ഒരു ഗ്രാമത്തിലെ ബാലസമാജം പ്രസിഡന്റ് തന്റെ അനുഭവസമ്പത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിക്ക് കൈമാറിയ വിവരങ്ങള്‍ ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് തന്നെ കാരണമായി. എന്നാല്‍ കാരണക്കാരനായ ആ മനുഷ്യന് ഇന്ന് വാര്‍ദ്ധക്യത്തില്‍ കടക്കയത്തില്‍ മുങ്ങിത്താഴുന്നു. കേരള ലോട്ടറിയുടെ പിറവി ഈ മനുഷ്യന്റെ ആശയമാണ്. ഇന്ന് ഭാഗ്യക്കുറി സാര്‍വത്രികമായിരിക്കുന്നു. ഇതിനേക്കുറിച്ച് അറിയാത്തവര്‍ ആരുമില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോട്ടറി എന്ന ആശയത്തിന് വിത്ത് പാകിയ വ്യക്തിയേക്കുറിച്ച് ആര്‍ക്കറിയാം?
കോട്ടയം അയ്മനം പ്രശാന്തി നിലയത്തില്‍ പി.എസ്. ചെല്ലപ്പപ്പണിക്കര് (പി.എസ്സ്.സി പണിക്കര്‍) എന്നപേര് ഒരുപക്ഷേ അന്ന് ആശയം കൈമാറിയതിന് സാക്ഷ്യം വഹിച്ച വ്യക്തികള്‍ക്ക് ചിലപ്പോള്‍ ഓര്‍മ്മയുണ്ടായേക്കാം. ലോട്ടറി ആശയം സംബന്ധിച്ച വിവരങ്ങളും, നടപ്പാക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ഒരു ഫയല്‍ പണിക്കര്‍ അന്നത്തെ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഫയല്‍ ഇപ്പോള്‍ ഇല്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. സെക്രട്ടറിയേറ്റിലെ റിക്കാര്ഡുമുറിയുടെ മൂലയില്‍ എവിടെയെങ്കിലും ഫയല്‍ പൊടിപിടിച്ചു കിടപ്പുണ്ടോ? അതോ ആശയ അവകാശം ഉന്നയിക്കാതിരിക്കാന്‍ ഫയല്‍ നശിപ്പിച്ചോ എന്നറിയാതെ വിഷമിക്കുകയാണ് ഈ വയോധികന്.
തന്റെ ആശയം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്കും, നിരവധി ലക്ഷാധിപതികളെ സൃഷ്ടിക്കുന്ന പ്രസ്ഥാനത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും പണിക്കരുടെ വാക്കുകള്‍ തന്നെ കുറിക്കട്ടെ. അതില്‍ ആവേശത്തിന്റെ ഉശിരും കണ്ണീരിന്റെ ഉപ്പും ഉണ്ട്. അതിങ്ങനെ:-
ഞാന്‍ നല്കിയ ചില അനുഭവ പാഠങ്ങളാണ് പിന്നീട് കേരള ലോട്ടറിയായി പിറവിയെടുത്തത്. 1948ല്‍ ഞാന്‍ പ്രസിഡന്റായി അയ്മനത്തുള്ള ബാലസമാജത്തിന് കളിക്കോപ്പുവാങ്ങുവാന് കണ്ടെത്തിയ ഒരു ചെപ്പടി വിദ്യയായിരുന്നു അത്. എന്റെയും സംഘാടകരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വന്‍ പ്രതികരണമാണ് നാട്ടുകാരില്‍ നിന്നും ലഭിച്ചത്. 100 രൂപ പ്രതീക്ഷിച്ച് ആരംഭിച്ച ഭാഗ്യക്കുറിയിലൂടെ കിട്ടിയത് മൂവായിരത്തോളം രൂപ. ഒന്നാം സമ്മാനം ഒരു ക്ലോക്കും, രണ്ടാം സമ്മാനം ടൈംപീസും, കൂടാതെ ഞാന്‍ പഠിച്ച സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറിയും സമ്മാനമായി കൊടുക്കുവാനും കഴിഞ്ഞു. ഈ വരുമാനത്തില്‍ നിന്നും പത്ത് വര്‍ഷത്തോളം നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠന സഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞു.
സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നതിന് 19 വര്‍ഷം മുമ്പാണ് ഞാന്‍ ഭാഗ്യക്കുറി തുടങ്ങിയത്. പിന്നീട് അയ്മനത്തും സമീപപ്രദേശങ്ങളിലുമുള്ള ചില സംഘടനകള്‍ ഈ ആശയം പിന്തുടര്ന്നു. 1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ സമയം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇഎംഎസിന്റെ ഭാര്യാ സഹോദരനും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന കോട്ടയം കുടമാളൂര്‍ തെക്കേടത്ത് മനയ്ക്കല്‍ ടി. രാമന് ഭട്ടതിരിപ്പാടിനെ എന്റെ ആശയം ധരിപ്പിച്ചു. ഇഎംഎസ് വീട്ടില്‍ എത്തുമ്പോള്‍ ഈ വിഷയം സംസാരിക്കാന്‍ അവസരം ഒരുക്കാമെന്ന് ഭട്ടതിരിപ്പാട് ഉറപ്പ് നല്കി. പിന്നീട് ഇഎംഎസ് ഇവിടെയെത്തിയപ്പോള്‍ കൂടിക്കാഴ്ച നടത്തി. തന്റെ ആശയം കൈമാറി. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് മുതല്‍കൂട്ടാകാവുന്ന ലോട്ടറിയെന്ന ആശയം ഇ.എം.എസിന്റെ മുന്നില്‍ വിശദമായി അവതരിപ്പിച്ചു. ”നോക്കാമെന്ന” മറുപടിയാണ് ഇഎംഎസ് നല്‍കിയത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് മൂന്ന് തവണ ഇക്കാര്യത്തിനായി ഞാന്‍ ഇഎംഎസിനെ കണ്ടു. പിന്നീടൊരിക്കല്‍ ഇഎംഎസ് മനയില്‍ എത്തിയപ്പോള്‍ വീണ്ടും ഭട്ടതിരിപ്പാടിനൊപ്പം അദ്ദേഹത്തെ കണ്ട് ഈ ആശയം അവതരിപ്പിച്ചു. അടുത്തയാഴ്ച തിരുവനന്തപുരത്തുവന്ന് ഉദ്യോഗസ്ഥരെ കണ്ട് ചര്‍ച്ച നടത്തുവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിയ താന്‍ ഭാഗ്യക്കുറി സംബന്ധിച്ച വിവരങ്ങള്‍ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചുകൊടുത്തു. 1948ല്‍ താന്‍ പ്രസിഡന്റായുള്ള അയ്മനത്തെ ബാലസമാജം നടത്തിയ ഭാഗ്യക്കുറിയേക്കുറിച്ചും, സര്‍ക്കാര്‍ ഭാഗ്യക്കുറി രംഗത്തേക്ക് പ്രവേശിക്കണമെന്നും, സെക്യൂരിറ്റി ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടും, സമഗ്രമായ ഇതരനിയമങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും ചിട്ടി ആക്ട് നടപ്പിലാക്കിയാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്ന് തനിക്ക് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ അന്ന് കഴിഞ്ഞു. കോട്ടയത്തെ സ്വദേശി ബാങ്കിന്റേയും സ്വദേശി ഇന്‍വസ്റ്റേഴ്സ് ലിമിറ്റഡിന്റേയും ചീഫ് അക്കൗണ്ടന്റായി താന്‍ ജോലി നോക്കുകയായിരുന്നു അപ്പോള്‍. ഇത് സംബന്ധിച്ച് അന്ന് തയ്യാറാക്കിയ മുഴുവന്‍ രേഖകളും ധനകാര്യ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.
താന്‍ നല്കിയ രേഖകളുടേയും നിര്‍ദ്ദേശങ്ങളുടേയും അടിസ്ഥാനത്തില്‍ ലോട്ടറി രംഗത്തേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ വകുപ്പിലെ സ്പെഷ്യല്‍ ഓഫീസറായി ഐഎഎസുകാരനായ ശ്രീധരമേനോനെ നിയമിച്ചു. 1967 അവസാനം ആദ്യ ലോട്ടറി ടിക്കറ്റ് പ്രസിദ്ധീകരിച്ചു. 68 ജനുവരിയില്‍ ആദ്യ നറുക്കെടുപ്പും നടന്നു. 1975 ല്‍ നടപ്പിലായ ചിട്ടി ആക്ട് 57 മുതല്‍ പലപ്പോഴായി താന്‍ നല്കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലോട്ടറിയുടെ ഉപജ്ഞാതാവായി അന്നത്തെ ഒരു മന്ത്രിയുടെ പേര് വന്നത് തന്നെ ഏറെ വേദനിപ്പിച്ചു.
1968 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ചെന്ന് ധനകാര്യ ഉദ്യോഗസ്ഥരെ കാണുകയും തന്റെ നിര്‍ദ്ദേശാനുസരണം തുടങ്ങിയ ലോട്ടറിയുടെ ഉപജ്ഞാതാവ് താനാണെന്നും മറ്റ് അവകാശ വാദങ്ങളും വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്നും അറിയിച്ചു. എങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇഎംഎസ്സിനെ നേരില്‍ കണ്ട് തന്റെ ആവശ്യം ഉന്നയിച്ചു. ധനമന്ത്രിയെ കാണാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന് താന്‍ ധനമന്ത്രിയെ കണ്ട് വിവരങ്ങള്‍ പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിവേദനങ്ങളുടെ കരടുരൂപം ഉള്‍പ്പെടെയുളള ഫയലുകള്‍ കാണണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ധനകാര്യവകുപ്പില്‍ ഫയലുകളെല്ലാം ഏല്‍പ്പിച്ചു. എന്നാല്‍ പിന്നീട് ഈ ഫയല്‍ തിരികെ കിട്ടിയിട്ടില്ല. നിരവധി തവണ ആ ഫയല്‍ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റില്‍ ചെന്നെങ്കിലും ഉദ്യോഗസ്ഥര്‍ പലകാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി. ഒടുവില്‍ ടി. രാമന് ഭട്ടതിരിപ്പാട്, അഡ്വ. തോമസ് രാജന്, കോട്ടയം ഡിസിസി പ്രസിഡന്റായിരുന്ന പി.എസ്സ്. ജോണ്‍ എന്നിവരെക്കൊണ്ട് ഫയല്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫയലുകള്‍ കാണാനില്ലെന്നായിരുന്നു ലഭിച്ച മറുപടി. സ്പെഷ്യല്‍ ഓഫീസറായിരുന്ന ശ്രീധരമേനോന് ‘സംസ്ഥാനത്തിന്റെ സമ്പദ് ഘടനയ്ക്ക് പണിക്കര്‍ നല്കിയ സംഭാവന മഹത്തരമാണെന്നും സേവനങ്ങള്‍ മുന്‍നിര്‍ത്തി ഭാവിയില്‍ സംസ്ഥാനാദരവും ലഭിക്കുമെന്ന്’ നല്കിയ കത്തും ഫയലില്‍ ഉണ്ടായിരുന്നു. ഫയലിനോടൊപ്പം ഈ കത്ത് നഷ്ടപ്പെട്ടതാണ് ഏറെ വിഷമിപ്പിച്ചത്. ഇതോടെ ഇത് സംബന്ധിച്ചുള്ള തെളിവുകളെല്ലാം നഷ്ടപ്പെട്ടെന്നും പണിക്കര്‍ പറയുന്നു.
ആഴ്ചകള്‍ തോറും ലക്ഷാധിപതികളെ സൃഷ്ടിക്കുന്ന ലോട്ടറിയുടെ ഉപജ്ഞാതാവ് ഇന്ന് സങ്കടക്കടലിലാണ്. കാര്‍ഷിക വയ്പ ഉള്‍പ്പെടെ സാമ്പത്തിക ബാധ്യതകള്‍ അടച്ചു തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വിദ്യാഭ്യാസം ഉണ്ടെങ്കിലും മക്കള്‍ക്കാര്‍ക്കും യോഗ്യതയ്ക്കനുസരിച്ച് ജോലി ലഭിക്കാത്തത് ജീവിത പ്രയാസം വര്‍ദ്ധിപ്പിച്ചു. എണ്‍പതുകാരനായ തനിക്ക് ഇനി അധികാരികളുടെ മുമ്പില്‍ പോയി കേഴാനുള്ള ആരോഗ്യമില്ല. താന്‍ സംസ്ഥാനത്തിന് നല്കിയ സേവനം കണക്കിലെടുത്ത് ബാദ്ധ്യതകളില്‍ നിന്ന് ഒഴിവാക്കി മക്കള്‍ക്ക് അര്‍ഹമായ തൊഴില്‍ നല്‍കിയും നീതി പുലര്‍ത്തണമെന്നുമാണ് പണിക്കരുടെ ആവശ്യം.
എന്നാല്‍ ലോട്ടറി വകുപ്പിന്റെ സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ:-
1967ല്‍ കേരള സര്‍ക്കാര്‍ ലോട്ടറി വകുപ്പ് രൂപീകരിച്ചു. ഇതിന്റെ പിന്നിലെ ബുദ്ധി അന്നത്തെ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞുസാഹിബാണെന്നാണ് വിശദീകരണം. ജനക്ഷേമം ലക്ഷ്യമാക്കിയാണ് ലോട്ടറി വകുപ്പാരംഭിച്ചതെന്നും പറയുന്നു. ആദ്യലോട്ടറിയുടെ വില ഒരു രൂപയും ഒന്നാം സമ്മാനം അമ്പതിനായിരം രൂപയുമായിരുന്നു. അന്ന് അറുപതു ദിവസങ്ങള്‍ക്കുശേഷമാണ് ഫലപ്രഖ്യാപനം നടന്നത്. പിന്നീട് മറ്റു സംസ്ഥാനങ്ങള്‍ കേരള ലോട്ടറിയുടെ മാതൃക പിന്തുടര്ന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: