തോട്ടപ്പള്ളി: ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ അനാസ്ഥ. തോട്ടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഐപി വിഭാഗം കെട്ടിടത്തിന്റെ നിര്‍മ്മാണം ഏഴ് വര്‍ഷമായിട്ടും പാതിവഴിയില്‍ മുടങ്ങി. 2008ല്‍ സുനാമി ഫണ്ടില്‍ നിന്നും 24 ലക്ഷത്തോളം രൂപ അനുവദിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം കെട്ടിടത്തിന് തറക്കല്ലിട്ടത്.
കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല നിര്‍മ്മിതി കേന്ദ്രം ഏറ്റെടുത്തെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം നിര്‍മ്മാണത്തിന്റെ ചുമതലയേറ്റെടുത്തത്. എന്നാല്‍ പണി തുടങ്ങി ഏഴ് വര്‍ഷമായിട്ടും പണി പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പിന് നല്കുവാന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം തയാറായിട്ടില്ല. 90 ശതമാനം പണിപൂര്ത്തിയാക്കിക്കഴിഞ്ഞുവെന്നും മൂന്ന് ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിക്കേണ്ടിവരുമെന്നുമാണ് അറിയുന്നത്.
കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പിന് നല്കിയാല് നിലവിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഐപി വിഭാഗം നോക്കുകുത്തിയാകാന്‍ സാദ്ധ്യതയേറെയാണ്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒപി വിഭാഗത്തില്‍ ദിനംപ്രതി നൂറ്റിയമ്പതിലേറെ രോഗികളാണ് എത്തുന്നത്. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമായാല്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നത് ഏറെയും മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും. ഇത്രയേറെ പ്രാധാന്യമുള്ള ആശുപത്രിയാണ് സുനാമി ഫണ്ട് ചെലവഴിച്ചിട്ടും പണിപൂര്ത്തിയാകുവാന് ബന്ധപ്പെട്ടവര്‍ തയാറാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: