അതിരാവിലെ കുളിച്ചിറങ്ങി ഹോട്ടല്‍ മുറിയ്ക്ക് പുറത്തിറങ്ങുമ്പോള്‍ അഹമ്മദാബാദ് നഗരം നേരിയ തണുപ്പില്‍ അമര്‍ന്നുകിടക്കുകയാണ്. തലേന്ന് വൈകുന്നേരം അഞ്ചു മണിയോടെ നഗരത്തില്‍ പറന്നിറങ്ങുമ്പോള്‍ ഉഷ്ണം വിട്ടുപോയിരുന്നില്ല. ”ഇവിടെ ഇപ്പോള്‍ നല്ല ചൂടാണ്. സൂക്ഷിക്കണം.” താമസം ഏര്‍പ്പാട് ചെയ്തു തന്ന മലയാളി അസോസിയേഷന് നേതാവ് ബൈജു പറഞ്ഞിരുന്നു. ഉഷ്ണത്തെ അതിജീവിക്കാന്‍ സൗകര്യങ്ങളുള്ള മുറികളായതിനാല്‍ ഉറക്കം തടസ്സപ്പെട്ടില്ല.
വാഹനം പതുക്കെ നീങ്ങിയതും മനസ്സ് പ്രാര്‍ത്ഥനാ നിര്‍ഭരമായി. ഏത് പവിത്ര സ്ഥാനം കാണണമെന്നാണോ കൊച്ചു നാള് മുതല്‍ കൊതിക്കുന്നത് അങ്ങോട്ടാണ് നീങ്ങുന്നത്. സബര്‍മതി അകലെയാണ്, നവഖാലിയാണ് അടുത്തുള്ളത്-എന്ന കടുത്ത വിപര്യയ സന്ധ്യയിലെ ഗാന്ധിവാക്യം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മനസ്സില്‍ മുഴങ്ങാറുണ്ട.് ഇപ്പോഴിതാ സബര്‍മതി അടുത്താണ് എന്ന തോന്നല്‍ വല്ലാത്തൊരാവേശം സിരകളില്‍ നിറയ്ക്കുന്നു.
ഒന്നാം ക്ലാസുമുതല്‍ പഠിച്ചത് ബേസിക് സ്കൂളിലാണ്. ഗാന്ധിശിഷ്യരായിരുന്നു അദ്ധ്യാപകരില്‍ ഏറെയും. വെളുത്ത ഖദര്‍ മാത്രം ധരിച്ചവര്‍. ഖദറിന്റെ തെളിമ മനസ്സിലും കുടിയിരുത്തിയവര്‍. അവരെ ഞങ്ങള്‍ സാറന്മാരെന്നോ മാഷന്മാരെന്നോ വിളിച്ചില്ല. എല്ലാവരും ഏട്ടന്മാരായിരുന്നു. അദ്ധ്യാപികമാര്‍ ചേച്ചിമാരായിരുന്നു. ആ വിളിമാത്രം മതിയായിരുന്നു ഞങ്ങളുടെ സ്കൂളിനെ വേര്‍തിരിച്ചു നിര്‍ത്താന്‍. മറ്റു സ്കൂളുകാരുമായി ഒത്തു കൂടുമ്പോള്‍, അവര്‍ മാഷന്മാരേയും ടീച്ചര്‍മാരേയും ഭയന്ന് വിട്ടു നില്ക്കുമ്പോള് ഞങ്ങളില്‍ ആവേശത്തോടെ ഞങ്ങളുടെ ഏട്ടന്മാരുടേയും ചേച്ചിമാരുടേയും കൈകളില്‍ തൂങ്ങാന്‍ മത്സരിച്ചു. വെറുതെയെങ്കിലും ഉച്ചത്തിലുച്ചത്തില്‍ നീട്ടിവിളിച്ചു. ഏട്ടാ… ചേച്ചി…
അത് ഗാന്ധിയുടെ വഴിയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഞങ്ങളുടെ വിശേഷ ദിനങ്ങള്‍ ഗാന്ധിവിശേഷങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നതിനുള്ള അവസരങ്ങളാക്കി മാറ്റിയിരുന്നു.
പിന്നീട് അദ്ധ്യാപക പരിശീലനത്തിന് അവസരം കിട്ടിയതോ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗാന്ധിയന്‍ സ്ഥാപനത്തില്‍. വാര്‍ദ്ധയില്‍, ഗാന്ധി സന്നിധിയില്‍ തന്റെ പുഷ്ക്കല യൗവ്വനം ചെലവഴിച്ച രാധേട്ടന്റെ സ്കൂളില്‍. വിനോബജിക്ക് ദാനം കിട്ടിയ ദാനഗ്രാമില്‍ സ്ഥാപിതമായ സേവാമന്ദിരത്തില്. അവിടെ എല്ലാം ഗാന്ധിമയമായിരുന്നു. കൂത്താട്ടുകുളത്തെ രാജകീയ സൗകര്യങ്ങള്‍ ത്യജിച്ച് ദാനഗ്രാമിന്റെ കുന്നിന്മുകളില് ഗാന്ധിയന്‍ പരീക്ഷണത്തിന് തുനിഞ്ഞിറങ്ങിയ പി.കെ. ബാലകൃഷ്ണപിള്ളയാണ് പ്രിന്‍സിപ്പാള്‍. കുമ്പളത്തില്‍ നിന്ന് ഗാന്ധിയന്‍ പരിശീലനത്തില്‍ ആകൃഷ്ടനായെത്തിയ ഗണിതശാസ്ത്ര പ്രതിഭ ഗോകുലേട്ടന്. രാധേട്ടന്റെ പുത്രിയും സേവാമന്ദിരത്തിന്റെ സൃഷ്ടിയുമായ ഗീതചേച്ചി. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ച് ചാരത്തു തന്നെ താമസിക്കുന്ന സാക്ഷാല്‍ രാധേട്ടന്.
ഞങ്ങളുടെ പ്രഭാതങ്ങള്‍ സര്‍വ്വമതപ്രാര്‍ത്ഥനയോടെ തുടങ്ങി. പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയന്‍ കാഴ്ച്ചപ്പാടുകളുടെ പ്രയോഗങ്ങളായി വികസിച്ചു. അധികാര വികേന്ദ്രീകരണത്തിന്റെയും ആശയ സമന്വയത്തിന്റെയും പുതുവഴികളിലൂടെ ഞങ്ങള്‍ ദൂരങ്ങള്‍ താണ്ടി.
സേവനവാരാഘോഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പൂക്കാലമാക്കി മാറ്റി. കുളങ്ങളും കിണറുകളും ഇടവഴികളും നിര്‍മ്മിക്കുകയും ഉപയോഗയോഗ്യമാക്കുകയും ചെയ്തു. നാട്ടുകാര്‍ ഇത്തരം നിര്‍മ്മാണാവശ്യങ്ങളുടെ നിവേദനങ്ങളുമായി ഓഫീസില്‍ വന്നു.
രാഷ്ട്രപിതാവെന്ന് കേട്ടുമറക്കുകയല്ല, രാഷ്ട്ര പുനര്‍നിര്‍മ്മാതാവായി ഗാന്ധിയെ പഠിക്കുകയായിരുന്നു ഞങ്ങള്‍. അങ്ങനെയങ്ങനെ ഹൃദയഭിത്തിയില്‍ മായാതെ രേഖപെടുത്തപ്പെട്ട ഏതാനും വിശിഷ്ട സ്ഥലനാമങ്ങളിലൊന്നായി സബര്‍മതിയും.
ഇതാണ് സബര്‍മതി – പാലത്തിലേക്ക് കയറുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. സ്ഫടികം പോലെ, കണ്ണീരുപോലെ അല്‍പ്പം പരന്നു തന്നെ ഒഴുകുകയാണ് സബര്‍മതി. ഇരുകരകളിലും ഭിത്തികെട്ടി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. ഒറ്റനോട്ടത്തില്‍ അത്രയുമേ കണ്ടുള്ളൂ.
ഒന്നുകൂടി മുന്നോട്ട് കുതിച്ച് വാഹനം ഇടത്തോട്ടു തിരിഞ്ഞു. പിന്നെ പതുക്കെ നിന്നു. ആശ്രമത്തിന്റെ കവാടമായി. നേരം വെളുത്തു വരുന്നതേയുള്ളൂ. ആശ്രമമുറ്റം വെള്ളം ചീറ്റി വൃത്തിയാക്കുകയാണ്.
ആദ്യം മ്യൂസിയം. മഹാത്മാവിന്റെ ജീവിത രേഖകള്‍, ചിത്രങ്ങള്‍, കൊച്ചു ശില്പ്പങ്ങള്. ഓരോന്നും മനോഹരമായി വിന്യസിച്ചിരിക്കുന്നു. വെക്കേണ്ടിടത്ത് വെക്കേണ്ടതുപോലെ വെച്ചിരിക്കുന്നു.
മനസ്സ് തിടുക്കപ്പെട്ടു. ഇതല്ലല്ലോ കാണേണ്ടത്. പുറത്തേക്കിറങ്ങി. സബര്‍മതിയുടെ അടുത്തുകൂടി വലത്തോട്ടു നീങ്ങി. അതാ, ഹൃദയകുഞ്ജ്! പഞ്ചാരമണലില്‍ തെല്ലിട നിന്നുപോയി. എത്ര തവണ, എവിടെയെല്ലാം കണ്ടിരിക്കുന്നു ഈ ചിത്രം! അപ്പോളെല്ലാം കൊതിച്ചതാണ്. ഒന്ന് പോയി കാണണം. ഇതാ, വിധി അത് സാധിച്ചു തന്നിരിക്കുന്നു.
തുടിക്കുന്ന മനസ്സോടെ അകത്തേക്ക്. ആദ്യം അടുക്കള. ഇടത്തോട്ട് തിരിഞ്ഞാല്‍ പുറത്തളം. അത് ചുറ്റി മുന്നോട്ട് നീങ്ങിയപ്പോള്‍ കസ്തൂര്‍ബായുടെ മുറി. അവിടെനിന്ന് ഒരു വാതില്‍ കടന്നാല്‍…. എത്തി.
ഇതാണ് ഗാന്ധിജിയുടെ മുറി. ഈശ്വരാ…. ഒന്നുമില്ലല്ലോ. എതിര്‍മൂലയില്‍ ഒരു ചെറിയ നാല്‍ക്കാലിപ്പെട്ടി. അതിന് പിറകില്‍ വിരിച്ചിട്ട പുല്പായയില് ഒരു ചര്‍ക്ക, ഒരു കുഞ്ഞു ബെഞ്ച്. ചാരിയിരിക്കാവുന്ന ഇരിപ്പിടം. തീര്‍ന്നു. ഗാന്ധിമുറിയിലെ കാഴ്ച്ചകള്‍.
ഇവിടെ ഇരുന്നാണല്ലോ ദൈവമേ സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തെ ഈ മനുഷ്യന് വെല്ലുവിളിച്ചത്. ഇവിടെനിന്നാണല്ലോ ഉപ്പുസമരമെന്ന വജ്രായുധപ്രയോഗത്താല്‍ വൈദേശിക ഭരണത്തിന്റെ തലക്കുമുകളില്‍ മിന്നല്പിണരുകള് പായിച്ചത്.
ചുമരും ചാരി ഒരു നിമിഷം ഇരുന്നു. ഒന്നാം ക്ലാസില്‍ ഗാന്ധിപ്പാട്ട് പാടിത്തന്ന നാരായണേട്ടനെ ഓര്‍ത്തു. എല്ലാ ഏട്ട•ാരേയും ചേച്ചിമാരേയും ഓര്‍ത്തു. രാധേട്ടന്റെ പൂര്‍ണ്ണ ചിത്രം തെളിഞ്ഞു വന്നു.
എഴുന്നേല്ക്കുമ്പോള്, വീണ്ടും ഉള്ളില്‍ പ്രാര്‍ത്ഥന നിറഞ്ഞു. അഭിമാനത്താല്‍ കോരിത്തരിച്ചു. ഞാന്‍ സബര്‍മതി കണ്ടിരിക്കുന്നു. ഹൃദയകുഞ്ജില്‍ കയറിയിരിക്കുന്നു. ഗാന്ധിമുറിയില്‍ ഏതാനും നിമിഷങ്ങള്‍ ചെലവഴിച്ചു. തുച്ഛജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: