസമിതികള്‍ രംഗത്ത്. പാണാവള്ളി പഞ്ചായത്തിലെ പെരുമ്പളം കവലയില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചും പുറംപോക്കു കൈയേറിയും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കപ്പെട്ട കോണ്‍ഗ്രസ് ഓഫീസും ഷോപ്പിങ് കോപ്ലക്സുമാണ് പാണാവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ കാര്‍ത്ത്യായനി നമ്പറിട്ട് നല്‍കാത്തത്. ഇതേത്തുടര്‍ന്നാണ് സ്ഥലം മാറ്റുമെന്ന ഭീഷണിയുമായി യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ ഭീഷണി.
പാണാവള്ളി നോര്‍ത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പെരുമ്പളത്തെ പച്ചക്കറി വ്യാപാരിയെ കൊണ്ട് 25 ലക്ഷത്തോളം രൂപ മുടക്കി ചേര്‍ത്തല അരൂക്കുറ്റി റോഡിനോടും പാണാവള്ളി ജെട്ടി റോഡിനോടും ചേര്‍ന്ന് കെട്ടിടനിയമപ്രകാരമുള്ള അകലം പാലിക്കാതെ കെട്ടിടം നിര്‍മ്മിച്ചത്. താഴെത്തെ നിലയില്‍ ഏഴുമുറി കടകളും മുകളില്‍ കോണ്‍ഗ്രസ് ഭവനും നിര്‍മ്മിച്ചു. പഞ്ചായത്തില്‍ ഇരുനില കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതി തേടുമ്പോള്‍ കൃത്യമായ എസ്റ്റിമേറ്റും പ്ലാനും സമര്‍പ്പിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം മാറ്റിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
നമ്പറിട്ടു നല്കുവാന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചതായി ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് നല്കിയ അംഗീകാരം പിന്‍വലിച്ചു. തുടര്‍ന്ന് അടിയന്തര പഞ്ചായത്ത് കമ്മിറ്റി വിളിച്ചുകൂട്ടി കെട്ടിടത്തിനുള്ള നമ്പരിട്ടു നല്കുവാന് കമ്മറ്റി തീരുമാനിച്ചെങ്കിലും സെക്രട്ടറി വിയോജന കുറിപ്പ് രേഖപ്പെടുത്തിയതോടെ ഭരണസമിതി വെട്ടിലായി. ഇതിനോടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി അടിയന്തരമായി യോഗം ചേര്‍ന്ന് സെക്രട്ടറിയെ മാറ്റുന്നതിനുള്ള തീരുമാനം എടുത്തത്. ഇതാണ് പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറി മാറ്റുമെന്ന് ഭീഷണിയുമായി മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: