വിഷു കഴിഞ്ഞു. യാന്ത്രിക ലോകത്ത് പുലരുമ്പോള്‍ മനസ്സില്‍ നന്മയും ഗ്രാമത്തിന്റെ വിശുദ്ധിയും വേണമെന്ന് ഒരു കവി പണ്ട് പറഞ്ഞു. കാലമെത്ര കഴിഞ്ഞാലും ആ കവിവാക്യം പൂര്‍ണ ശോഭയോടെ തന്നെ നിലനില്ക്കും. മനസ്സില്‍ വിശുദ്ധിയുണ്ടെങ്കില്‍ ആയത് ചെയ്യുന്ന ഏതു പ്രവൃത്തിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കും. അതില്‍ തര്‍ക്കമില്ല. വിഷുനാളില്‍ ഓരോരുത്തരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് പടക്കങ്ങള്‍ വാങ്ങിയിട്ടുണ്ടാവും. ആവുന്നത്ര പൊട്ടിച്ചു രസിച്ചിട്ടുണ്ടാവും. ക്ഷണപ്രഭാചഞ്ചലം എന്നു പറയുന്നതുപോലെ ക്ഷണനേരത്തെക്കുള്ള ഈ ആഹ്ലാദത്തിന് വന്‍ വില തന്നെ കൊടുത്തിട്ടുണ്ടാവും. ഒടുവില്‍ എന്തു നേടി എന്ന ചോദ്യം ഉത്തരം കിട്ടാതെ അങ്ങ് പറന്ന് നടക്കും. ഗതികിട്ടാത്ത ആത്മാക്കള്‍ കാക്കകളായി ബലിച്ചോറ് തേടുന്നതുപോലെ.
വാസ്തവത്തില്‍ ഇങ്ങനെ പൊട്ടിച്ചുകൂട്ടിയതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ? ക്ഷണനേരത്തെ ശബ്ദഘോഷ, വര്‍ണപ്രഭ മാത്രം. അതിന് എത്രവേണമെങ്കിലും ചെലവഴിക്കാന്‍ മടിക്കാത്ത നമ്മള് ദീനരായവര്ക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള വക കൊടുക്കാന്‍ അമാന്തം കാട്ടുന്നത് എന്തുകൊണ്ടാണ്? തൊട്ടയല്പക്കത്ത് അരിവാങ്ങാന്‍ ഗതിയില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിയുന്നവന്റെ മുമ്പില്‍ നൂറുകണക്കിന് രൂപയ്ക്ക് പടക്കങ്ങളും മറ്റും വാങ്ങി പൊട്ടിച്ചു തിമിര്‍ക്കുമ്പോള്‍ ഒരു വേള നമ്മുടെ മനുഷ്യജന്മത്തെക്കുറിച്ച് ഓര്‍ക്കാറുണ്ടോ? ചൈനയിലെ വ്യവസായികളെയും ശിവകാശിയിലെ മുതലാളിമാരെയും സന്തോഷിപ്പിക്കാന്‍ നമ്മളിങ്ങനെ വിയര്പ്പൊഴുക്കേണ്ടതുണ്ടോ? മനുഷ്യജന്മമെന്ന സുദുര്‍ല്ലഭ അവസ്ഥയെ മനുഷ്യത്വത്തിന്റെ സ്നിഗ്ദ്ധതയാല്‍ തടവാന്‍ നമുക്ക് തോന്നാത്തതെന്താണ്?
വിഷുവിന് രണ്ടു മൂന്നു ദിവസം മുമ്പ് കോഴിക്കോട്ടെ കാശ്യപാശ്രമ ആചാര്യന് എം.ആര്. രാജേഷ് സോഷ്യല്‍ മീഡിയവഴി ഒരു നിര്‍ദ്ദേശം വെച്ചു. വിഷുനാളില്‍ പടക്കങ്ങള്‍ക്കായി വെറുതെ ധനം വ്യയം ചെയ്യാതെ ആയത് പാവങ്ങളുടെ ഭക്ഷണത്തിനും മറ്റുമായി ഉപയോഗപ്പെടുത്താനായിരുന്നു ആഹ്വാനം. നൂറുകൈകൊണ്ട് ശേഖരിച്ച് ആയിരം കൈകൊണ്ട് വിതരണം ചെയ്യണമെന്ന വേദതത്വം ജനങ്ങളിലെത്തിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ആചാര്യന്റെ ആഹ്വാനത്തിന് നല്ല പ്രതികരണമുണ്ടായെന്നാണ് അറിയാന്‍ കഴിഞ്ഞത്. മനുഷ്യന്റെ ഉദാത്തമായ വികാരമാണ് സ്നേഹം. അത് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞാല്‍ ഇന്നത്തെ ദുരിതപൂര്‍ണമായ സ്ഥിതിഗതികള്‍ക്ക് വിരാമമുണ്ടാവുമെന്നു തന്നെ കരുതാം. ആചാര്യന്മാര് ഇത്തരം കാര്യങ്ങളില്‍ അനുഗ്രഹവചനങ്ങളുമായി രംഗത്തുവന്നാല്‍ അതിന്റെ ഫലം പ്രവചനാതീതമാവും. എന്നും സാധാരണക്കാര്‍ക്കൊപ്പം നിന്ന് വേദതത്വത്തിന്റെ ഉള്‍പ്പൊരുളിലേക്ക് അവരെ സൗമ്യമായി നയിക്കുന്ന കാശ്യപാശ്രമ ആചാര്യന് അതിന് തുടക്കമിട്ടതിനെ കലവറയില്ലാതെ പിന്തുണയ്ക്കാന്‍ സമാജം മുന്നോട്ടുവരട്ടെ എന്നാണ് കാലികവട്ടത്തിന് ആശംസിക്കാനുള്ളത്.
ഉപരിപ്ലവമായി ചിന്തിക്കുകയും അതിനനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്താല്‍ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ കട്ടപ്പുകയാവും സ്ഥിതിഗതികള്‍. ദല്‍ഹി ബലാത്സംഗ കേസിലെ നിര്‍ഭയ എന്ന പെണ്‍കുട്ടിയുടെ അനുഭവത്തെ മുന്‍ നിര്‍ത്തി ബി.ബി.സി. ചെയ്ത ഡോക്യുമെന്ററിയാണല്ലോ ഇന്‍ഡ്യാസ് ഡോട്ടര്‍. ഈ സാധനം നാട്ടില്‍ യഥേഷ്ടം പ്രദര്‍ശിപ്പിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നുമാണല്ലോ ഒരുവിധപ്പെട്ട ആളുകളൊക്കെ ആവശ്യപ്പെടുന്നത്. എന്നാല്‍ അതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയും അജണ്ടയുമുണ്ടെന്ന് വിശകലനം ചെയ്ത് വെളിപ്പെടുത്തുന്നു ആചാര്യ എം.ആര്, രാജേഷ്. ആശ്രമത്തിന്റെ തീര്ഥപ്രസാദമായ ഹിരണ്യ മാസിക (ഏപ്രില്‍) യില്‍ ബ്രാന്‍ഡിങ് ഇന്ത്യ എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ ലേഖനം നൂറുവട്ടം വായിക്കണം നടേ പറഞ്ഞ വിദ്വാന്മാര്. 2030 ഓടെ ലോകത്തില്‍ സാമ്പത്തിക ഭദ്രതയുള്ള ഏറ്റവും ശക്തമായ മൂന്നു രാജ്യങ്ങളില്‍ ഒന്ന് ഭാരതമായിരിക്കുമെന്ന് 2012 ഡിസംബര്‍ 12 ന് അമേരിക്ക പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ ഓഫ് അമേരിക്കയാണ് റിപ്പോര്‍ട്ട് പുറത്തൂവിട്ടത്. അമേരിക്കയെ അസ്വസ്ഥപ്പെടുത്താന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം. അങ്ങനെയെങ്കില്‍ അത് തകര്‍ക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് അവര്‍ നിശ്ചയിച്ചു. അമേരിക്കയിലെ രാഷ്ട്ര തന്ത്രജ്ഞനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജോണ്‍ ഓഫ് കെന്നഡി സ്കൂളിന്റെ ഡീനുമായ ജോസഫ് സാമുവല്‍ നൈയെ മുന്‍ നിര്‍ത്തി അമേരിക്ക അതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചുകഴിഞ്ഞു. ഹാര്‍ഡ്, ന്യൂക്ലിയര്‍ ശക്തികളെക്കാള്‍ ലോകം കീഴടക്കാന്‍ കഴിയുക ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റികള്‍ പോലുള്ള സ്ഥാപനങ്ങളെകൊണ്ടും കൊക്കകോളകൊണ്ടും സോഫ്റ്റ്വെയര് കൊണ്ടുമാണെന്ന് നാം തിരിച്ചറിയണമെന്ന് സാമുവല്‍ നൈ അമേരിക്കയെ ഉപദേശിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഭാരതത്തിലൊന്നാകെ സോഫ്റ്റ് പവര്‍ എന്ന കാഴ്ചപ്പാട് നടപ്പാക്കിത്തുടങ്ങി.
പരമാവധി സോഷ്യല്‍ സൈറ്റുകള്‍, ഇന്റര്‍നെറ്റ്, വൈഫൈ, വാട്സ് ആപ്, ട്വീറ്റ് എന്നിവയൊക്കെ അടുത്തിടെ കൂടുതല്‍ ചര്‍ച്ചാവിഷയമാവുകയും ജനങ്ങള്‍ അതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തുകയും ചെയ്തു തുടങ്ങി. ഇതെന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള മറുപടിയാണ് നേരത്തെ സൂചിപ്പിച്ച സാമുവല്‍ നൈയുടെ സിദ്ധാന്തം. സോഫ്റ്റ് പവര്‍ + ഹാര്‍ഡ് പവര്‍ = സ്മാര്‍ട്ട് പവര്‍ എന്നാണത്. ഭാരതം ഇങ്ങനെ സ്മാര്‍ട്ട് പവറില്‍ അധിശത്വം നേടിയാല്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആകാശം നോക്കിയിരിക്കേണ്ടിവരും. അങ്ങനെയെങ്കില്‍ അതിന് തടയിടുന്നതെങ്ങനെ? സോ സിമ്പ്ള്‍. ആചാര്യ രാജേഷ് ചൂണ്ടിക്കാട്ടുന്നത് നോക്കുക: ‘ബ്രാന്റിങ് ഇന്ത്യ’ എന്ന പദ്ധതിയെ തടയിടാനും വിദേശ നിക്ഷേപങ്ങള്‍ ഇല്ലാതാക്കാനും ഏറ്റവും നല്ല വഴികള്‍ ഒരു രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം പാടേ മലീമസമായി ചിത്രീകരിക്കുക എന്നതാണ്. വാസ്തവത്തില്‍ ന്യൂദല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയോടുള്ള സഹതാപമോ അനുതാപമോ ആയിരുന്നില്ല ബി.ബി.സിയുടെ ഡോക്യുമെന്ററിയുടെ പിന്നാമ്പുറം. ഭാരതാംബ എന്നു പറയുന്ന, യത്രനാര്യസ്തുപൂജ്യന്തേ രമന്തേ തത്രദേവതാ എന്നുദ്ഘോഷിക്കുന്ന സാംസ്കാരിക ധാരയെ മലീമസപ്പെടുത്തുക മാത്രമായിരുന്നു. നിരന്തരം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും വേട്ടക്കാര്‍ സുഖമായി ഇരകള്ക്കുമേല് വിജയം നേടുകയും ചെയ്യുന്ന ബ്രിട്ടണ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാണാന്‍ ബിബിസിക്ക് സാധിച്ചില്ല എന്നതാണ് വസ്തുത. ഇതിനെക്കുറിച്ച് തരിമ്പും വെളിവില്ലാത്ത നമ്മുടെ രാജ്യത്തെ ബുദ്ധിജീവികളും ഡോക്യുമെന്ററിക്കുവേണ്ടി വാദിച്ചു എന്നിടത്താണ് വാസ്തവത്തില്‍ അമേരിക്കയുടെ ജയം. ഭാരത വിരുദ്ധ ക്ലബിന്റെ നായികയായ ഹിലാരി ക്ലിന്റണും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്നു നടത്തുന്ന സാംസ്കാരിക തട്ടപ്പിനെക്കുറിച്ച് ആചാര്യന് യുക്തി സഹമായി വിശകലനം ചെയ്യുന്നുണ്ട് ലേഖനത്തില്‍. അവസാനിപ്പിക്കും മുമ്പ് രണ്ടുവരികൂടി. ലോകപ്പോലീസ് എന്ന ആലങ്കാരിക വിളിയില്‍ അഭിമാനിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനപരേഡില്‍ മുഖ്യാതിഥിയായി ഇവിടെയെത്തിയപ്പോള്‍ സല്യൂട്ടടിക്കാനും പരേഡ് നയിക്കാനും നിയുക്തയായത് ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ രാജസ്ഥാന്‍കാരി വിംഗ് കമാന്‍ഡര്‍ പൂജാ ഠാക്കൂറായിരുന്നു. ഒബാമയുടെ കണ്ണില്‍ നോക്കി, ദാ ഇന്ത്യക്കാരിയെന്ന നിലയില്‍ എന്റെ രാജ്യത്തിന്റെ അഭിവാദ്യം എന്ന് പറഞ്ഞതിന്റെ ഞെട്ടല്‍ അന്നും ഇന്നും അമേരിക്കക്കുണ്ട്. ലോകം കണ്ട ആ അഭിമാന നിമിഷത്തെ തകര്‍ക്കാനുള്ള ഏറ്റവും പുതിയ ആയുധമായി മാറുകയായിരുന്നു ഇന്ത്യാസ് ഡോട്ടര്‍ ഡോക്യുമെന്ററി. ചിന്തയ്ക്ക് കരുത്തു തരുന്ന ആ ഒറ്റ ലേഖനം മതി കാശ്യപാശ്രമത്തിന്റെ സാംസ്കാരിക വിശുദ്ധിയറിയാന്.
തൊട്ടുകൂട്ടാന്‍
അക്ഷരത്തെറ്റുകള്‍ പോലേയളന്നിടും
പ്ലാസ്റ്റിക്കരിയും വിഷമാമ്പഴവുമായ്
ഞങ്ങളൊരുക്കിവയ്ക്കുന്ന
വിഷുക്കണി
ഒന്നു കണ്ടോളൂ, വരൂ മലയാളമേ !
എസ്. രമേശന് നായര്‍
കവിത: മലയാളക്കണി
കലാകൗമുദി (ഏപ്രില്‍ 19)
പ്രതികരിക്കാൻ ഇവിടെ എഴുതുക: