ഭാരതീയ ദാര്‍ശനികരില്‍ പ്രമുഖനായിരുന്നു ബസവേശ്വരന്. ആധ്യാത്മികതയെയും ഭൗതികതയെയും സംയോജിപ്പിച്ച് പുതിയ ഒരു ജീവിതവീക്ഷണം കെട്ടിപ്പടുത്ത ബസവേശ്വരന് ഭാരതീയ നവോത്ഥാനപ്രസ്ഥാനത്തിന് ഊടും പാവും നല്കിയ ക്രാന്തദര്‍ശിയായിരുന്നു. സാമാന്യജീവിതത്തിന് യോജിച്ച വിധത്തിലാണ് അദ്ദേഹം തന്റെ വീക്ഷണങ്ങള്‍ ഭാരതത്തിന് നല്‍കിയത്. അതാകട്ടെ, സാമൂഹ്യപരിഷ്കരണം ലക്ഷ്യംവെച്ചുള്ളതായിരുന്നു. മനുഷ്യനെ സംബന്ധിക്കുന്ന എല്ലാ മേഖലകളിലും ബസവണ്ണന്റെ കാഴ്ചപ്പാടുകള്‍ ഇക്കാലത്തുപോലും പ്രസക്തവുമാണ്. സ്വാതന്ത്ര്യചിന്തയുടെ അഗ്നിസ്ഫുലിംഗങ്ങളായി അതെല്ലാം ഭാരതത്തിന് മുതല്‍ക്കൂട്ടായിത്തീരുകയും ചെയ്തു.
മനുഷ്യന് എന്തിന് ജനിച്ചു? അവന്റെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ത്? അവന്റെയുള്ളിലുള്ള ശക്തിയെന്താണ്? ആ ശക്തിവിശേഷത്തെ എങ്ങനെ പുഷ്ടിപ്പെടുത്തി സമൂഹത്തിന് ഗുണകരമാക്കാം? അന്തരാത്മാവിലെ ശക്തിപ്രഭാവത്തെ മാനവരാശിക്ക് ലളിതമായി പകര്ന്നുനല്കാം? ഈ ചോദ്യങ്ങള്‍ക്ക് ലളിതവും ഹ്രസ്വവുമായ ഉത്തരം കണ്ടെത്തുകയായിരുന്നു ബസവന് ചെയ്തത്. സ്വജീവിതത്തിലൂടെ അവ സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഭഗവദ്ഗീതയിലെ കര്‍മ്മയോഗത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും കര്‍മ്മം ചെയ്യുവാന്‍ ഉല്‍ബോധിപ്പിക്കുകയും ചെയ്ത ബസവന് മാതൃക കാട്ടുകയും ചെയ്തു. ലൗകികജീവിതത്തെയും ആധ്യാത്മിക ജീവിതത്തെയും സമന്വയിപ്പിച്ച് ബസവന് നൂതനമായ ഒരു സൈദ്ധാന്തിക മണ്ഡലത്തെ ഭാരതീയര്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. അതുകൊണ്ടാണ് ആധുനിക ഭാരതീയ നവോത്ഥാന നായകരില്‍ പ്രമുഖനായി ഇന്നും ബസവന് ഗണിക്കപ്പെടുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന കര്‍മ്മയോഗിയായിരുന്നു ബസവണ്ണന്‍. ഭഗവദ്ഗീതയിലെ കര്‍മ്മയോഗത്തില്‍ വിശ്വസിക്കുകയും കര്‍മ്മം ചെയ്യാന്‍ ഉല്‍ബോധിപ്പിക്കുകയും ചെയ്ത അദ്ദേഹം ധ്യാനപൂര്ണവും കര്‍മ്മനിരതമായ ഒരു ജീവിതം നയിച്ച് മാതൃക കാട്ടുകയും ചെയ്തു. ലൗകികജീവിതത്തെയും ആധ്യാത്മിക ജീവിതത്തെയും സമന്വയിപ്പിച്ച് സാമൂഹ്യപരിഷ്കരണത്തിനുവേണ്ടി അശ്രാന്തം യത്നിച്ച ആ മഹാപ്രതിഭ ഭാരതീയ ചിന്തകരില്‍ അഗ്രേസരനായി. ഭാരതീത ജനതയുടെ നവോത്ഥാനമായിരുന്നു അദ്ദേഹം മുന്നില്‍ക്കണ്ടത്. അതീന്ദ്രിയാനുഭൂതിയില്‍ വിലയിച്ച് തപംചെയ്ത ഒരു സംന്യാസിയായിരുന്നില്ല ബസവേശ്വരന്. പിന്നെയോ? ഈ ലോകത്തില്‍ ജീവിച്ച് സാധാരണ മനുഷ്യന്റെ നിത്യജീവിതത്തിന്റെ സുഖദുഃഖങ്ങളറിഞ്ഞ് അവര്‍ക്കൊപ്പം അദ്ദേഹം തന്റെ ജീവിതലക്ഷ്യം സാധ്യമാക്കുവാനാണ് യത്നിച്ചത്. അന്ധവിശ്വാസങ്ങളെയും അനാചാര ദുരാചാരങ്ങളെയും അദ്ദേഹം അംഗീകിരച്ചതുമില്ല. ഭാരതീയ കാഴ്ചപ്പാടോടെ അധര്‍മ്മത്തിനെതിരെ അദ്ദേഹം പോരാടി. മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടായിരുന്നു ബസവേശ്വരന് വച്ചുപുലര്‍ത്തിയത്.
ബസവേശ്വരന്റെ ബാല്യം അസാധാരണവും ധീരവുമായിരുന്നു. ഒരു ബ്രാഹ്മണപുരോഹിതന്റെ മകനായിട്ടാണ് ബസവന് ജനിച്ചത്. അവന് പത്ത് വയസ് തികയും മുമ്പേ കര്‍ണാടകത്തിലെ കൂടലസംഗമത്തിലേക്ക് പോയി. കൂടലസംഗമം അക്കാലത്തെ ഏറ്റവും വലിയ ആത്മീയവിജ്ഞാനകേന്ദ്രമായിരുന്നു. അവിടുത്തെ ജീവിതം ബസവനെ അടിമുടി മാറ്റിമറിച്ചു. അവന്റെ വ്യക്തിത്വവികാസത്തിന് ഏറെ വളക്കൂറുള്ള മണ്ണായിരുന്നു കൂടലസംഗമം. അവന്റെ ആത്മീയചിന്തകള്‍ വടവൃക്ഷംപോലെ പടര്‍ന്നുപന്തലിച്ചു. ഗുരുമുഖത്തുനിന്നുമാര്ജിച്ച ജ്ഞാനം ആ ബാലന്റെ ഹൃദയസരസ്സിലെ താമരക്ക് വളരാനും വിടരാനും പോന്ന ആത്മീയവും ജൈവ ഘടകങ്ങളായി. അങ്ങനെയാണ് മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കുവേണ്ടി ആ ബാലന് തന്റെ ശിഷ്ട ജീവിതം പിന്നീട് നയിച്ചത്.
ഭാരതം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ സമത്വവാദിയായിരുന്നു ബസവന്. മനുഷ്യരെല്ലാം പരസ്പര സഹായത്തോടെ ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. ഉള്ളവന് ഇല്ലാത്തവന് നല്‍കണമെന്നും അവനവന്റെ ആരോഗ്യമനുസരിച്ച് ജോലിചെയ്യണമെന്നും ജോലിചെയ്യാത്തവന്‍ ചൂഷകനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ചെറിയ ചെറിയ ജോലികള്‍ ചെയ്ത് തന്നാലാവുംവിധം ജീവിക്കണമെന്നും ബസവന് സിദ്ധാന്തിച്ചു. തന്റെ ഭക്ഷണത്തിനുശേഷമുള്ളത് അവശര്‍ക്കും ആലംബഹീനര്‍ക്കും നല്‍കണമെന്നും അദ്ദേഹം ഉപദേശിച്ചു. ”ഒരു കാക്ക ഇരകണ്ടാല്‍ തന്റെ കൂട്ടരെ വിളിച്ചുകൂട്ടി കൂട്ടായി ഭക്ഷിക്കുന്നത് കണ്ടിട്ടില്ലേ? അതാണ് വര്‍ഗ്ഗസ്നേഹം.” അതുപോലെ മനുഷ്യന് ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭക്ഷണസാധനങ്ങള്‍ പാവങ്ങള്‍ക്ക് ദാനംചെയ്യുകയെന്നത് മനുഷ്യധര്‍മ്മമെന്ന് അദ്ദേഹം വിധിച്ചു. അതായിരുന്നു ബസവന്റെ കാഴ്ചപ്പാട്.
വിദ്യാഭ്യാസം സാര്വ്വത്രികമാക്കുവാനാണ് ബസവേശ്വരന് ശ്രമിച്ചത്. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം ഉല്‍ബോധിപ്പിച്ചു. സ്ത്രീകളുടെ ശാക്തീകരണവും അദ്ദേഹം ലക്ഷ്യംവെച്ചിരുന്നു. സ്ത്രീസമൂഹത്തിന് സാമൂഹ്യപരിരക്ഷയും ഉന്നതിയും ഉണ്ടായാല്‍ മാത്രമേ ഭാരതത്തിന്റെ പ്രതാപ ഐശ്വര്യങ്ങള്‍ ശക്തിപ്രാപിക്കൂ എന്ന് അദ്ദേഹം ആഹ്വാനംചെയ്തു. നാനാസമുദായത്തിലുള്ളവരെയും അദ്ദേഹം സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു. പക്ഷെ എതിര്ക്കേണ്ടതെല്ലാം അദ്ദേഹം ശക്തിയുക്തം എതിര്‍ത്തുപോന്നു. പുരുഷന്മാര്ക്കൊപ്പം സ്ത്രീകളെയും എല്ലാ മണ്ഡലങ്ങൡലേക്കും അദ്ദേഹം ക്ഷണിച്ചു. സ്ത്രീ, പുരുഷന്റെ അടിമയല്ലെന്നും പുരുഷന്റെ സുഖോപകരണമല്ലെന്നും ബസവന് പറഞ്ഞു. ഏത് മേഖലയിലും സ്ത്രീക്ക് ശോഭിക്കുവാന്‍ കഴിയുമെന്ന ആഹ്വാനം സ്ത്രീസമൂഹത്തിന് വലിയ പ്രചോദനം നല്കി. തൊഴില്‍രംഗത്തും വിദ്യാഭ്യാസ-സാമൂഹ്യരംഗങ്ങളിലും സ്ത്രീകളെ ശാക്തീകരിച്ചതില് ബസവന് നിര്‍ണായകമായ പങ്കാണുള്ളത്.
ബസവന് നല്ല ഒരു കവിയും ചിന്തകനുമായിരുന്നു. വചനസാഹിത്യത്തെ പുഷ്ടിപ്പെടുത്തിയവരില്‍ ഈ ചിന്തകന്‍ സ്ഥായിയായ സ്ഥാനമുണ്ട്. ഉന്നതചിന്താധാരകളുള്ള അനേകം വചനാമൃതങ്ങള്‍ ബസവന്റേതായിട്ടുണ്ട്.
”ഞാന്‍ കൃഷിപ്പണി ചെയ്യുന്നു, ഗുരുപൂജക്കായ്
ഞാന്‍ വ്യവഹരിക്കുന്നു; ലിംഗാര്ച്ചനക്കായ്
ഞാന്‍ പരസേവ ചെയ്യുന്നു; ജംഗമദാസോഹത്തിനായ്
ഞാന്‍ ഏതുകര്‍മ്മം ചെയ്താലും
നീ കര്‍മഫലം തരുന്നുവെന്ന് എനിക്കറിയാം
നീ തന്ന ധനം നിനക്കല്ലാതെ മറ്റൊന്നിന് നല്‍കില്ല
അങ്ങയുടേത് അങ്ങേയ്ക്ക് അര്‍പ്പിക്കുന്നു
കൂടല സംഗമദേവാ…
ഈ വചനത്തില്‍ കര്‍മ്മത്തിലൂടെ സാമൂഹ്യസേവനവും ഈശ്വരപൂജയും എന്ന സിദ്ധാന്തമാണ് ബസവണ്ണ സൂചിപ്പിക്കുന്നത്.
”കാക്ക ഒരു വറ്റ് കണ്ടാല്‍ തന്റെ
സമൂഹത്തെ വിളിക്കില്ലേ?
കോഴി ഒരിര കണ്ടാല്‍ തന്റെ
സന്തതികള്‍ക്ക് ചികഞ്ഞ് കൊടുക്കില്ലേ?
ശിവഭക്തനായ് ഭക്തരുടെ കൂടെ നിന്നില്ലെങ്കില്‍
കാക്ക കോഴികളേക്കാള്‍ കഷ്ടമാണ്
കൂടലസംഗമദേവാ……” വചനങ്ങളുടെ പൊരുള്‍ സ്പഷ്ടമാണിവിടെ.
കായയിലൂടെ തുല്യതയെന്ന മഹത്തായ സന്ദേശം ബസവന് നല്കി. എല്ലാ ജോലികളും തുല്യമായി പരിഗണിക്കപ്പെട്ടു. ജോലിയുടെ മഹത്വം അതിന്റെ ആത്മാര്‍ത്ഥതയോടുള്ള സമീപനമത്രെ! ശരണരുടെ ധര്മത്തില് ചേര്‍ന്നവര്‍ ഏത് ജോലിയില്‍ ഏര്‍പ്പെട്ടാലും അവരില്‍ ആഹാരനീഹാരാദികള്‍ എല്ലാം തുല്യമായിത്തീരണമെന്നും ബസനണ്ണന് പറഞ്ഞു. ഇങ്ങനെ ജോലിയിലും സഹാനുഭൂതിയിലും ആഹാരം പങ്കുവെക്കുന്നതിലും എല്ലാം ഒരു സമത്വദര്‍ശനം 12-ാം നൂറ്റാണ്ടില്‍തന്നെ ബസവന് ആവിഷ്കരിച്ചു. അങ്ങനെയാണ് ബസവണ്ണ’ ‘വിശ്വജ്യോതി’ എന്ന അപരനാമത്തിന് സര്‍വ്വാത്മനാ അര്‍ഹനായത്.
ഏപ്രില്‍ 21 ന് ബസവജയന്തിയായി ഭാരതത്തില്‍ ആചാരപൂര്‍വം ആഘോഷിക്കുന്നു. സമത്വവാദിയും ദാര്‍ശനികനും ധീരനും കര്‍മ്മയോഗിയുമായ ഇൗ മഹാപ്രതിഭയുടെ നാമധേയത്തില്‍ ധാരാളംവിദ്യാഭ്യാസ സ്ഥാപനങ്ങളും ആത്മിയകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ലമെന്റ് മന്ദിരത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ബസവണ്ണയുടെ ധീരവും സ്ഫടികദീപ്തവുമായ ജീവിതവും കര്‍മ്മമണ്ഡലങ്ങളും ഭാരതീയര്‍ക്ക് എക്കാലവും പ്രചോദനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. 850 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസവന് പ്രവചിച്ച കാര്യങ്ങള്‍ വര്‍ത്തമാനകാലത്തിലും ഏറെ പ്രസക്തമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: