ആലപ്പുഴ: നിര്‍ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ദുരൂഹതകള്‍ നീക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തില്‍ വിജയന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദ്യം സ്വകാര്യ സംരംഭകരും പിന്നീട് സര്‍ക്കാരും നടത്തുമെന്ന് പ്രഖ്യാപിച്ച നിര്‍ദിഷ്ട മെഡിക്കല്‍ കോളേജ് ഇപ്പോള്‍ സ്വകാര്യ കുത്തകകളും സര്‍ക്കാരും ചേര്‍ന്ന് നടത്തുമെന്നാണ് കേള്‍ക്കുന്നത്. കൊള്ള ലാഭക്കാരായ സ്വകാര്യ കുത്തകകള്‍ക്ക് പൊതുമുതല്‍ ദാനം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം ദുരൂഹതകള്‍ നിറഞ്ഞതാണ്. ഇത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയെ തകര്‍ക്കാനുള്ള കച്ചവട ശക്തികളുടെ ഗൂഢാലോചനയാണ്.
ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് ഉള്ളപ്പോള്‍ 20 കിലോമീറ്റര്‍ ഉള്ളില്‍ രണ്ടാമതൊരു മെഡിക്കല്‍ കോളേജ് എന്തിനെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി ബസിലെ ഇന്‍ഷ്വറന്‍സ് സെസിനെതിരെ ഏപ്രില്‍ 20 മുതല്‍ 24 വരെ കായംകുളത്ത് നിന്നും ആലപ്പുഴ കളക്ട്രേറ്റിലേക്ക് നടപ്പു സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ടി.പി. മനോഹരന്‍പിള്ള, ബി. വിശ്വരൂപന്, എം.പി. ഹരികുമാര്‍, ഉണ്ണി ചാണ്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: